കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവാസികളുടെ എണ്ണം കൂടുന്നു
Mail This Article
കുവൈത്ത് സിറ്റി ∙ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട 2024 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള സ്ഥിതിവിവരക്കണക്കിലാണ് രാജ്യത്തെ സർക്കാർ, സ്വകാര്യമേഖലകളിലെ തൊഴിൽ ശേഷിയുമായി ബന്ധപ്പെട്ട കണക്കുകൾ ഉള്ളത്. രണ്ടു മേഖലകളിലും വിദേശികളുടെ എണ്ണം വർധിച്ചതായി പറയുന്ന റിപ്പോർട്ടിൽ സ്വകാര്യമേഖയിൽ നിന്ന് സ്വദേശികളുടെ കൊഴിഞ്ഞുപോക്കുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 1,589,525 ആയി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
27,033 തൊഴിലാളികളുടെ വർധനവാണ് ആറുമാസത്തിനിടെ രേഖപ്പെടുത്തിയത്. സർക്കാർ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം അവസാനം 111,147 ആയിരുന്നത് 2024 പകുതിയോടെ 112,002 ആയി ഉയർന്നിട്ടുണ്ട്. അതേസമയം സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 72,086 ആയി കുറഞ്ഞു. 2023 നെ അപേക്ഷിച്ച് 145 തൊഴിലാളികളുടെ കുറവാണ് രേഖപ്പെടുത്തിയത്. സർക്കാർ മേഖലയിൽ 2023 ഡിസംബറിൽ 397,790 സ്വദേശികൾ ആയിരുന്നത് 2024 ജൂൺ ആയപ്പോൾ 404,395 ആയി ഉയർന്നിട്ടുണ്ട്. 6,605 തൊഴിലാളികളുടെ വർധനവാണ് ആറുമാസത്തിനുള്ളിൽ ഉണ്ടായത്.