സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സംഗമവുമായി ദുബായ് മാർത്തോമ്മാ പള്ളി
Mail This Article
ദുബായ് ∙ ലോകത്തിലെ വിവിധ സഭകളുടെയും മത വിഭാഗങ്ങളുടെയും സ്നേഹ സംഗമം ഒരുക്കി ദുബായ് മാർത്തോമ്മാ പള്ളി. പരസ്പര സഹകരണത്തിന്റെയും സ്നേഹത്തിന്റെയും ക്രിസ്തു സന്ദേശം എല്ലാവരുമായി പങ്കിടുന്നതിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയത്. വത്തിക്കാൻ സ്ഥാനപതിയും യുഎഇയിൽ മാർപാപ്പയുടെ നയതന്ത്ര പ്രതിനിധിയുമായ ആർച്ച് ബിഷപ് ക്രിസ്റ്റോഫി എൽ കാസിസ് സംഗമം ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സഭ തിരുവനന്തപുരം – കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക്ക് മാർ പീലക്സിനോസ് അധ്യക്ഷനായി.
ക്രിസ്തുവിന്റെ തിരുപ്പിറവി നമ്മുടെ ജീവിതത്തിലൂടെ പ്രതിഫലിക്കാൻ ഈ ക്രിസ്മസിലൂടെ സാധിക്കണമെന്ന് മാർ പീലക്സിനോസ് പറഞ്ഞു. ജാതി മത ഭേദമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുമ്പോൾ മാത്രമേ ക്രിസ്മസ് അർഥപൂർണമാകൂ എന്ന് ആർച്ച് ബിഷപ് ക്രിസ്റ്റോഫി എൽ കാസിസ് പറഞ്ഞു. സാഹോദര്യത്തിന്റെ പ്രതീകമായി ക്രിസ്മസ് മെഴുകുതിരി ആർച്ച് ബിഷപ് തെളിയിച്ചു. സതേൺ അറേബ്യ അപ്പോസ്തലിക് വികാരി ബിഷപ് പൗലോ മാർട്ടിനെല്ലി , ഈജിപ്ഷ്യൻ ഇവഞ്ചലിക്കൽ ചർച്ച് പ്രതിനിധി സോന, ജബൽ അലി ഹിന്ദു ക്ഷേത്രം ജനറൽ മാനേജർ മോഹൻ നരസിംഹമൂർത്തി, ഗുരുദ്വാര ജനറൽ മാനേജർ എസ്.പി. സിങ്, ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. ബർന്നബാസ്, കോപ്റ്റിക് സഭയുടെ ഫാ. മിനാ, അറബിക് ഇവഞ്ചലിക്കൽ ചർച്ച് പ്രതിനിധികളായ ഫാ. ഇസാഖ്, ഫാ. ഏലിയാസ് കൊറേക്ക്, കത്തോലിക്കാ സഭയുടെ ഫാ. ആന്റണി, യാക്കോബായ പള്ളി വികാരി ഫാ. സജി, ക്നാനായ സഭയുടെ ഫാ. ലിബിൻ, സിഎസ്ഐ സഭയുടെ റവ. ചാൾസ് എം. റെജിൻ, ഓർത്തഡോക്സ് സഭയുടെ ഫാ. ഉമ്മൻ മാത്യു എന്നിവരും പങ്കാളികളായി. സ്നേഹ വിരുന്നോടെയാണ് ക്രിസ്മസ് സംഗമം സമാപിച്ചത്.