ADVERTISEMENT

അബുദാബി ∙ ഗുരുതര രോഗം ബാധിച്ച് കിടപ്പിലായ മറ്റൊരു മലയാളി കൂടി ഇന്ത്യൻ എംബസിയുടെ കാരുണ്യത്തിൽ ഇന്നു നാട്ടിലേക്ക്. അബുദാബിയിൽ ഷെഫ് ആയി ജോലിക്കെത്തിയ പുനലൂർ കുറുവൻതാവളം സ്വദേശി സിബിമോനെയാണ് ഇന്നു നാട്ടിൽ എത്തിക്കുന്നത്. ഡോക്ടറും നഴ്സും ഭാര്യ അപർണയും സിബിമോനെ അനുഗമിക്കും.

ഫെബ്രുവരിയിലാണ് സിബിമോൻ അബുദാബിയിൽ എത്തിയത്. മാർച്ചിൽ തന്നെ എമിറേറ്റ്സ് പ്ലാസയിലുള്ള ത്രിവേണി ഹോട്ടലിൽ ജോലിക്കു കയറി. വൈകാതെ കടുത്ത നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ സിബിമോന് ഗുരുതര ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തി. 5 മാസത്തോളമായി അബുദാബി ക്ലിവ്‍ലൻഡ് ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. ഇതിൽ ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലും. 38കാരനായ സിബിമോനെ പരിചരിക്കാൻ ഭാര്യ അപർണയെ അബുദാബിയിൽ എത്തിച്ചിരുന്നു.

ഹൃദയം മാറ്റിവയ്ക്കാനാണ് ഡോക്ടർമാരുടെ നിർദേശം. അതുവരെ മരുന്ന് മുടക്കാൻ പാടില്ല. ദീർഘകാല പരിചരണം ആവശ്യമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കാണ് സിബിമോനെ മാറ്റുന്നത്.  സ്ട്രെച്ചർ ടിക്കറ്റിനു പുറമെ ക്ലിവ്‍ലൻഡ് ആശുപത്രിയിലെ ഡോക്ടറും നഴ്സിനുമുള്ള വിമാന ടിക്കറ്റുകളും ഇന്ത്യൻ എംബസി നൽകി. 

അപർണയ്ക്കുള്ള വിമാന ടിക്കറ്റ് മാർത്തോമ്മാ ചർച്ച് നൽകി. വർക്കലയിലെ വാടക വീട്ടിൽ കഴിയുന്ന സിബിമോന് ഭാര്യയും 2 മക്കളുമുണ്ട്. തുടർ ചികിത്സയും മുന്നോട്ടുള്ള ജീവിതവും മക്കളുടെ പഠനച്ചെലവും എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ കുടുംബം.

English Summary:

Heart Disease: Siby Mon Returned Home by the Support of Indian Embassy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com