ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചെന്ന് റിപ്പോർട്ട്. അൻപതിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ‌ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ 25 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരമുമടക്കം ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണു സൂചന. മരണസംഖ്യ കൂടിയേക്കാം. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ, മലയാളികൾ ഉൾപ്പെടെ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.

തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ പറഞ്ഞു. കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവസ്ഥലം പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. അപകടത്തിൽപെട്ടവർ‌ക്ക് സഹായവുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ നിർദേശം

തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിൽനിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തും.

ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് അപകട സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. ഒരു റസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികളെ കുത്തിനിറയ്ക്കുന്ന ഇത്തരം നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയതായും ഷെയ്ഖ് ഫഹദ് കൂട്ടിച്ചേർത്തു.

കുവൈത്തിലെ അപകടം ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. 50 ലേറെപ്പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘‘കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ക്യാംപിലേക്കു പുറപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു. എംബസിയുടെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളുമുണ്ടാകും’’– ജയശങ്കർ എക്സിൽ അറിയിച്ചു.

English Summary:

Fatal Fire Incident in Kuwait City: Death Toll May Rise as Injured Flood Hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com