കരാമയിൽ കഞ്ഞിയാണ് താരം! ; ‘അൽ കഞ്ഞി’ യിലേക്ക് വളർന്ന് മലയാളിയുടെ സ്വന്തം കഞ്ഞി
Mail This Article
കരാമ കേവലം ഒരു സ്ഥലമല്ല. യുഎഇയിലെ മലയാളികളുടെ ആഗോള തലസ്ഥാനമാണ്. ഏത് എമിറേറ്റിൽ താമസിച്ചാലും എത്ര അകലെ ജോലി ചെയ്താലും കരാമയിലൊന്നു വന്നു പോകാത്ത മലയാളികളില്ല. കാരണം സിംപിൾ – മലയാളികൾക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു അമ്മയാണത്. നോസ്റ്റാൾജിയ തലയ്ക്കു പിടിച്ചു കറങ്ങി നടക്കുന്ന മലയാളികൾക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്.
നാട്ടിലൊക്കെ മന്തിക്കടകളും അൽഫാം കടകളും കൂണുപോലെ മുളയ്ക്കുമ്പോൾ ഈ അറബി നാട്ടിൽ വളർന്നു പന്തലിക്കുന്നത് കഞ്ഞിക്കടയും കാപ്പിക്കടയും പുഴുക്കു കടകളുമാണ്. നാട്ടിൽ നിൽക്കുമ്പോൾ അറബിക് ഫൂഡ് മയോണൈസിൽ കുഴച്ചടിക്കുന്നവർക്ക് ഇവിടെ വന്നാൽ കുഴിയൻ പിഞ്ഞാണത്തിൽ കഞ്ഞി ഊതിയൂതി കുടിക്കണം. ഒരു പ്രത്യേക തരം സ്വഭാവമാണത്. അത് മറ്റുനാട്ടുകാരെ പരിശീലിപ്പിക്കുകയും ചെയ്യും.
കരാമയിലെ കഞ്ഞിക്കുമുണ്ടൊരു രാഷ്ട്രീയം, അതാരോ വർണിച്ച ‘പൊതിച്ചോറിന്റെ രാഷ്ട്രീയ’മല്ല, അതിരുകളില്ലാതെ ആളുകളെ ചേർത്തു നിർത്തുന്ന രാഷ്ട്രീയം. റസ്റ്ററന്റുകളിൽ സന്ധ്യമയങ്ങുമ്പോൾ കഞ്ഞി തേടിയെത്തുന്നവരിൽ മലയാളികൾ മാത്രമല്ല, ഹിന്ദിക്കാരുണ്ട്, ഇമറാത്തികളുണ്ട്, ഫിലിപ്പീനികളുണ്ട്, ആഫ്രിക്കക്കാരുണ്ട്, അങ്ങനെ ദേശവും ഭാഷയും കടന്നെത്തുന്ന ആരെല്ലാമോ ഉണ്ട്. കഞ്ഞി കുടിക്കാനെത്തുന്നവർ ഇന്റർനാഷനലായപ്പോൾ കഞ്ഞിയും കുറച്ചു ഗ്രേഡു കൂട്ടി. വെറും കഞ്ഞിയെന്നു കഞ്ഞിയെ ആക്ഷേപിക്കുന്നവരോട് ഒരു വാക്ക്, ഈ കഞ്ഞി വെറും കഞ്ഞിയല്ലെന്ന് ഓർത്താൻ നിങ്ങൾക്കു കൊള്ളാം. ഉച്ചയ്ക്കു 11 ദിർഹം കൊടുത്താൽ മീൻ കൂട്ടി ചോറു കിട്ടുമെങ്കിലും രാത്രി കഞ്ഞികിട്ടണമെങ്കിൽ 18 ദിർഹം കുറഞ്ഞതു കയ്യിൽ കരുതണം. നാട്ടിലെ 400 രൂപ !.
ആരാമത്തിലും അരിപ്പയിലും മൺചട്ടിയിലുമെല്ലാമുണ്ട് കഞ്ഞി. കഞ്ഞിക്കു മാത്രമായി ഒരു കഞ്ഞിക്കടയുമുണ്ട്. എത്രയോ തരം കഞ്ഞികൾ ! കുത്തരി കഞ്ഞി, പൊടിയരി കഞ്ഞി, ഉലുവ കഞ്ഞി, ജീരക കഞ്ഞി, തേങ്ങാ പീരയിട്ട കഞ്ഞി, ഓംലെറ്റും വറുത്തമീനും ഉൾപ്പെടുന്ന കോംബോ കഞ്ഞി, പുഴുക്കും ഉണക്കമീനും ചേരുന്ന താലി കഞ്ഞി. സ്വന്തം വളർച്ച കണ്ടു കണ്ണു മഞ്ഞളിച്ച ‘അൽ കഞ്ഞി’യാണിപ്പോൾ ഇവിടത്തെ കഞ്ഞി. സ്ഥിരമായി കഞ്ഞി കുടിക്കുന്നവർക്കിടയിൽ വൈകാതെ വാട്സാപ്പ് ഗ്രൂപ്പു വരും. കാരണം, കഞ്ഞി പാത്രത്തിനു മുന്നിൽ ദിവസവും കണ്ടുമുട്ടുന്നവർ തമ്മിൽ അത്രമേൽ ആത്മബന്ധമുണ്ട്.
ആരാമത്തിലെ കഞ്ഞി കുടിക്കാൻ സ്ഥിരമായി എത്തുന്ന ഗോവക്കാരി ഭാര്യയും മുംബൈക്കാരൻ ഭർത്താവും അവരുടെ എല്ലാ ഇഷ്ടങ്ങളിലും വിഭിന്നരാണ്. കഞ്ഞിക്കൊപ്പമുള്ള ഉണക്കമീനും മീൻകറിയും ഭാര്യ ഭർത്താവിനു നൽകും കാരണം, ഗോവക്കാരിയാണെങ്കിലും അവർ വെജിറ്റേറിയനാണ്. നോൺ വെജ് ഇഷ്ടമാണെങ്കിലും മുംബൈക്കാരൻ ഭർത്താവിന് കഞ്ഞിയോടു താൽപര്യമില്ല. ഭക്ഷണ കാര്യങ്ങളിലെ ഇഷ്ടാനിഷ്ടങ്ങൾ ആ ചൂടു കഞ്ഞിക്കു മുന്നിൽ അലിഞ്ഞില്ലാതാവും. കരാമയിലെ കോഴിക്കോട് സ്റ്റാർ ഹോട്ടലിനു മുകളിലാണ് അവർ താമസിക്കുന്നത്. വീടു തപ്പി വരുന്നവരോട് അവർ ‘കോസിക്കോട്’ സ്റ്റാർ എന്നു പറഞ്ഞു കൊടുക്കുന്നതു കേട്ട് മലയാളികൾ ചിരിക്കും. ഇംഗ്ലീഷിലെ ZH എന്നീ അക്ഷരങ്ങൾ ചേർത്തെഴുതിയാൽ എങ്ങനെയാണ് ‘ഴ’ എന്നു വായിക്കുക എന്നാണ് ആ ചിരിച്ചവരോടുള്ള അവരുടെ മറു ചോദ്യം. അതു പിന്നെ, 26 അക്ഷരങ്ങൾ മാത്രമുള്ള നിങ്ങളുടെ ഇംഗ്ലീഷിന് 51 അക്ഷരങ്ങളുള്ള ഞങ്ങളുടെ മലയാളത്തെ പിടിച്ചാൽ കിട്ടാത്തതിനു ഞങ്ങള് എന്തു ചെയ്യാനാ ചേച്ചി !!