നെഞ്ചുപൊട്ടി ഒരച്ഛൻ: ‘അവസാനമായി ഒന്നു കാണാൻ പോലും കഴിഞ്ഞില്ല’; നോവായി ഷഹ്സാദി

Mail This Article
അബുദാബി/ന്യൂഡൽഹി ∙ 'ഈ ദുഃഖം എന്നിൽ നിന്ന് ഇനി വിട്ടു പോകുമോ എന്ന് എനിക്കറിയില്ല. ഇനിയൊരിക്കലും എനിക്കെന്റെ മകളെ കാണാനാവില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാകുന്നില്ല. അവളുടെ കബറടക്ക ചടങ്ങിൽ പോലും പങ്കെടുക്കാനാവാത്ത ദുഃഖം സഹിക്കാനാകുന്നില്ല' കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അബുദാബിയിൽ വധശിക്ഷയ്ക്ക് വിധേയമായ ഉത്തർപ്രദേശ് ബാന്ദ സ്വദേശി ഷഹ്സാദി ഖാന്റെ(33) പിതാവ് ഷബീർ ഖാന്റേതാണ് കണ്ണീർ പുരണ്ട ഈ വാക്കുകൾ. അബുദാബിയിൽ ഇന്ന് നടക്കുന്ന അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഷബീർ ഖാനും കുടുംബത്തിനും അനുമതി ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നം കാരണം സാധിക്കാതെ വരികയായിരുന്നു.
ആരും ഞങ്ങളെ സഹായിച്ചില്ലെന്നും മകളുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാത്ത ഒരു പിതാവായ താൻ വളരെ നിർഭാഗ്യവാനാണെന്നും 65 കാരൻ പറഞ്ഞു. ഷഹ്സാദിയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞ് കുടുംബം മുഴുവൻ കടുത്ത ദുഃഖത്തിലാണ്. അവരെല്ലാം അസ്വസ്ഥരും നിരാശരുമാണ്. വെർച്വൽ മോഡിലെങ്കിലും ചടങ്ങ് കാണാൻ കഴിയാത്താതാണ് ഏറെ ദുഃഖം . ഷഹസാദിയുടെ അന്ത്യകർമ്മങ്ങളുടെ വിഡിയോ റെക്കോർഡിങ് ലഭിക്കുന്നതിനായി താൻ ഇന്ത്യൻ സർക്കാരിനെയും യുഎഇയെയും സമീപിച്ചിട്ടുണ്ടെന്നും അത് ലഭിച്ചാൽ എല്ലാവർക്കും കുറച്ചെങ്കിലും ആശ്വാസമാകുമെന്നും ഷബീർ പറഞ്ഞു.
ഷഹ്‌സാദി ഉത്തർപ്രദേശിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയയ ശേഷം മറ്റുള്ളവരെ സഹായിക്കുന്നതിനായി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോവിഡ് കാലത്ത് കുടുംബത്തെ സഹായിക്കാൻ അവൾ എപ്പോഴും ആഗ്രഹിച്ചിരുന്നു. പക്ഷേ അവൾക്ക് ഒരു ജോലിയും ലഭിച്ചില്ല. ആ സമയത്ത് സമൂഹമാധ്യമം വഴി ഷഹ്‌സാദി ആഗ്രയിലെ ഉസൈർ എന്നയാളുമായി ബന്ധപ്പെട്ടു. തന്റെ ബന്ധുവിന്റെ അബുദാബിയിലെ വീട്ടിൽ ജോലി ചെയ്യാനുള്ള അയാളുടെ ക്ഷണം അവൾ സ്വീകരിച്ചു. മൂന്ന് മുതൽ നാല് മണിക്കൂർ വരെ വീട്ടുജോലികൾ മാത്രമേ ആവശ്യമുള്ളൂ എന്നായിരുന്നു പറഞ്ഞിരുന്നത്. ഈ വാഗ്ദാനം സ്വീകരിച്ച ഷഹ്‌സാദി 2021 ഡിസംബറിൽ യുഎഇയിലേക്ക് യാത്ര തിരിച്ചു. 2022 സെപ്റ്റംബറിൽ അവരുടെ തൊഴിലുടമയുടെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അവനെ ഷഹ്സാദി നന്നായി പരിചരിച്ചു. 2022 ഡിസംബർ 7 ന് കുഞ്ഞിന് ഒരു പ്രാദേശിക ആശുപത്രിയിൽ പതിവ് കുത്തിവയ്പ് നൽകുകയും തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ കുഞ്ഞ് അതേ ദിവസം രാത്രിയിൽ മരണത്തിന് കീഴടങ്ങി. അതിനുശേഷമാണ് പ്രശ്നങ്ങളും കേസും ആയതെന്ന് ഷബീർ ഖാൻ ആരോപിക്കുന്നു.

എന്റെ മകൾക്ക് സംഭവിച്ചതിനെക്കുറിച്ച് എനിക്ക് ശരിയായ വിവരം ലഭിച്ചില്ല എന്നത് വളരെ വേദനാജനകമാണ്. ഒരു വിവരവും ലഭിക്കാൻ ഞാൻ എല്ലാ വാതിലുകളിലും മുട്ടി. കേസിന്റെ യഥാർഥ സ്ഥിതിയറിയാൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. ഷഹ്സാദിയെ വിദേശത്തേക്ക് അയച്ചതായി ആരോപിക്കപ്പെടുന്ന ആഗ്ര സ്വദേശി ഉസൈറിനെതിരെയും പരാതി നൽകിയിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
കുട്ടി മരിച്ച കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് അബുദാബിയിലെ അല്‍ വത്ബ ജയിലിലാണ് ഷഹ്സാദി കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹി ഹോക്കടതിയെ ഫെബ്രുവരി 15ന് ശിക്ഷ നടപ്പാക്കിയ കാര്യം അറിയിച്ചു.
വധശിക്ഷ വൈകാതെ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് അവസാന ആഗ്രഹമെന്ന നിലയിൽ യുവതി വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിച്ചിരുന്നു. ഇത് തന്റെ അവസാനത്തെ ഫോൺ കോളായിരിക്കുമെന്നായിരുന്നു പറഞ്ഞത്. എങ്കിലും അവസാന ശ്രമമെന്ന നിലയിൽ പിതാവ് ഷബീർ ഖാൻ അധികൃതർക്ക് ദയാ ഹർജി നൽകിയിരുന്നു. ഫെബ്രുവരി 28 ന് ഷഹ്സാദിയുടെ വധശിക്ഷ സംബന്ധിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിക്ക് സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അഡീഷനൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമയാണ് അറിയിച്ചത്. തുടർനടപടികൾക്കായി അധികൃതർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും യുവതിയുടെ സംസ്കാരം ഇന്ന് നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷഹ്സാദിയുടെ പിതാവ് ഷബീർ ഖാൻ തന്റെ മകളുടെ നിലവിലെ നിയമപരമായ അവസ്ഥയും ക്ഷേമവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടർന്നാണിത്. ദുഃഖകരവും നിർഭാഗ്യകരവുമായ സംഭവമാണെന്ന് പറഞ്ഞാണ് വധശിക്ഷ നടപ്പാക്കിയ വിവരം കോടതി അറിയിച്ചത്.