ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത; ദക്ഷിണ കൊറിയയെ സമനിലയിൽ തളച്ച് ഒമാൻ

Mail This Article
മസ്‌കത്ത്∙ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ ഘട്ടത്തിലെ അതി നിര്‍ണായക മത്സരത്തില്‍ കരുത്തരെ സമനിലയില്‍ തളച്ച് ഒമാന്‍. ഗോയാങ്ങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമാനും ദക്ഷിണ കൊറിയയും ഒരു ഗോള്‍ വീതം നേടി.
ദക്ഷിണ കൊറിയക്കെതിരെ ആദ്യ മിനിറ്റ് മുതലുള്ള ഒമാന്റെ പ്രതിരോധ നീക്കങ്ങൾ കൃത്യമായി ഫലം കാണുകയും കൊറിയന്‍ മുന്നേറ്റങ്ങളെ തടയാന്‍ സാധിക്കുകയും ചെയ്തു. ഗോള്‍ രഹിതമായി ആദ്യ പകുതി പിരിയുമെന്ന തോന്നിപ്പിച്ച ഘട്ടത്തിലാണ് 41-ാം മിനിറ്റിൽ ഒമാന്റെ പ്രതിരോധപ്പൂട്ട് തകര്‍ത്ത് ഹവാംഗ് ഹീ ചാനിലൂടെ ആതിഥേയര്‍ ലീഡ് നേടിയത്.
രണ്ടാം പകുതിയില്‍ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയ ഒമാന്‍ ടീം തുടര്‍ച്ചയായി കൊറിയന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചെത്തി. കൊറിയന്‍ ഗോള്‍ മുഖത്ത് ഭീതി സൃഷ്ടിച്ചുകൊണ്ടിരുന്ന ഒമാന്‍ ഒടുവില്‍ 80-ാം മിനിറ്റിൽ അലി അല്‍ ബുസൈദിയിലൂടെ ലക്ഷ്യം കണ്ടു. മുഹമ്മദ് അല്‍ ഗസ്സാനിയുടെ പാസിലായിരുന്നു സമനില ഗോള്‍ പിറന്നത്.

ഗ്രൂപ്പ് ബിയില്‍ ഏഴ് കളിയില്‍ ന്നിന്ന് 15 പോയിന്റുമായി ദക്ഷികൊറിയ ഏതാണ്ട് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഇന്നലെ മത്സരത്തോടെ ഏഴ് കളിയില്‍നിന്ന് ഒമാന്റെ പോയിന്റ് നില ഏഴായി ഉയര്‍ന്നു.

നാലാം സ്ഥാനത്താണ് ഒമാന്‍. ഈ മാസം 25ന് കുവൈത്തിനെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. ഇതിനായി ടീം അടുത്ത ദിവസം യാത്ര തിരിക്കും.