ശ്രേഷ്ഠ കാതോലിക്കാ വാഴ്ച നാളെ; കേരളത്തിൽ നിന്നു നാനൂറോളം പേർ പങ്കെടുക്കും

Mail This Article
ബെയ്റൂട്ട് ∙ യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാർ ഗ്രിഗോറിയോസിനെ നാളെ വാഴിക്കും. ഇന്ത്യൻ സമയം രാത്രി 8.30 ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിലാണു ചടങ്ങ്.
കുർബാനമധ്യേയുള്ള ചടങ്ങുകൾക്കു ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കാർമികത്വം വഹിക്കും. യാക്കോബായ സഭയുടേതടക്കം സിറിയൻ ഓർത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാർ സഹകാർമികരാകും. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധിസംഘവും മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയും ഇവിടെയെത്തിയിട്ടുണ്ട്.
മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ഇന്നെത്തും. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിനിധിസംഘം ഇന്നു പുലർച്ചെ യാത്ര തിരിക്കും. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിസംഘവും ചടങ്ങുകളിൽ പങ്കെടുക്കും.

സഭാ ഭാരവാഹികളും വിശ്വാസികളും ഉൾപ്പെടെ കേരളത്തിൽ നിന്നു നാനൂറോളം പേർ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണു കരുതുന്നത്. ചടങ്ങു നടക്കുന്ന സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്നലെ നടന്ന പ്രാർഥനയ്ക്ക് പാത്രിയർക്കീസ് ബാവായും ജോസഫ് മാർ ഗ്രിഗോറിയോസും നേതൃത്വം നൽകി.