നോമ്പുകാലം 'ആരോഗ്യകര'മാക്കാം; എന്തൊക്കെ കഴിക്കാം, ഒഴിവാക്കാം, അറിയാം

Mail This Article
ഗൾഫ് രാജ്യങ്ങളിലെ ഇസ്ലാം മത വിശ്വാസികളും ഒരു മാസം നീളുന്ന റമസാൻ വ്രതാനുഷ്ഠാനങ്ങൾക്കുള്ള അവസാന വട്ട ഒരുക്കത്തിലാണ്. ഗൾഫിൽ ശൈത്യത്തിൽ നിന്ന് വേനലിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിനിടെയാണ് പുണ്യമാസത്തിന് തുടക്കമാകുന്നത്. ഒരു വിശ്വാസിയുടെ ഭക്ഷണക്രമം, ജീവിതശൈലി, സാമൂഹിക ഇടപെടൽ എന്നിവയിലെല്ലാം വലിയ മാറ്റമാണ് നോമ്പുകാലം നൽകുന്നത്.
കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്കിടയിൽ ആരോഗ്യകരമായി തുടരാൻ കഴിക്കുന്ന ഭക്ഷണത്തിലും മറ്റ് ശീലങ്ങളിലുമെല്ലാം ശ്രദ്ധ വേണമെന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്. ഗർഭിണികളും പ്രമേഹം, രക്തസമ്മർദം തുടങ്ങി പലവിധ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം വേണം നോമ്പ് ദിനങ്ങളിൽ മരുന്നും ഭക്ഷണക്രമവും ക്രമപ്പെടുത്താൻ എന്നതും മറക്കേണ്ട. വ്യായാമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. നോമ്പുകാലം 'ആരോഗ്യകര'മാക്കിയാൽ ദീർഘനാൾ നോമ്പിന്റെ ആരോഗ്യ ഗുണങ്ങളും അനുഭവിക്കാം.
∙ ശാരീരിക, മാനസികാരോഗ്യം പ്രധാനം
നോമ്പെടുക്കുന്നവരുടെ ശാരീരിക, മാനസികാരോഗ്യം പ്രധാനമാണ്. ശരീരത്തിന് കൂടുതൽ ഊർജം നൽകാനും മാനസിക സമ്മർദവും ഉത്കണ്ഠയും നിരാശയും ലഘൂകരിച്ച് മാനസികാരോഗ്യം ശക്തിപ്പെടുത്താനും നോമ്പിലൂടെ സാധ്യമാകും. നോമ്പുകാലം ആരോഗ്യകരമായി തുടരാൻ ഭക്ഷണക്രമം, ഉറക്കം, വ്യായാമം തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ വേണം. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കാനും നോമ്പുകാലം നല്ലതാണ്.
നോമ്പുകാലത്തെ കൃത്യനിഷ്ഠയും അടുക്കും ചിട്ടയും വ്യക്തിയുടെ ശാരീരിക, മാനസികാരോഗ്യം കൂട്ടും. ഇഫ്താറിനും സുഹൂറിനും തയാറാക്കുന്ന വിഭവങ്ങൾ കൃത്യമായി, ആരോഗ്യകരമായി പ്ലാൻ ചെയ്താൽ നോമ്പുകാലവും ആരോഗ്യകരമാകും.
