ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങിയത് 15 വര്‍ഷം; കുവൈത്തില്‍ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവ്

Mail This Article
കുവൈത്ത് സിറ്റി ∙ 15 വര്‍ഷമായി കുവൈത്തിന് പുറത്ത് മറ്റൊരു രാജ്യത്ത് താമസം. എന്നാല്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മാസംതോറും കൃത്യമായി ശമ്പളം ബാങ്ക് അക്കൗണ്ട് മുഖേന ലഭിച്ചിരുന്ന കേസിൽ കുവൈത്ത് സ്വദേശിയായ ഡോക്ടർക്ക് തടവ് ശിക്ഷ.
ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയാണ് അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ച് ക്രിമിനല്‍ കോടതി വിധി പുറപ്പെടുവിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ ലീഗല്‍ വിഭാഗമാണ് സംഭവം കണ്ടെത്തിയത്. മന്ത്രാലയത്തിലെ തന്നെ മറ്റൊരു ജീവനക്കാരനുമായി ഒത്തുചേര്‍ന്നാണ് മാസംതോറും മുഴുവന്‍ ശമ്പളം ഡോക്ടര്‍ കരസ്ഥമാക്കിയത്.
ലീഗല്‍ വിഭാഗം ഉടന്‍തന്നെ സംഭവം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആഭ്യന്തരമന്ത്രാലയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് വിശദമായ അന്വേഷണം നടത്തി. മുഴുവന്‍ ശമ്പളം കരസ്ഥമാക്കിയ കാലത്തെ ഡോക്ടര്‍ മറ്റൊരു രാജ്യത്ത് താമസിച്ചിരുന്നുവെന്ന് വിമാനത്താവളത്തിലെ രേഖകളില്‍ നിന്നും മനസ്സിലാക്കി. തുടര്‍ന്ന്, കേസ് കോടതിയിലേക്ക് വിടുകയായിരുന്നു. പ്രതി ഇപ്പോഴും കുവൈത്തിന് പുറത്താണ് ഉള്ളത്. തിരികെ മടക്കിക്കൊണ്ടുവരാനുള്ള നിയമനടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്.