ADVERTISEMENT

ദോഹ ∙ ഉമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ ആയിരം രൂപയാണ് ചോദിച്ചത്. പകരം നല്‍കേണ്ടി വന്നത് ജീവിതവും. അയല്‍വാസികളിലൊരാളാണ് മുംബൈ സ്വദേശിനിയായ റംലയ്ക്ക് (പേര് യഥാര്‍ഥമല്ല) ആയിരം രൂപ നല്‍കിയത്. പകരമായി പക്ഷേ അടിയന്തരമായി ഖത്തറിലെ സുഹൃത്തിന് ഒരു ഗിഫ്റ്റ് കൊണ്ടു പോയി കൊടുക്കണം. ടിക്കറ്റും ചെലവുമെല്ലാം നല്‍കും. പാസ്‌പോര്‍ട്ടും ശരിയാക്കി കൊടുക്കും. മടിച്ചില്ല. കടല്‍ കടന്ന് സമ്മാനമെത്തിക്കുന്നതിനേക്കാള്‍ വലുതായിരുന്നു ഉമ്മയുടെ ആരോഗ്യം.

ഗള്‍ഫിലേക്കുള്ള ചതിക്കുഴികളെക്കുറിച്ചറിയാത്ത റംല ആയിരം രൂപ വാങ്ങി ഉമ്മയ്ക്ക് മരുന്നു വാങ്ങി കൊടുത്തു. പാസ്‌പോര്‍ട്ടും ടിക്കറ്റും യാത്രാ ചെലവുമെല്ലാം ശരിയാക്കി അയല്‍വാസി റംലയെ ദോഹയിലേക്ക് അയച്ചു. ഖത്തറിലെ സുഹൃത്തിന് അടിയന്തരമായി നല്‍കാന്‍ ഏല്‍പിച്ച ചെറിയ പൊതിയുമായി റംലാ ബീവി മുംബൈയില്‍ നിന്ന് കടല്‍ കടക്കുമ്പോള്‍ വയസ്സ് 45. ജയില്‍വാസം ഏഴര വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് വയസ്സ് 53. 

നാട്ടിലേക്ക് പോകാനാകാതെ ഉമ്മയെ ഓര്‍ത്ത് ജയിലിനുള്ളില്‍ റംല കണ്ണീരൊഴുക്കുമ്പോള്‍ 80 വയസ്സായ ഉമ്മ തനിക്കു വേണ്ടി മകള്‍ നടത്തിയ ത്യാഗത്തിന്റെ വേദനയില്‍ മുംബൈയിലെ വീട്ടില്‍ നെഞ്ചുരുകി ജീവിക്കാന്‍ തുടങ്ങിയിട്ട് ഏഴര വര്‍ഷം. ഇനിയും ഏഴര വര്‍ഷം കൂടി വേണം റംലയുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകാന്‍. ലഹരിമരുന്ന് കൈവശം വച്ചതിനും രാജ്യത്തേക്ക് ലഹരി കടത്താന്‍ ശ്രമിച്ചതിനും 15 വര്‍ഷം തടവും രണ്ടര ലക്ഷം റിയാലുമാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. പിഴ അടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ തത്തുല്യമായി നിശ്ചിത വര്‍ഷത്തേക്ക് കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

∙ സമ്മാനപ്പൊതിയില്‍ ഒളിപ്പിച്ച ചതി
2017 അവസാനമായിരുന്നു റംല ദോഹയിലെത്തിയത്. ഗള്‍ഫില്‍ ജോലിക്കായി എത്തിയതായിരുന്നില്ല. ഉമ്മയ്ക്ക് മരുന്നു വാങ്ങാന്‍ സഹായിച്ച ആള്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ എത്തിയതാണ്. പക്ഷേ ബാഗിനുള്ളില്‍ ഭദ്രമായി പൊതിഞ്ഞു കൊണ്ടു വന്ന സമ്മാനപ്പൊതി തന്റെ ജീവിതത്തിന്റെ വിലയാണെന്ന് മനസിലാകാതെ പോയി. വിമാനത്തില്‍ നിന്നിറങ്ങി പ്രവാസത്തിന്റെ മണ്ണിലേക്ക് ആദ്യമായി കാലെടുത്ത് വച്ചത് നേരെ ജയിലിലേക്ക് ആയിരുന്നു. 

