ബഹ്റൈൻ ആരോഗ്യ കേന്ദ്രങ്ങളിൽ ലഘുഭക്ഷണ ശാലകൾ തുറക്കുന്നു
Mail This Article
മനാമ ∙ ബഹ്‌റൈനിലെ ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, ലഘുഭക്ഷണ ശാലകൾ തുറക്കാൻ ഒരുങ്ങുന്നു. ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന 13 പുതിയ കഫറ്റീരിയകൾ തുറക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികൾക്കും സന്ദർശകർക്കും വളരെ സൗകര്യപ്രദമാകുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരം ഒരു തീരുമാനം പ്രാവർത്തികമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിലവിൽ പല ഹെൽത്ത് സെന്ററുകൾക്കും സമീപം മികച്ച ഭക്ഷണ ശാലകൾ ലഭ്യമല്ല. പ്രത്യേകിച്ച് നഗരങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന നിരവധി ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന രോഗികൾക്ക് ആരോഗ്യ കേന്ദ്രത്തോട് ചേർന്ന് നിൽക്കുന്ന ലഘുഭക്ഷണ ശാലകൾ വലിയ അനുഗ്രഹമാകും.
ബഹ്‌റൈനിലെ നാല് ഗവർണറേറ്റുകളിലായി വിവിധ ഹെൽത്ത് സെന്ററുകളിലായി 13 കഫറ്റീരിയകൾ വാടകയ്‌ക്കെടുക്കുന്നതിന് ആരോഗ്യ മന്ത്രാലയം ഇതിനകം ടെൻഡർ നൽകിയിട്ടുണ്ട്. ടെൻഡർ ബോർഡ് പ്രഖ്യാപിച്ച ടെൻഡറിൽ 18 മാസത്തേക്ക് കാറ്ററിങ് സേവനങ്ങൾ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. വ്യത്യസ്‌ത അഭിരുചികളും ഭക്ഷണ ആവശ്യങ്ങളും നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന ഭക്ഷണ ഓപ്ഷനുകൾ നൽകുന്ന കഫറ്റീരിയകൾ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.