റാസൽഖൈമയിൽ മലവെള്ളപ്പാച്ചിലിൽ റോഡിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി; യുഎഇയിൽ വിമാന സർവീസിൽ നിയന്ത്രണങ്ങൾ
Mail This Article
ദുബായ് ∙ കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയുടെ ആശങ്ക മാറും മുൻപേ യുഎഇയിൽ വീണ്ടും വ്യാപകമായി മഴ പെയ്തെങ്കിലും നാശനഷ്ടങ്ങളില്ല. 13 വിമാനങ്ങൾ റദ്ദാക്കി. 9 എണ്ണം ദുബായിലേക്കുള്ളതും നാലെണ്ണം ദുബായിൽ നിന്നു പുറപ്പെടാനുള്ളവയുമായിരുന്നു. 5 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസ് വൈകിയേക്കുമെന്ന് ഇന്ത്യൻ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകിയെങ്കിലും ഇതുവരെ കാര്യമായ മാറ്റം പ്രഖ്യാപിച്ചിട്ടില്ല. റാസൽഖൈമ അൽഷുഹാദയിൽ മലവെള്ളപ്പാച്ചിലിൽ എമിറേറ്റ്സ് റോഡിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി. ഉമ്മുൽഖുവൈനിൽ ചില റോഡുകൾ പൊലീസ് അടച്ചു. മഴക്കെടുതികൾ ഏറ്റവും രൂക്ഷമായി ബാധിച്ച ഷാർജയിൽ ബുധനാഴ്ച മുതൽ രക്ഷാപ്രവർത്തകർ വൻതോതിൽ അണിനിരന്നിരുന്നു.
ദുബായിലെ ബീച്ചുകളും പാർക്കുകളും മാർക്കറ്റുകളും പകൽ അടച്ചെങ്കിലും വൈകുന്നേരത്തോടെ തുറന്നു. ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകിയതിനാൽ ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിച്ചു കൂട്ടി. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് സർക്കാർ, സ്വകാര്യ കമ്പനികൾ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നു. സ്കൂളുകളും ഓൺലൈൻ പഠനത്തിലേക്കു മാറി.
റോഡുകളിൽ തിരക്ക് കുറവായിരുന്നു. വെള്ളക്കെട്ടിനു സാധ്യതയുള്ള റോഡുകളിലേക്ക് വാഹനം അനുവദിച്ചില്ല. ഇന്നലെ ഉച്ചയോടെ അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിൽ മഴ മാറി വെയിൽ തെളിഞ്ഞു. ഇന്നും മഴ തുടരുമെങ്കിലും ശക്തമാകില്ലെന്നാണു കാലാവസ്ഥാ പ്രവചനം. സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിലും മഴയുണ്ടായി. ഇന്ന് മഴമേഘങ്ങൾ ഒമാൻ തീരത്തോട് അടുക്കും.