ഖത്തറിൽ വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത

Mail This Article
ദോഹ ∙ ഖത്തർ തണുത്തു വിറയ്ക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടുത്ത തണുപ്പാണ് രാജ്യത്തിന്റെ പല ഭാഗത്തും അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതൽ മേഘാവൃതമായ കാലാവസ്ഥയും കനത്ത തണുപ്പുമാണ് അനുഭവപ്പെട്ടത്.
അബു സംറയിൽ ഇന്ന് രാവിലെ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ ദോഹയിൽ 15 ഡിഗ്രി താപനില രേഖപ്പെടുത്തി. എന്നാൽ രാത്രികാലങ്ങളിൽ താപ നില ഇതിലും കൂടുതൽ താഴ്ന്ന് കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ താപനില 14 ഡിഗ്രിക്കും 24ഡിഗ്രിക്കും ഇടയിലായിരിക്കുമെന്നു ഖത്തർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഈ കാലയളവിൽ നീന്തൽ, ബോട്ട് യാത്രകൾ, സ്കൂബ ഡൈവിങ്, ഫ്രീ ഡൈവിങ്, സർഫിങ്, മീൻപിടിക്കൽ എന്നിവയുൾപ്പെടെയുള്ള എല്ലാ സമുദ്ര പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും കാലാവസ്ഥ വിഭാഗം ആവശ്യപ്പെട്ടു .