∙ ഇഫ്താറും സുഹൂറും
സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയാണ് നോമ്പെടുക്കുന്നത്. പുലർച്ചെ ആരംഭിക്കുന്ന നോമ്പ് മുറിയ്ക്കുന്നത് വൈകിട്ട് സൂര്യാസ്മതയത്തിന് ശേഷമാണ്. ഇഫ്താർ ഭക്ഷണമാണിത്. പ്രഭാതത്തിന് മുൻപ് (സൂര്യോദയത്തിന് മുൻപ്) കഴിയ്ക്കുന്ന ഭക്ഷണമാണ് സുഹൂർ. ഇഫ്താറിനും സുഹൂറിനും ഇടയിൽ കഴിക്കുന്ന ഭക്ഷണത്തിന്റെയും കുടിക്കുന്ന വെള്ളത്തിന്റെയും കാര്യത്തിൽ വരെ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ ആരോഗ്യത്തോടെ 30 ദിവസം നീളുന്ന നോമ്പ് പൂർത്തിയാക്കാൻ കഴിയൂ. ഇഫ്താറിനും സുഹൂറിനും ഇടയിലെ ഭക്ഷണ–പാനീയങ്ങളാണ് നോമ്പിന്റെ മണിക്കൂറുകളിലുടനീളം ഒരു വ്യക്തിയെ ആരോഗ്യകരമാക്കി നിലനിർത്തുന്നത്.
∙ സുഹൂർ ഭക്ഷണം നിർബന്ധം
നോമ്പെടുക്കുന്നവരുടെ പ്രധാന ഭക്ഷണമാണ് എന്നതിനാൽ സുഹൂർ ഒഴിവാക്കരുത്. പുലർച്ചെ നേരത്തെ എഴുന്നേറ്റ് നിർബന്ധമായും സുഹൂർ കഴിയ്ക്കണം. സുഹൂർ ഭക്ഷണം ഒഴിവാക്കുന്നത് ഉറക്ക തടസം, തലവേദന, നിർജലീകരണം എന്നിവക്ക് ഇടയാക്കും.
സുഹൂറിനെ ആശ്രയിച്ചാണ് നോമ്പുകാരന്റെ ആരോഗ്യം. പകലുടനീളം ശരീരം ആരോഗ്യകരമായി നിലനിർത്താൻ സുഹൂർ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. സുഹൂർ ഭക്ഷണം കഴിക്കാതിരുന്നാൽ ഇഫ്താറിൽ അമിതമായി ഭക്ഷണം കഴിക്കുകയും അനാരോഗ്യകരമായി ശരീരഭാരം കൂടുകയും ചെയ്യും.
∙ ഇഫ്താറിൽ അമിതഭക്ഷണം വേണ്ട
ഇഫ്താറിൽ അമിതഭക്ഷണം ഒഴിവാക്കണം. പോഷകം നിറഞ്ഞ ഭക്ഷണം വേണം കഴിക്കാനെങ്കിലും വലിയ സദ്യ പോലെ ആകരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കഴിക്കാം, പക്ഷേ മിതമായി വേണമെന്നു മാത്രം. കൊഴുപ്പ് കൂടിയ ഭക്ഷണസാധനങ്ങളും അമിതമായി കഴിക്കുന്നതും ദഹനക്കേടിനും ശരീരഭാരം കൂട്ടുന്നതിനും ഇടയാക്കും. പോഷകം നിറഞ്ഞതും സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം വേണം ഇഫ്താറിൽ ഉറപ്പാക്കേണ്ടത്.
∙ ഒഴിവാക്കാം ഇവ
വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടിയതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കാം. ഭക്ഷണത്തിൽ ഉപ്പ്, മധുരം എന്നിവ ഉയർന്ന അളവിൽ ഉപയോഗിക്കരുത്. എരിവ് കൂടിയ വിഭവങ്ങളും ഒഴിവാക്കാം. കഴിക്കുന്ന സമയത്ത് സ്വാദ് കൂട്ടുമെങ്കിലും പിറ്റേന്ന് പകൽ നോമ്പെടുക്കുമ്പോൾ അമിതമായ ദാഹം അനുഭവപ്പെടുകയും ശരീരത്തിന് ക്ഷീണമുണ്ടാകുകയും ചെയ്യും. കാപ്പി, ചായ, കോള തുടങ്ങി കഫീൻ കൂടുതലടങ്ങിയ പാനീയങ്ങളും വേണ്ട.