ഖത്തര്‍ വരെ പോയി വരാമോയെന്ന ചോദ്യത്തിന് മുന്‍പില്‍ ഉമ്മയുടെ ആരോഗ്യം മാത്രമായിരുന്നു മനസ്സില്‍. മറ്റൊന്നും ആലോചിക്കാനോ കയ്യിലിരിക്കുന്ന സമ്മാനപൊതി ജീവിതം തന്നെ ഇല്ലാതാക്കുമെന്നു ചിന്തിക്കാനോ  മനസ്സിലാക്കാനോയുള്ള അറിവും വിദ്യാഭ്യാസവും റംലയ്ക്ക് ഉണ്ടായിരുന്നില്ല. പുറം ലോകത്തിന്‌റെ കാപട്യത്തെക്കുറിച്ച് പറഞ്ഞു കൊടുക്കാനും ആരും ഉണ്ടായിരുന്നില്ല. റംലയുടെ നിസഹായാവസ്ഥയെ ചൂഷണം ചെയ്ത അയല്‍വാസിയെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയനാക്കാനും കഷ്ടപ്പാടും ദുരിതവും മാത്രം അനുഭവിച്ചു വളര്‍ന്ന റംലയെ സഹായിക്കാനും ആരുമുണ്ടായില്ലെന്നതാണ് സത്യം. 

സമ്മാനം കൊടുത്ത് അടുത്ത ദിവസം തിരികെ നാട്ടിലെത്താമെന്ന ചിന്തയിലാണ് യാത്ര തിരിച്ചത്. ഹമദ് രാജ്യാന്തര  വിമാനത്താവളത്തില്‍ എത്തി ഇമിഗ്രേഷന്‍ പരിശോധനകള്‍ക്ക് ശേഷം കസ്റ്റംസ് അധികൃതര്‍ അടുത്തു വന്നപ്പോഴാണ് ഗിഫ്റ്റിനുള്ളിലെ ചതി മനസ്സിലായത്. ഉമ്മയ്ക്ക് മരുന്നു വാങ്ങാന്‍ സഹായിച്ച ആ നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ ചതിക്കുഴിയിലേക്കാണ് തള്ളിവിട്ടതെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ റംലാ ബീവിക്ക് നാളുകള്‍ ഏറേ വേണ്ടി വന്നു.

∙ വീട്ടിലറിഞ്ഞത് നാളുകള്‍ക്ക് ശേഷം
ഖത്തറില്‍ പോയ റംല ജയിലില്‍ ആണെന്ന് മുംബൈയിലെ ബന്ധുക്കള്‍ അറിഞ്ഞത് നാളുകള്‍ക്ക് ശേഷമാണ്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ വീട്ടില്‍ ഉമ്മയും മകളും തനിച്ചായിരുന്നു. അനിയത്തി വിവാഹം കഴിഞ്ഞ് ദൂരെയാണ് താമസിക്കുന്നത്. അവിവാഹിതയാണ് റംലാ ബീവി. ദോഹയിലെത്തി എവിടെയെങ്കിലും ജോലിക്ക് കയറിയെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയത്. പിന്നീടാണ് ജയിലിലാണെന്ന വിവരം എംബസി അധികൃതരിലൂടെ അറിയുന്നത്. റംലയ്ക്ക് വേണ്ടി അഭിഭാഷകരെ കാണാനോ പിഴയൊടുക്കാനോ ഇന്ത്യന്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാനോ ആരുമില്ല. 

∙ ഉരുകി തീരുന്ന ജീവിതം
ഉമ്മയെ ഓര്‍ത്തുള്ള സങ്കടവും പുറത്തിറങ്ങാന്‍ സഹായിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവും ജീവിതം നഷ്ടമായി കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യവും എല്ലാം കൂടി റംലയ്ക്ക് പ്രമേഹവും രക്തസമ്മര്‍ദവും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായി. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധനകളും ചികിത്സയും മരുന്നും തടവുകാര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ ഉറപ്പാക്കുന്നതിനാല്‍ റംലയ്ക്ക് ചികിത്സയുടെയോ മരുന്നിന്‌റെയോ മറ്റ് ബുദ്ധിമുട്ടുകളില്ല. കൃത്യസമയത്ത് ആഹാരവും ലഭിക്കും.

ജയിലിനുള്ളില്‍ ജീവിതം ഉരുകി തീരുന്നതിന്‌റെ മാനസിക വ്യഥയാണ് റംലയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം. അമിത വണ്ണം കാലുകള്‍ക്ക് താങ്ങാന്‍ കഴിയാതെയായി. നടക്കാനും ഇരിക്കാനുമെല്ലാം വേദനയാണ്. ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‌റ് ഫോറവും മുഖേന വീട്ടിലെ വിവരങ്ങള്‍ വല്ലപ്പോഴും അറിയാമെന്നതാണ് ആകെ ആശ്വാസം. 80 വയസ്സായ ഉമ്മയെ ഒരു വട്ടമെങ്കിലും കാണാന്‍ കഴിയണമെന്നതു മാത്രമാണ് റംലയുടെ ആഗ്രഹം.

