ദുബായ് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Mail This Article
ദുബായ്/ അൽഐൻ∙ തൃശൂർ സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കുഴിക്കാട്ടുശേരി വെള്ളിക്കുളങ്ങര പുല്ലൻ ഹൗസിൽ മേഴ്സി ജോൺസൺ (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെയാണ് അപകടം.
മൂത്ത മകൻ ഫെബിനും മരുമകൾ സ്നേഹ, ഇവരുടെ 2 മക്കൾ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. യാത്രാമധ്യേ മറ്റൊരു വാഹനാപകടത്തെ തുടർന്ന് വാഹനങ്ങളെല്ലാം റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഏറ്റവും പുറകിലായി നിർത്തിയിട്ടിരുന്ന ഇവരുടെ കാറിൽ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മേഴ്സിയും മരുമകളും പേരക്കുട്ടിയും പുറത്തേക്കു തെറിച്ചുവീണു. പരുക്കേറ്റ 5 പേരെയും ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മേഴ്സിയുടെ ജീവൻ രക്ഷിക്കാനായില്ല. ഫെബിനും ഒരു കുട്ടിയും ആശുപത്രി വിട്ടു. സ്നേഹയും ഒരു കുട്ടിയും ചികിത്സയിലാണ്. ചെക്കോസ്‌ലോവാക്യയിലുള്ള മറ്റൊരു മകൻ അരുൺ ദുബായിലെത്തിയിട്ടുണ്ട്. ഭർത്താവ് പരേതനായ ജോൺസൺ. സംസ്കാരം പിന്നീട് നാട്ടിൽ.