എമ്പുരാനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ആവേശത്തോടെ സൗദിയിലെ പ്രവാസ ലോകം

Mail This Article
അൽഖോബാർ∙ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സൗദിയിലെ സിനിമാപ്രേമികൾക്കും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. റിയാദ് ഗ്രാനാഡാ മാളിലെ തിയറ്ററിൽ പുലർച്ചെ 3.30ന് ആദ്യ ഫാൻസ് ഷോ നടക്കും. സ്റ്റീഫൻ നെടുമ്പള്ളിയുടെയും അബ്രാം ഖുറേഷിയുടെയും വരവ് ആഘോഷിക്കാൻ സൗദിയിലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഓൺലൈൻ കമ്മിറ്റി പ്രവർത്തകർ തയ്യാറെടുക്കുകയാണ്. ഭാരവാഹികൾ അറിയിച്ചതനുസരിച്ച്, ഫാൻസ് ഷോയുടെ ടിക്കറ്റ് എടുത്തവർ മൂന്ന് മണിയോടെ ഗ്രാനാഡാ മാളിലെ 10-ാം നമ്പർ ഗേറ്റിൽ ഒത്തുകൂടും.
ഫാൻസ് അംഗങ്ങൾ മോഹൻലാലിന്റെ ചിത്രമുള്ള ടീഷർട്ടുകൾ ധരിച്ചെത്തി കുടുംബസമേതം കേക്ക് മുറിച്ച് ആഘോഷം തുടങ്ങും. ഒപ്പം മാളിലെ വലിയ സ്ക്രീനിൽ അസോസിയേഷൻ തയ്യാറാക്കിയ റീൽസ് പ്രദർശിപ്പിച്ച് സിനിമയെ വരവേൽക്കും.

നാളെ അൽഖോബാർ, റിയാദ്, ജിദ്ദ, അറാർ എന്നിവിടങ്ങളിലെ എംപയർ, എഎംസി സിനിമാസുകളിൽ 1525 സീറ്റുകളാണ് ഫാൻസ് ഷോയ്ക്കായി ഒരുക്കിയിരിക്കുന്നത്. അൽഖോബാർ എഎംസിയിൽ രണ്ടു തിയറ്ററുകളിൽ ആദ്യ ഷോ പുലർച്ചെ 3.30നും രാത്രി 9നും നടക്കും. റിയാദ് എംപയറിൽ 3.30നും രാത്രി 8.30നും, ജിദ്ദ ഐമാക്സ്, എഎംസി എന്നിവിടങ്ങളിൽ പുലർച്ചെ 3.30നും എംപയർ സ്ഫേരാ, എംപയർ എസ്റ്റിഡി എന്നിവിടങ്ങളിൽ രാത്രി 9നും, അറാർ എംപയർ തിയറ്ററിൽ രാവിലെ 3.30നും ഫാൻസ് ഷോ ഉണ്ടാകും. ഫാൻസ് ഷോ ടിക്കറ്റ് നിരക്ക് 45 മുതൽ 65 റിയാൽ വരെയാണ്.

തുടർന്നുള്ള ദിവസങ്ങളിലെ പ്രദർശന, ബുക്കിങ് വിവരങ്ങൾ എഎംസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അൽഖോബാറിലെ മിക്ക ഷോകൾക്കും മികച്ച ബുക്കിങ് നടക്കുന്നുണ്ട്. ആദ്യ രണ്ടു ഷോകളിലെ സീറ്റുകൾ ഏറെക്കുറെ പൂർണ്ണമായതായി ഓൺലൈൻ ബുക്കിങ് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം 30 വരെയാണ് സൗദിയിലെ തിയറ്ററുകളിൽ പ്രദർശനം. പെരുന്നാൾ അവധി ദിവസങ്ങളിലും പ്രദർശനം തുടരുകയാണെങ്കിൽ കൂടുതൽ ആരാധകർ എത്താൻ സാധ്യതയുണ്ട്. നിലവിൽ ടിക്കറ്റ് നിരക്ക് 30 റിയാൽ ആണ് കാണിക്കുന്നത്.