∙ ധാരാളം വെള്ളം കുടിയ്ക്കണം
ഇഫ്താറിനും സുഹൂറിനുമിടയിൽ ധാരാളം വെള്ളം കുടിക്കണം. എന്നാൽ അമിതമാകാനും പാടില്ല. മുതിർന്ന സ്ത്രീകൾ 2.2 ലിറ്ററും പുരുഷന്മാർ 2.8 ലിറ്ററും വെള്ളം കുടിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ജ്യൂസ്, പാൽ, ശീതള പാനീയങ്ങൾ, സൂപ്പ് എന്നിവയ്ക്ക് പകരം ശുദ്ധമായ വെള്ളം കുടിക്കുന്നതാണ് നല്ലത്. കടയിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് ജ്യൂസുകൾക്ക് പകരം ഫ്രഷ് ജ്യൂസ് കുടിക്കാം.
ശരീരത്തിന് മതിയായ വെളളം ലഭിച്ചില്ലെങ്കിൽ തലവേദന, തലകറക്കം, ക്ഷീണം, തളർച്ച, നിർജലീകരണം, ക്രമരഹിതമായ ഹൃദയമിടിപ്പ്, സന്ധി വേദന, രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിൽ എന്നീ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. മാത്രമല്ല മറ്റ് രോഗങ്ങളിലേക്കും നയിക്കും. രക്തപ്രവാഹം കുറയുന്നത് വഴി ഹൃദയധമനികളിലേക്കും നാഡികളിലേക്കും രക്തം എത്തുന്നതും തടസ്സപ്പെടും.
∙ എന്തൊക്കെ കഴിക്കാം
ഇഫ്താർ, സുഹൂർ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തണം. ഫൈബർ കൂടുതലടങ്ങിയവ മണിക്കൂറുകളോളം ശരീരത്തെ ഊർജസ്വലമാക്കുമെന്ന് മാത്രമല്ല ദഹന പ്രക്രിയയും എളുപ്പമാക്കും. വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയടങ്ങിയിട്ടുള്ളതിനാൽ തികച്ചും ആരോഗ്യകരമാണിവ. ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നതും നല്ലതാണ്.
ഇഫ്താർ ഭക്ഷണത്തിൽ 2 പച്ചക്കറികളും 2 പഴങ്ങളും നിർബന്ധമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഈന്തപ്പഴം കഴിച്ചാണ് നോമ്പ് മുറിക്കുന്നത്. ഉയർന്ന പൊട്ടാസ്യം അടങ്ങിയ ഈന്തപ്പഴം മസിലുകൾക്കും നാഡികളുടെ സുഗമമായ പ്രവർത്തനത്തിനും ഗുണകരമാണ്. എന്നാൽ പ്രമേഹമുള്ളവർ അമിതമായി ഈന്തപ്പഴം കഴിക്കുകയും വേണ്ട.
ബ്രൗൺ റൈസ്, ഹോൾമീൽ ബ്രെഡ് തുടങ്ങിയ ഉയർന്ന ഫൈബർ ഉള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ശരീരത്തിന്റെ ഊർജം ദീർഘനേരം നിലനിർത്താൻ സഹായിക്കും. തൊലി കളഞ്ഞ ചിക്കൻ, മീൻ, മുട്ട, കൊഴുപ്പ് കുറഞ്ഞ ക്ഷീര ഉൽപന്നങ്ങൾ, കൊഴുപ്പു കുറഞ്ഞ മാംസം, പയർ വർഗങ്ങൾ എന്നിവ പ്രൊട്ടീൻ കൂടുതലുള്ളവയാണ്. ശരീരത്തിലെ കോശങ്ങൾക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും നല്ലതാണിവ. കാൽസ്യം കൂടുതലടങ്ങിയവ എല്ലുകൾക്ക് കരുത്തേകും. എണ്ണയുടെ ഉപയോഗം കുറയ്ക്കാം വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾക്ക് പകരം ആവിയിൽ വേവിച്ചതോ ഗ്രിൽ ചെയ്തതോ ബേക്ക് അല്ലെങ്കിൽ മിതമായി വറുത്തതോ ആയ വിഭവങ്ങൾ കഴിയ്ക്കാം.