ഉറങ്ങാതെ 58 മണിക്കൂറോളം ചുംബിച്ചു: നേടിയത് രണ്ട് ഡയമണ്ട് മോതിരങ്ങളും 23,000 രൂപയും; ഒടുവിൽ വിവാഹ മോചനം

Mail This Article
ബാങ്കോക്ക് ∙ ചുംബനത്തിന് ലോക റെക്കോർഡ് നേടിയ ദമ്പതികളെ അത്ര വേഗം ആരും മറന്നു കാണില്ല. അന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയാണ് ഇവർ വാർത്തകളിൽ ശ്രദ്ധ നേടിയതെങ്കിൽ ഇന്ന് ഇരുവരും വേർപിരിയുന്നു എന്ന വാർത്തയാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.
2013-ൽ 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചാണ് തായ് ദമ്പതികളായ എക്കാചായിയും ലക്സാന തിരനാരത്തും ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. ഇവർ വേർപിരിയുന്നതായി രാജ്യാന്തര മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ഉറങ്ങാതെ, മണിക്കൂറുകളോളം നിന്ന്, പരസ്‌പരം ചുംബിച്ച് റെക്കോർഡ് നേടിയ ഇവർ തങ്ങളുടെ അസാധാരണമായ സഹനശക്തിയും പ്രതിബദ്ധതയും കൊണ്ട് ലോകത്തെ ആകർഷിച്ചു. 100,000 തായ് ബാഹ്തും (ഏകദേശം 23,465 രൂപ) രണ്ട് ഡയമണ്ട് മോതിരങ്ങളുമാണ് ഇവർ സമ്മാനമായി അന്ന് നേടിയത്.
അതേസമയം എന്താണ് വിവാഹമോചനത്തിനുള്ള കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. വളരെ സങ്കടത്തേടെ ഈ വാർത്ത പങ്കുവയ്ക്കുന്നതായി എക്കാചായി ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞു. തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വിലമതിക്കാനാവാത്ത നല്ല ഓർമകൾ ഉണ്ടായിരുന്നുവെന്നും, ഇപ്പോൾ വേർപിരിഞ്ഞു മുന്നോട്ട് പോകേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.