പർവതത്തിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലീസ്
Mail This Article
റാസൽഖൈമ ∙ റാസൽഖൈമയിലെ പർവത കൊടുമുടിയിൽ കുടുങ്ങിയ വനിതയടക്കം രണ്ട് ഏഷ്യക്കാരെ റാസൽഖൈമ പൊലീസ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തി. 3,000 അടി ഉയരത്തിൽ നിന്നാണ് വായുസേന സേർച് ആൻഡ് റെസ്ക്യു വിഭാഗത്തിന്റെ സഹായത്തോടെ പൊലീസ് ഇവരെ സാഹസികമായി രക്ഷപ്പെടുത്തിയത്.
പർവതത്തിന്റെ കൊടുമുടിയിൽ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികളെക്കുറിച്ച് ഓപറേഷൻ വിഭാഗത്തിൽ വിവരം ലഭിച്ചയുടൻ തന്നെ എയർ വിങ് ഡിപാർട്ട്‌മെന്റിന്റെ ഹെലികോപ്റ്ററുകളിലൊന്ന് സ്ഥലത്തേയ്ക്ക് അയച്ചതായി അധികൃതർ പറഞ്ഞു. തുടർന്ന് രണ്ടുപേരെയും കണ്ടെത്തി ആവശ്യമായ സഹായം നൽകുകയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയുമായിരുന്നു.
മലനിരകളിലൂടെയും താഴ്‌വരകളിലൂടെയും നടക്കുമ്പോൾ പർവതാരോഹകരും ഹൈക്കിങ് പ്രേമികളും ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലീസ് ഓർമ്മപ്പെടുത്തി. ജീവൻ അപകടത്തിലാക്കുകയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്ന ദുർഘടമായ പ്രദേശങ്ങളിലേയ്ക്കോ ഉയരങ്ങളിലേയ്ക്കോ കയറുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.