കലയുടെ കാലം ലൂവ്റ് മ്യൂസിയം വിളിക്കുന്നു; 50 ലക്ഷം കടന്ന് സന്ദർശകർ
Mail This Article
അബുദാബി ∙ പുതിയ കലാസൃഷ്ടികളുടെ കലവറയൊരുക്കി 2017ൽ തുറന്ന ലൂവ്റ് അബുദാബി മ്യൂസിയം ഇതുവരെ സന്ദർശിച്ചത് 50 ലക്ഷത്തിലേറെപ്പേർ. 2023ൽ മാത്രം 12 ലക്ഷം അതിഥികൾ എത്തിയിരുന്നു. ആഗോള കലാസൃഷ്ടികളുടെ ശേഖരം വർധിപ്പിക്കുന്നതോടൊപ്പം പുതിയ പ്രദർശനങ്ങൾ, കുട്ടികളുടെ മ്യൂസിയം, വിദ്യാഭ്യാസ പരിപാടികൾ എന്നിവയെല്ലാം സന്ദർശകരുടെ വരവിന് ആക്കം കൂട്ടി.
റഷ്യ, ഇന്ത്യ, ഫ്രാൻസ്, യുഎസ്, ചൈന, ജർമനി, ഇറ്റലി, കസാക്കിസ്ഥാൻ, യുകെ എന്നീ രാജ്യക്കാരാണ് സന്ദർശകരിൽ 72 ശതമാനവും. ശേഷിക്കുന്നവർ സ്വദേശികൾക്കു പുറമേ രാഷ്ട്രത്തലവന്മാർ, മന്ത്രിമാർ, സ്ഥാനപതിമാർ, രാജ്യാന്തര കലാകാരന്മാർ, ലോകപ്രശസ്ത സെലിബ്രിറ്റികൾ എന്നിവർ ഉൾപ്പെടെ അഞ്ഞൂറിലേറെ വിശിഷ്ട വ്യക്തികളും സന്ദർശിച്ചു.
യുഎഇയിലെ സ്വദേശികൾക്കും വിദേശികൾക്കും വിനോദസഞ്ചാരികൾക്കും അസാധാരണ അനുഭവം സമ്മാനിക്കുന്നതാണ് മ്യൂസിയമെന്ന് അബുദാബി കൾചർ ആൻഡ് ടൂറിസം വകുപ്പ് അണ്ടർസെക്രട്ടറി സൗദ് അബ്ദുൽ അസീസ് അൽ ഹൊസാനി പറഞ്ഞു. വൈവിധ്യമാർന്ന നാഗരികതകളുടെയും കലാപാരമ്പര്യങ്ങളുടെയും നേർക്കാഴ്ച സന്ദർശകർക്കു സമ്മാനിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് ലൂവ്റ് അബുദാബി ഡയറക്ടർ മാനുവൽ റബാറ്റെ പറഞ്ഞു. 6 വർഷത്തിനിടെ 50 ലക്ഷത്തിലേറെ സന്ദർശകർ എന്നത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും പറഞ്ഞു.