അൽ ഐനിൽ വീട്ടിൽ തീപിടിത്തം; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Mail This Article
അൽ ഐൻ ∙ അൽ ഐനിൽ വീടിന് തീ പിടിച്ച് സ്വദേശി കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. 6 മുതൽ 13 വരെ വയസ്സുള്ള കുട്ടികളാണ് കനത്ത പുകയിൽ ശ്വസംമുട്ടി മരിച്ചത്. ഇന്നലെ രാവിലെ 9.30ന് നാഹിൽ ഏരിയയിലായിരുന്നു സംഭവം. അൽ കഅബി കുടുംബത്തിലെ കുട്ടികളായ തിയാബ് സഈദ് മുഹമ്മദ് അൽ കഅബി(13), സാലെം ഗാരിബ് മുഹമ്മദ് അൽ കഅബി(10), സഹോദരൻ ഹാരിബ് അൽ കഅബി(6) എന്നിവരാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു.
കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിലുണ്ടായ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. കുട്ടികളെ അവരുടെ മുത്തച്ഛൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും തീ പെട്ടെന്ന് തന്നെ പടർന്നതിനാൽ സാധിച്ചില്ല. ഇദ്ദേഹത്തിന് നിസാര പരുക്കേറ്റു. കനത്ത പുകയിൽ ശ്വാസംമുട്ടിയാണ് മൂവരും മരിച്ചത്. തീ പിടിത്തത്തിന്റെ കാരണം അധികൃതർ അന്വേഷിക്കുന്നു.