അബ്ദുൽ റഹീമിന്റെ മോചനം ഉടൻ?; നിയമപരമായുള്ള കാര്യങ്ങള് പൂർത്തിയാക്കി സഹായ സമിതി
Mail This Article
റിയാദ് ∙ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി അറിയിച്ചു.
ഇന്ത്യൻ എംബസി ഗവർണറേറ്റിന് നൽകിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കും, കൊല്ലപ്പെട്ട അനസിന്റെ കുടുംബ അറ്റോർണി ഗവർണറേറ്റിലെത്തി ഒപ്പ് വച്ച അനുരഞ്ജന കരാറും മറ്റ് രേഖകളും അവധിക്കു മുമ്പുള്ള അവസാന പ്രവർത്തി ദിവസമായ തിങ്കളാഴ്ച കോടതിയിൽ എത്തിയതായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂർ പറഞ്ഞു. പെരുന്നാൾ അവധി കഴിഞ്ഞു കോടതി തുറന്നാൽ ഉടൻ കോടതി നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സമതി വിലയിരുത്തി. കോടതി കേസ് പരിഗണിക്കുന്ന ദിവസം തന്നെ ഇരുപക്ഷത്തെയും അഭിഭാഷകരോടും ഹാജരാകാൻ ആവശ്യപ്പെടും.
തുടർന്ന് വധശിക്ഷ റദ്ദ് ചെയ്യുന്ന വിധിയാണ് ആദ്യമുണ്ടാകുക. അത് കഴിഞ്ഞാൽ മോചന ഉത്തരവിൽ കോടതി ഒപ്പ് വെക്കുമെന്നാണ് കരുതുന്നത്. കേസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുരോഗതി റഹീമിനെ അതാത് സമയത്ത് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അറിയിക്കുന്നുമുണ്ട്. ഇത് വരെയുള്ള കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം ബത്ഹ ഡിപാലസിൽ സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി ചേർന്നു.
സമിതി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷനായ യോഗത്തിൽ ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ പ്രസംഗിച്ചു. കേസിന്റെ ഇത് വരെയുള്ള പുരോഗതിയും തുടർന്നുണ്ടാകാൻ പോകുന്ന കോടതി നടപടികളെ കുറിച്ചും സിദ്ധിഖ് തുവ്വൂർ, സഹായസമിതി വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർ വിശദീകരിച്ചു.
കേസുമായ് ബന്ധപ്പെട്ട് നാളിതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് ട്രഷറർ സെബിൻ ഇഖ്ബാൽ അവതരിപ്പിച്ചു. കോഓർഡിനേറ്റർ ഹർഷദ് ഫറോക്, കുഞ്ഞോയി കോടമ്പുഴ,മൊഹിയുദ്ധീൻ ചേവായൂർ, ഷമീം മുക്കം,നവാസ് വെള്ളിമാട് കുന്ന്,സുധീർ കുമ്മിൾ എന്നിവർ പങ്കെടുത്തു.