യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ഇരുവരും കണ്ണൂർ സ്വദേശികൾ, ഒരാളുടെ കബറടക്കം ഇന്ന്

Mail This Article
അബുദാബി ∙ കഴിഞ്ഞ മാസം യുഎഇ വധശിക്ഷ നടപ്പാക്കിയവരിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ. കൊലപാതക കേസിലാണ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. യുപി സ്വദേശിയായ ഷെഹ്സാദിക്കു പുറമെ കണ്ണൂർ തയ്യിൽ സ്വദേശി പെരുംതട്ട വളപ്പിൽ മുരളീധരൻ (43), തലശ്ശേരി നെട്ടൂർ സ്വദേശി അരങ്ങിലോട്ട് തെക്കെപറമ്പിൽ മുഹമ്മദ് റിനാഷ് (29) എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
അൽഐനിൽ 2009ലാണ് മുരളീധരനെ വധശിക്ഷയ്ക്കു വിധിച്ചത്. മോഷണശ്രമത്തിനിടെ മരിച്ച മൊയ്തീനെ മരുഭൂമിയിൽ കുഴിച്ചിടുകയായിരുന്നു. മൊയ്തീനെ കാണാതായതിനെ തുടർന്ന്, കുടുംബം നൽകിയ പരാതിയിൽ അന്വേഷണത്തിനിടെ മൊയ്തീന്റെ ഫോണിൽ മറ്റൊരു സിം പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഫോണിനു പിന്നാലെ നടത്തിയ അന്വേഷണമാണ് മുരളീധരനെ പിടികൂടാൻ അന്വേഷണ സംഘത്തിനു സഹായകമായത്.
മൊയ്തീന്റെ കയ്യിൽ നിന്നു തട്ടിയെടുത്ത ഫോൺ മുരളീധരൻ ഉപയോഗിക്കുകയായിരുന്നു. മുരളീധരന്റെ പിതാവിന്റെ പേരിൽ എടുത്ത സിം ആണ് മൊയ്തീന്റെ ഫോണിൽ ഇട്ടിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ സിം കാർഡ് ഉടമയെ തേടിയെത്തിയപ്പോഴാണ്, ഫോൺ ഉപയോഗിക്കുന്നത് മുരളിധരനാണെന്നു മനസ്സിലായത്.
2023ൽ അൽഐനിൽ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന്റെ ശിക്ഷ നടപ്പാക്കിയത്. സ്വദേശി വീട്ടിലെ ഒരംഗവുമായി റിനാഷിനുണ്ടായ പ്രണയം ചോദ്യം ചെയ്തുതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. റിനാഷിന്റെ മൃതദേഹം അവസാനമായി കാണാൻ ബന്ധുക്കൾ യുഎഇയിൽ എത്തിയിട്ടുണ്ട്. റിനാഷിന്റെ കബറടക്കം ഇന്നു നടക്കുമെന്നാണ് സൂചന. എന്നാൽ, വധശിക്ഷ സംബന്ധിച്ച എന്തെങ്കിലും വിശദാംശങ്ങൾ പുറത്തുവിടാൻ ഇന്ത്യൻ എംബസി തയാറായിട്ടില്ല.
വീട്ടുജോലിക്കിടെ നാലര മാസം പ്രായമുള്ള ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞ് മരിച്ച കേസിലാണ് യുപി സ്വദേശി ഷഹ്സാദി ഖാന്റെ വധശിക്ഷ ഫെബ്രുവരി 15ന് അബുദാബിയിൽ നടപ്പാക്കിയത്.