സഹകരണം ഊട്ടിയുറപ്പിക്കാൻ യുഎഇ പ്രസിഡന്റ് റിയാദിൽ
Mail This Article
റിയാദ്∙ ജിസിസി ആസിയാൻ സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റിയാദിൽ എത്തി. സാമ്പത്തിക, നിക്ഷേപ, വികസന, രാഷ്ട്രീയ രംഗങ്ങളിൽ ആസിയാൻ രാജ്യങ്ങളും ജിസിസി രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വിവിധ മേഖലകളിൽ സഹകരണത്തിന്റെ പുതിയ അധ്യായമായി സമ്മേളനത്തെ വിശേഷിപ്പിക്കാമെന്നു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. വരും കാലങ്ങളിൽ മികച്ച സഹകരണം എന്ന പൊതുബോധ്യമാണ് സമ്മേളന പ്രതിനിധികളെ നയിക്കുന്നത്. അടുത്ത നാലുവർഷത്തെ രാഷ്ട്രീയ, സാമ്പത്തിക, വ്യാവസായിക, നിക്ഷേപ മേഖലയിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിനുള്ള കർമ പദ്ധതി സമ്മേളനം രൂപപ്പെടുത്തും.
യുഎഇയും ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടു. വരും നാളുകളിൽ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തും. ഭക്ഷ്യ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഊർജം ക്ഷാമം, ഭക്ഷ്യക്ഷാമം, കാലാവസ്ഥാ വ്യതിയാനം, മഹാമാരി, യുദ്ധം, തർക്കം തുടങ്ങിയ വലിയ വെല്ലുവിളികളെയാണ് ലോകം നേരിടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ രാജ്യാന്തര സഹകരണത്തിലാണ് യുഎഇ വിശ്വസിക്കുന്നത്. വിശ്വാസം ഊട്ടി ഉറപ്പിക്കാനും തർക്കങ്ങൾ പരിഹരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും നയതന്ത്രവും ചർച്ചകളുമാണ് ഫലപ്രദമായ വഴിയെന്നും അദ്ദേഹം പറഞ്ഞു.
മേഖല യുദ്ധത്താൽ കലുഷിതമായ സാഹചര്യത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. സാധാരണ മനുഷ്യരുടെ മരണവും പരുക്കും ഓരോ ദിവസവും വർധിക്കുന്നു. എത്രയും വേഗം വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും ഷെയ്ഖ് മുഹമ്മദ് അഭ്യർഥിച്ചു. സാധാരണക്കാരുടെ ജീവനു സംരക്ഷണം ഉറപ്പാക്കാൻ തയാറാകണം. ഗാസയിൽ പരുക്കേറ്റവർക്കും പാർപ്പിടം നഷ്ടപ്പെട്ടവർക്കും സഹായം എത്തിക്കാൻ സുരക്ഷിത ഇടനാഴി തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാൻ എല്ലാ രാജ്യങ്ങളുടെയും യോജിച്ചുള്ള പ്രവർത്തനവും ഷെയ്ഖ് മുഹമ്മദ് അഭ്യർഥിച്ചു.
നേരത്തെ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഷെയ്ഖ് മുഹമ്മദിനെ സ്വീകരിച്ചു. സമ്മേളനത്തിലേക്കു ക്ഷണിച്ചതിനു സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിനുള്ള പ്രത്യേക നന്ദി യുഎഇ പ്രസിഡന്റ് സമ്മേളനത്തിൽ അറിയിച്ചു. അബുദാബി ഉപഭരണാധികാരി ഷെയ്ഖ് തഹ്നൗൻ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യമന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി ജനറൽ അലി മുഹമ്മദ് ഹമ്മദ് അൽ ഷാംസി, നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് എന്നിവരും യുഎഇ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.