∙ ജാഗ്രത വേണം
ഖത്തറിലെ നിയമപ്രകാരം മയക്കുമരുന്ന് കൈവശം വെച്ചതില്‍ ശിക്ഷ അനുഭവിക്കുന്ന ഏതൊരാള്‍ക്കും കോടതി വിധിക്കുന്ന തടവു ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ മാത്രം പോര പിഴത്തുകയും അടച്ചാല്‍ മാത്രമേ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങാന്‍ കഴിയൂ. പിഴത്തുക അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് കോടതി വിധിക്കുന്ന നിശ്ചിത നാള്‍ കൂടി തടവ് അനുഭവിക്കേണ്ടി വരും. മയക്കുമരുന്ന് കൈവശം വെയ്ക്കുന്നത് രാജ്യദ്രോഹ കുറ്റമാണെന്നിരിക്കെ ശിക്ഷാ കാലാവധിയില്‍ ഇളവോ അല്ലെങ്കില്‍ പിഴത്തുകയില്‍ കുറവോ ഒന്നും സാധ്യമല്ല.

അറസ്റ്റ് ചെയ്യുമ്പോള്‍ കൈവശം ലഹരി ഉണ്ടായിരുന്നോ ഇല്ലയോ എന്നതുമാത്രമാണ് കോടതി തെളിവായി സ്വീകരിക്കുന്നത്. പണമുണ്ടെങ്കില്‍ സ്വദേശി അഭിഭാഷകര്‍ മുഖേന കോടതിയില്‍ നിരപരാധിത്വം ബോധിപ്പിക്കാം. കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കപ്പെടണമെങ്കില്‍ സ്വദേശി വക്കീലിന് ലക്ഷങ്ങള്‍ കൊടുക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇതിനൊന്നും കഴിയുകയുമില്ല.

അതേസമയം വിധി പറഞ്ഞ കേസ് വീണ്ടും കോടതിയുടെ പരിഗണനയിലെത്തിച്ച് നിരപരാധിത്വം കോടതിയില്‍ തെളിയിച്ച് ശിക്ഷയില്‍ ഇളവ് നേടി സ്വദേശങ്ങളിലേക്ക് മടങ്ങിയ അപൂര്‍വം കേസുകളും ഖത്തറിലുണ്ടായിട്ടുണ്ട്. റംലയെ പോലെ ചതിക്കുഴിയിലേക്ക് അറിയാതെ ആഴത്തില്‍ വീണുപോയവരാണ് ഇവിടുത്തെ ജയിലുകളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും. വനിതാ ജയിലില്‍ മാത്രം പതിനഞ്ചോളം പേരാണ് അറിഞ്ഞോ അറിയാതെയോ ചെയ്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നത്.

ലഹരി കൈവശം വയ്ക്കുന്നതിന്‌റെ ഭവിഷ്യത്തുകളെക്കുറിച്ചും നിയമനടപടികളെക്കുറിച്ചും അറിയാത്തവരാണ് പലരും. ഭാഷ അറിയില്ലെന്നതിനാല്‍ നിരപരാധിത്വം കൃത്യമായി അധികൃതരെ ബോധ്യപ്പെടുത്താനും കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സമൂഹത്തെ വിനാശത്തിലേക്ക് നയിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്ന രാജ്യമാണ് ഖത്തര്‍.

രാജ്യത്തേക്ക് എത്തുന്ന നിരോധിത സാധനങ്ങള്‍ വിമാനത്താവളത്തിനുള്ളില്‍ വച്ച് തന്നെ കണ്ടെത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യകളും കര്‍ശന പരിശോധനകളുമാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടു തന്നെ ഖത്തറിലേക്കുള്ള യാത്രകളില്‍ അപരിചിതര്‍ മാത്രമല്ല ബന്ധുക്കള്‍ പോലും നല്‍കുന്ന പൊതികള്‍ സ്വീകരിക്കരുത്. അറിയാതെ പോലും ബാഗിനുള്ളില്‍ ഇത്തരം ലഹരി മരുന്നുകള്‍ എത്താതിരിക്കാന്‍ ജാഗ്രത കൂടുതല്‍ വേണം.

ഗള്‍ഫ് നാടുകളിലേക്ക് എത്തുന്ന മുന്‍പേ അവിടുത്തെ നിയമങ്ങളെക്കുറിച്ച് കൂടി ബോധവാന്മാരാകണം. അല്‍പം ജാഗ്രതയോടെ പെരുമാറിയാല്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളില്‍ വീഴാതെ ജീവിതം തിരിച്ചു പിടിക്കാം.

English Summary:

life story of 53 year old indian lady sentenced to 15 years in jail for drug case in Qatar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com