റോന്തുചുറ്റി അശ്വാരൂഢർ; ദുബായുടെ സമാധാനദൂതർ
Mail This Article
ദുബായ് ∙ മനസമാധാനത്തിന്റെ കുളമ്പടി ശബ്ദമാണ് മൗണ്ടഡ് പൊലീസ്. അശ്വാരൂഢരായ പച്ചക്കുപ്പായമണിഞ്ഞ പൊലീസുകാർ ദുബായ് നഗരത്തിലെ പരിചിത കാഴ്ചയാണ്. ദുബായിൽ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്വസ്ഥമായി പ്രവർത്തിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ സേനയുടെ സാന്നിധ്യമാണ്. ഏതു തിരക്കിലും സുരക്ഷിതരാണെന്ന ആത്മവിശ്വാസം പകരാൻ സേനയ്ക്കു കഴിഞ്ഞതായി മൗണ്ടഡ് ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് ഇസ്സ അൽ അദിബ് പറഞ്ഞു. അറേബ്യൻ സംസ്കാരം അതേനിലയിൽ പിന്തുടരുന്നതിനാൽ കുതിരത്തേറി വരുന്ന പൊലീസിനോട് പ്രത്യേക അടുപ്പം ജനങ്ങൾക്കുമുണ്ട്.
സുരക്ഷിത നഗരം, സന്തുഷ്ട സമൂഹം എന്ന ദുബായ് പൊലീസിന്റെ ലക്ഷ്യം നിറവേറ്റുന്നതിൽ അശ്വരൂഡരായ പൊലീസ് സുപ്രധാന പങ്കുണ്ട്. വാഹന പട്രോളിങ് സാധിക്കാത്ത സ്ഥലങ്ങളിൽ ഇവരുടെ റോന്തുചുറ്റൽ സുപ്രധാനമാണ്. ഇടനാഴികൾ, ഇടുങ്ങിയ താഴ്‌വരകൾ ഉൾപ്പെടെ പൊലീസ് വാഹനങ്ങൾ കടന്നുചെല്ലാത്ത ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതും മൗണ്ടഡ് പൊലീസാണ്.
വ്യവസായ, വാണിജ്യ മേഖലയിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മൗണ്ടഡ് പൊലീസുണ്ട്. സംശയം തോന്നുന്ന വാഹനങ്ങളെയും വ്യക്തികളെയും മൗണ്ടഡ് പൊലീസ് പരിശോധിക്കും. കായിക സൗകര്യം ഒരുക്കുന്നതിലും കുതിരയോട്ടക്കാരെ പരിശീലിപ്പിക്കുന്നതിലും മൗണ്ടഡ് പൊലീസിന്റെ പങ്ക് പ്രധാനമാണ്. ഭിന്നശേഷിക്കാർക്ക് തെറപ്പി നൽകുന്നതിലും മൗണ്ടഡ് പൊലീസിന്റെ സേവനം ലഭിക്കും. വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലായി വർഷത്തിന്റെ ആദ്യ പകുതിയിൽ 732 പട്രോളിങ് പൂർത്തിയാക്കിയതായി മൗണ്ടഡ് പൊലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളികളെയും പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്ന വാഹനങ്ങളെയും പട്രോളിങ്ങിനിടെ പിടികൂടി. 107 ട്രാഫിക് പിഴകളും ചുമത്തി.
കഴിഞ്ഞ വർഷം 1114 പേർക്കു കുതിരയോട്ടത്തിലും (ഇക്വസ്ട്രിയൻ) 8 പേർക്ക് കുതിര പരിപാലനത്തിലും പരിശീലനം നൽകി. 69 പേർക്ക് മരുഭൂമിയിലെ കുതിര, പോണി സവാരിക്ക് അവസരം നൽകി. 86 പേർ കുതിരവണ്ടി സർവീസ് ഉപയോഗിച്ചു. പൊതുജനങ്ങൾക്ക് 18 കുതിരകളെ സമ്മാനമായും നൽകി. ഭിന്നശേഷിക്കാരയ 95 വിദ്യാർഥികൾക്ക് വിവിധ സഹായങ്ങൾ നൽകാനും സാധിച്ചു. കുട്ടികൾക്കായി വിന്റർ സമ്മർ ക്യാംപുകൾ സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ ആഗ്രഹങ്ങൾ നിറവേറ്റാൻ ഒപ്പം നിന്നെന്നും അൽ അദിബ് പറഞ്ഞു.
മൗണ്ടഡ് പൊലീസ് സ്റ്റേഷനിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ 122 കുതിരകളുണ്ട്. കുതിരയെ മെരുക്കൽ, കുതിര പട്രോളിങ് പരിശീലനം, കലാപം അടിച്ചമർത്തുന്നതിനുള്ള പരിശീലനം, കുതിരയോട്ടം, ചട്ടം പഠിപ്പിക്കൽ എന്നിവ മൗണ്ടഡ് പൊലീസ് നേരിട്ടു ചെയ്യുന്ന സേവനങ്ങളാണ്.