ദുബായിൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾക്ക് ഏപ്രിൽ മുതൽ ദീവ ലൈസൻസ് നിർബന്ധം

Mail This Article
ദുബായ് ∙ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ഈ മാസം 31നകം ഓപ്പറേറ്റിങ് ലൈസൻസ് എടുക്കണമെന്നും ദുബായ് ജലവൈദ്യുതി അതോറിറ്റി (ദീവ) ആവശ്യപ്പെട്ടു.
സൗജന്യ ഇവി ചാർജിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സിപിഒകൾ, പണം ഈടാക്കി സേവനം നൽകുന്ന സിപിഒകൾ എന്നീ രണ്ട് തരം ലൈസൻസുകളിൽ ഏതെങ്കിലും ഒരെണ്ണം നിർബന്ധമാണ്. സേവനം വാഗ്ദാനം ചെയ്യുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും നിയമം പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിനകം സൗജന്യ സേവനങ്ങൾ നൽകുന്നവർക്ക് 31 വരെ തുടരാമെങ്കിലും കാലപരിധിക്കകം നടപടി പൂർത്തിയാക്കി ലൈസൻസ് എടുക്കണമെന്നും വ്യക്തമാക്കി.
സുസ്ഥിര മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക, വായുനിലവാരം മെച്ചപ്പെടുത്തുക, ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050, ദുബായ് ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി 2030 എന്നീ ലക്ഷ്യങ്ങൾ നേടുന്നതിന് ഇ.വി ചാർജിങ് സ്റ്റേഷനുകളുടെ വ്യാപനം സഹായകമാകുമെന്ന് ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.