ADVERTISEMENT

അബുദാബി∙ മതസൗഹാർദത്തിന്‍റെയും സഹിഷ്ണുതയുടെയും കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്‍റെ കവാടം സമൂഹ നോമ്പുതുറയ്ക്കായി വീണ്ടും തുറന്നതിൽ ആഹ്ലാദവുമായി യുഎഇയിലെ പ്രവാസികൾ.  കോവിഡ് മഹാമാരി മൂലം നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗ്രാൻഡ് മോസ്ക് വീണ്ടും ഇഫ്താർ വിരുന്നൊരുക്കുന്നത്. ജാതിമത ഭേദമന്യെ ദിവസേന പതിനായിരങ്ങളാണ് ഇവിടെ നോമ്പുതുറക്കാനെത്തുന്നത്. ദിവസേന 18,000 ഇഫ്താർ പാക്കറ്റുകളാണ് ഇവിടെ വിതരണം ചെയ്തുവരുന്നത്. വാരാന്ത്യങ്ങളിൽ എണ്ണം കൂടും. ഇതിനു പുറമെ വ്യവസായ മേഖലയായ ഐകാർഡ് ഉൾപ്പെടെ വിവിധ ലേബർ ക്യാംപുകളിലായും ഇഫ്താർ പായ്ക്കറ്റുകളും വിതരണം ചെയ്തുവരുന്നു. മൊത്തം നാൽപതിനായിരത്തോളം ഇഫ്താർ പായ്ക്കറ്റുകൾ നൽകിവരുന്നു.  ഗ്രാൻഡ് മോസ്കിൽ കുടുംബമായി ഒത്തുചേർന്നവർക്കും ലേബർ ക്യാംപിലെ തൊഴിലാളികൾക്കും നൽകിവരുന്നത് വിഭവസൃദ്ധമായ ഭക്ഷണം.

ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഏകോദര സഹോദരന്മാരെ പോലെ ഇവിടെ ഇഫ്താറിൽ ഒന്നിക്കുന്ന കാഴ്ച പ്രത്യേക അനുഭൂതിയാണ് അതിഥികൾക്കും ആതിഥേയർക്കും സമ്മാനിച്ചത്. മിതമായ കാലാവസ്ഥയിൽ ഗ്രാൻഡ് മോസ്ക് അങ്കണത്തിനു ചുറ്റും പാർക്കിങിലും റോഡിലുമെല്ലാം സാഹോദര്യത്തിന്‍റെ പായ വിരിച്ചാണ് നോമ്പുതുറ. വൈകി എത്തി ഇഫ്താർ പായ്ക്കറ്റ് കിട്ടാത്തവരെ കൂടെ കൂട്ടി പങ്കുവയ്ക്കലിന്‍റെ പാഠം പ്രാവർത്തികമാക്കുകയായിരുന്നു സന്ദർശകർ. കഴിച്ചിട്ടും തീരാത്ത ആഹാരം കളയാതെ വീട്ടിലേക്കു കൊണ്ടുപോകുന്നവരുമുണ്ട്.

ഈന്തപ്പഴം, വെള്ളം, ജ്യൂസ്, തൈര്, ആപ്പിൾ, സാലഡ്, ബിരിയാണി, പച്ചക്കറികൊണ്ടുള്ള കറി എന്നിവയടക്കം വിഭവ സമൃദ്ധമായ സദ്യകൊണ്ട് സന്ദർശകരുടെ വയറും മനസും നിറച്ചു. ആ സുന്ദര മുഹൂർത്തം ഫ്രെയിമിലാക്കിയവരും ഏറെ. സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ചിലർ. ധനികനും ദരിദ്രനും കറുത്തവനും വെളുത്തവനും പണ്ഡിതനും പാമരനുമെല്ലാം ഒരേ പായയിലിരുന്ന് പങ്കുവയ്ക്കലിന്‍റെ പുണ്യം രുചിച്ചറിഞ്ഞു. സാധാരണ ദിവസങ്ങളിൽ 18000 പായ്ക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. വാരാന്ത്യങ്ങളിൽ എണ്ണംകൂടും.

അബുദാബിയിൽ വൈകിട്ട് 6.34നുള്ള ഇഫ്താറിനായി 4 മണിയോടെ തന്നെ ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മണിക്കൂറുകളുടെ കാത്തിരിപ്പ് ആരെയും മുഷിപ്പിച്ചില്ല. നോമ്പുതുറന്ന ശേഷം മുസ്‍ലിംകൾ മഗ്‍രിബ് നമസ്കാരം നിർവഹിച്ചാണ് മടങ്ങിയത്. ഇതര മതസ്ഥർ ഇഫ്താറിനുശേഷം കൃതജ്ഞതയോടെ മടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധ സേവകരുമടക്കം ആയിരത്തിലേറെ പേരുടെ മേൽനോട്ടത്തിലാണ് യുഎഇയിലെ ഏറ്റവും വലിയ നോമ്പുതുറയെ സുഗമമാക്കുന്നത്. സര്‍ക്കാര്‍ സന്നദ്ധ സംഘടനകളും മതകാര്യവുകുപ്പും ചേർന്നാണ് ഇഫ്താർ വിരുന്നൊരുക്കിയത്.

പണ്ടൊരിക്കൽ ഗ്രാൻഡ് മോസ്കിൽ കുടുംബസമേതം ഇഫ്താറിനെത്തിയപ്പോൾ പുരുഷന്മാരും സ്ത്രീകളും വെവ്വേറെ ടെന്‍റുകളിലായിരുന്നു. ഇത്തവണ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഒന്നിച്ചിരുന്ന് നോമ്പുതുറക്കാനായത് ഇരട്ടിമധുരം സമ്മാനിച്ചതായി കൊല്ലം ഓച്ചിറ സ്വദേശി റിയാദ് പറഞ്ഞു.ജാതി, മതഭേദമന്യെ എല്ലാവരെയും ഒരുപോലെ പരിഗണിച്ച് ഒന്നിച്ചിരുത്തുകയും ഒട്ടേറെ തിരക്കുണ്ടായിട്ടും വരുന്നവരോടെല്ലാം സൗമ്യമായി പെരുമാറി സന്തോഷത്തോടെ നോമ്പു തുറക്കാൻ അവസരമൊരുക്കിയത്  വയറും മനസ്സും നിറച്ചതായി ആലപ്പുഴ ഹരിപ്പാട് സ്വദേശിയും അബുദാബിയിൽ അധ്യാപികയുമായ സുമി റിയാദ് പറഞ്ഞു.

English Summary:

Community observes fast at Sheikh Zayed Grand Mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com