ഭക്ഷണ വിതരണ ജീവനക്കാരന് ദുബായ് ആർടിഎയുടെ ആദരം; വിഡിയോ വൈറല്‍
Mail This Article
ദുബായ് ∙ താഴ്ന്നുകിടന്ന ട്രാഫിക് സിഗ്നൽ ശരിയാക്കാൻ സമയോചിതമായി ഇടപെട്ട ദുബായിലെ ഫൂഡ് ഡെലിവറി ജീവനക്കാരനെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആദരിച്ചു. പാക്കിസ്ഥാനിയായ സീഷാൻ അഹമ്മദ് ഇർഷാദ് അഹമ്മദിന്റെ വിഡിയോ വൈറലാകുകയും ചെയ്തു.
അൽ വാസൽ സ്ട്രീറ്റിൽ നടത്തിയ പ്രവൃത്തിക്ക് ആർടിഎ ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ വ്യക്തിപരമായി സീഷാനെ അഭിനന്ദിച്ചു. യുവാവ് ട്രാഫിക് ലൈറ്റ് ശരിയായി ഘടിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായ പ്രശംസ നേടിയതിനെ തുടർന്നായിരുന്നു ആര്‍ടിഎ ആദരിച്ചത്.
കഴിഞ്ഞ 10 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന സീഷാൻ, യാത്രയ്ക്കിടെ ട്രാഫിക് ലൈറ്റിന്റെ ഒരു ഭാഗം അപകടകരമായി തൂങ്ങിക്കിടക്കുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ മോട്ടോർ ബൈക്ക് റോഡരികിൽ നിർത്തി ട്രാഫിക് ലൈറ്റ് നന്നാക്കി പൂർവസ്ഥാനത്ത് ഘടിപ്പിച്ച് സിഗ്നൽ സുരക്ഷിതമാക്കി. എണ്ണമറ്റ വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതുവഴി ചെയ്തത്. സീഷാൻ അറിയാതെ ഇൗ പൊതുസേവനം യാത്രക്കാരിലാരോ പകർത്തുകയും അത് സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്തതോടെയാണ് വൈറലായത്.