സന്നദ്ധസേവകരായി യുഎഇയിലെ മലയാളി വാട്സാപ് കൂട്ടായ്മ: ഒറ്റ സന്ദേശം, സഹായിക്കാൻ 5000 സുമനസ്സുകൾ
Mail This Article
ദുബായ് ∙ ദുരന്തം വന്നാൽ ആശ്വാസകരം നീട്ടാൻ മലയാളിയുണ്ടാകും ഏതു ദേശത്തും. ചരിത്രത്തിലെ ഏറ്റവും വലിയ മഴയെ നേരിട്ട യുഎഇയിൽ ഊണും ഉറക്കവും ഉപേക്ഷിച്ചു സന്നദ്ധ പ്രവർത്തനത്തിലാണ് മലയാളികൾ. ഭക്ഷണവും വെള്ളവും നൽകുന്നതിൽ തുടങ്ങി എയർ പോർട്ടിൽ കുടുങ്ങിയവരെ വീട്ടിലെത്തിക്കാനും വീട്ടിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനുംകൈ മെയ് മറന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഇവർ രംഗത്തുണ്ട്.
ചെറിയ വാട്സാപ് കൂട്ടായ്മയിൽ തുടങ്ങിയ പ്രവർത്തനം ഇന്ന് വിവിധ എമിറേറ്റുകളിലെ ദുരന്ത നിവാരണ സേനയായി വളർന്നു. മുനീർ അൽ വഫ എന്ന മലയാളിയുടെ വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇവരിൽ ഭൂരിഭാഗവും. ഒരു ഗ്രൂപ്പിൽ തുടങ്ങി ഇന്ന് 7 ഗ്രൂപ്പായി വളർന്നു. മൊത്തം 5000 അംഗങ്ങൾ. പരസ്പരം അറിയില്ലെങ്കിലും സഹായം വേണമെന്ന സന്ദേശത്തോട് അടുത്ത നിമിഷം പ്രതികരണം എത്തിയിരിക്കും. പത്തനംതിട്ട പ്രമാടം സ്വദേശി അഞ്ജന അനീഷിന്റെ മൊബൈൽ ഫോൺ ഇന്ന് ഒരു കൺട്രോൾ റൂമാണ്. ഷാർജ മുവെയ്‌ലയിൽ പ്രളയക്കെടുതി രൂക്ഷമായ മേഖലയിൽ ഇന്ന് അഞ്ജനയുടെ നമ്പർ എല്ലാവർക്കുമറിയാം.
ആവശ്യങ്ങൾ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു. കെടുതി രൂക്ഷമായതോടെ ആദ്യ സന്ദേശമെത്തി, മുവെയ്‌ല ഭാഗത്ത് അടിയന്തരമായി ഭക്ഷണം വേണം. അഞ്ജന വാട്സാപ്പിൽ ഇട്ട മെസേജിനോട് ഒരു മണിക്കൂറിൽ പ്രതികരിച്ചത് 5 സ്ത്രീകൾ. അവർ തയാറാക്കിയത് 60 ഭക്ഷണപ്പൊതികൾ. ഗ്രീഷ്മ അഷറഫ്, ഫാത്തിമ നിഷ, മിൽമി മരിയ ജോസ്, ക്ലിമ്യ രാഹുൽ, രഞ്ജുഷ രാജൻ എന്നിവർ എത്തിച്ച ഭക്ഷണം ദുരിതത്തിൽ കഴിയുന്നവരുടെ അടുത്തേക്ക് പാഞ്ഞു.
മൂനീറിനൊപ്പം രാജീവ് പിള്ള, മുഹമ്മദ് അസ്‌ലം, ജസീർ കോറോത്ത്, ശ്രീനേഷ് മറ്റത്തിൽ, സജിത്ത്, സുബൈൽ അബ്ദുല്ല, തൽഹാത്ത് കെ. അബ്ദുല്ല എന്നിവരും നേതൃനിരയിലുണ്ട്. ഷാർജയിൽ ഫ്ലാറ്റിൽ കുടുങ്ങിയ മലയാളി കുടുംബത്തിനു ബന്ധു വീട്ടിലേക്കു മാറണം. പുറത്തിറങ്ങാൻ സാധിക്കുന്നില്ല. സന്ദേശം ലഭിച്ചത് ഓഫ് റോഡ് റൈഡേഴ്സ് ഗ്രൂപ്പിലെ ഇർഷാദിന്. വീടുമാറാൻ തയാറാകാൻ ഇർഷാദ് നിർദേശിച്ചു. ഫ്ലാറ്റിന്റെ പരിസരത്ത് കഴുത്തറ്റം വെള്ളം. വാഹനം അകലെ നിർത്തി ഇർഷാദും സംഘവും ഫ്ലാറ്റിലെത്തി. വീട്ടിലുണ്ടായിരുന്നു മുഴുവൻ പേരെയും പുറത്തെത്തിച്ച് സുരക്ഷിതമായി ബന്ധുവിന്റെ ഫ്ലാറ്റിലാക്കി. രണ്ടു ദിവസമായി വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തെയാണ് ഇവർ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം റോഡിലെ വെള്ളക്കെട്ടിൽ മുങ്ങിത്താണ വാഹനത്തിന്റെ സൺറൂഫ് പൊട്ടിച്ചു വാഹനത്തിലുള്ളവരെ രക്ഷിച്ചതും ഇതേ സംഘം തന്നെ. വിശ്രമമില്ലാതെ ഓട്ടത്തിലാണിവർ, ഓരോ വിളിക്കും കാതോർത്ത്. 2018ൽ കേരളം കൈകോർത്തു നേടിയ അതിജീവനത്തിന്റെ അതേ വഴിയിലാണ് പ്രവാസ ലോകത്തെ മലയാളികളും. കടകളിൽ കുടിവെള്ളത്തിനു ക്ഷാമം നേരിട്ടപ്പോൾ അടുത്ത എമിറേറ്റുകളിൽ പോയാണ് ആവശ്യമായ സാധനങ്ങൾ ഇവർ സംഭരിക്കുന്നത്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ, വാങ്ങാതെ അവർ സേവനം തുടരുന്നു.