അർജന്റീനയോട് നാണംകെട്ടതിനു പിന്നാലെ പരിശീലകനെ പുറത്താക്കി ബ്രസീൽ; സൂപ്പർ കോച്ച് വരും?

Mail This Article
സാവോപോളോ∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് നാണംകെട്ട തോൽവി വഴങ്ങിയതോടെ പരിശീലകൻ ഡോറിവൽ ജൂനിയറിലെ പുറത്താക്കി ബ്രസീൽ ഫുട്ബോൾ ടീം. അർജന്റീന 4–1നാണ് ബ്രസീലിനെ തകർത്തുവിട്ടത്. സൂപ്പർ താരം ലയണൽ മെസിയില്ലാതെ ഇറങ്ങിയിട്ടും അർജന്റീന ഇത്ര വലിയ വിജയം നേടിയത് ബ്രസീൽ ആരാധകരെ ഞെട്ടിച്ചു. ഇതോടെയാണ് ഡോറിവലിന്റെ സ്ഥാനം തെറിച്ചത്.
ബ്രസീലിന് ഇതുവരെ ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. ലാറ്റിൻ അമേരിക്കൻ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ബ്രസീല്‍ ഉള്ളത്. അർജന്റീന, ഇക്വഡോർ, യുറഗ്വായ് ടീമുകൾക്കു പിന്നിലാണ് ബ്രസീലിന്റെ സ്ഥാനം. ജൂൺ നാലിന് ഇക്വഡോറിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അതിനു മുൻപ് പുതിയ പരിശീലകനെ ബ്രസീൽ പ്രഖ്യാപിക്കും. റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ ബ്രസീൽ പരിശീലക സ്ഥാനത്തേക്കു പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
2024 ജനുവരിയിലാണ് ഡോറിവൽ ജൂനിയർ ബ്രസീലിന്റെ പരിശീലകനായി ചുമതലയേറ്റത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തകര്‍ത്തു തുടങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ ടീമിനു പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. കോപ്പ അമേരിക്കയിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി. ഡോറിവൽ ജൂനിയറിനു കീഴിൽ കളിച്ച 16 മത്സരങ്ങളിൽ ഏഴു വിജയങ്ങൾ മാത്രമാണു ബ്രസീലിനുള്ളത്.