യുഎൻ അംഗീകാരം ലഭിച്ച ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജ്ല

Mail This Article
ദുബായ് ∙ യുഎന്നുമായി ബന്ധപ്പെട്ട അറബ് മീഡിയ യൂണിയനിൽ അംഗത്വം നേടിയ ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജ്ല അൽ ദൂഖി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) യുടെ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായി പ്രവർത്തിക്കുന്ന നജ്ലയ്ക്ക് സ്ഥാപനത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്.
ജിഡിആർഎഫ്എ യുടെ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയാണ് നജ്ലയെ ഈ അംഗത്വത്തിന് നാമനിർദേശം ചെയ്തത്. ദുബായിലെ താമസ-കുടിയേറ്റ ഓഫിസിൽ നടന്ന ചടങ്ങിൽ അൽ മർറിയുടെ സാന്നിധ്യത്തിൽ നജ്ലയക്ക് അംഗത്വ കാർഡ് കൈമാറി. നജ്ലയുടെ ഈ നേട്ടം എമിറാത്തി മാധ്യമ മേഖലയിലെ ഉയർച്ചയ്ക്കും രാജ്യാന്തര തലത്തിൽ രാജ്യത്തിന്റെ പ്രതാപം വർദ്ധിപ്പിക്കുന്നതിനും വലിയ പങ്ക് വഹിക്കുമെന്ന് അറബ് മീഡിയ യൂണിയനും അറബ് ക്രിയേറ്റേഴ്സ് യൂണിയനും നേതൃത്വം വഹിക്കുന്ന ഡോ. അഹ്മദ് നൂർ പറഞ്ഞു.
ഈ അഭിമാനകരമായ നേട്ടത്തിന് തന്നെ നാമനിർദേശം ചെയ്തതിന് അൽ മർറിക്ക് നജ്ല നന്ദി അറിയിച്ചു.