വെളുപ്പിക്കാൻ ശ്രമിച്ചത് 64.1 കോടി ദിർഹം, ആസൂത്രണത്തിൽ ഇന്ത്യക്കാരും; രാജ്യാന്തര സംഘങ്ങളെ കുടുക്കി പൊലീസ്

Mail This Article
ദുബായ് ∙ കള്ളപ്പണം വെളുപ്പിക്കാൻ രാജ്യാന്തര സംഘങ്ങൾ നടത്തിയ രണ്ടു ശ്രമങ്ങൾ പ്രത്യേക അന്വേഷണ സംഘം തകർത്തു. 64.1 കോടി ദിർഹത്തിന്റെ കള്ളപ്പണമാണ് വെളുപ്പിക്കാൻ ശ്രമിച്ചത്.
ആദ്യ കേസിൽ ഒരു സ്വദേശി, ഒരു ബ്രിട്ടിഷ് പൗരൻ, രണ്ട് അമേരിക്കൻ പൗരന്മാർ, ഒരു ചെക്ക് റിപ്പബ്ലിക്കൻ പൗരൻ, സ്വദേശി ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികൾ എന്നിവരാണ് ഉൾപ്പെട്ടത്. ഇവരുടെ കേസ് പ്രോസിക്യൂഷനു കൈമാറി. വ്യാജരേഖകൾ ഉപയോഗിച്ച് 46.1 കോടി ദിർഹം വെളുപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇവർക്കെതിരായ കേസ്. 2 കമ്പനികളുടെ മറവിൽ യുകെയിൽ നിന്ന് യുഎഇയിലേക്കു ഇവർ പണം കടത്തിയതായി കണ്ടെത്തി.
മറ്റൊരു സുപ്രധാന നീക്കത്തിൽ 18 കോടി ദിർഹത്തിന്റെ ക്രിപ്റ്റോ ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച രാജ്യാന്തര സംഘത്തെയാണ് കീഴടക്കിയത്.
കേസിൽ 30 പേർ ഉൾപ്പെട്ടിട്ടുണ്ട്. 3 കമ്പനികളെയും ഇതിനായി ഉപയോഗിച്ചു. അംഗീകൃത ക്രിപ്റ്റോ കറൻസി ഇടനിലക്കാർ വഴി ദുബായിലും യുകെയിലും പണം വെളുപ്പിച്ചതായി കണ്ടെത്തി. രണ്ട് ഇന്ത്യക്കാരും ഒരു ബ്രിട്ടീഷ് പൗരനുമാണ് തട്ടിപ്പിന് ആസൂത്രണം നടത്തിത്.
ഇവർ നേരത്തെ ലഹരി കടത്ത്, തട്ടിപ്പ്, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പബ്ലിക് ഫണ്ട്സ് പ്രോസിക്യൂഷൻ, ഇക്കണോമിക് സെക്യൂരിറ്റി സെന്റർ, ദുബായ് പൊലീസ്, യുഎഇ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, ദുബായ് കസ്റ്റംസ്, ദുബായ് നീതിന്യായ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണ വകുപ്പ് എന്നിവർ ചേർന്നാണ് തട്ടിപ്പ് പിടിച്ചത്.