സൈബർ ചതിക്കുഴിയിൽ നിന്ന് രക്ഷ; തൊഴിലാളികൾക്ക് ഡിജിറ്റൽ ക്ലാസ്

Mail This Article
ദുബായ് ∙ വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്കു തുടക്കമിട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. കെഎംസിസിയുമായി സഹകരിച്ചാണ് ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾക്കായി പരിപാടി നടത്തുന്നത്. മൊത്തം 5000 തൊഴിലാളികൾക്ക് ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരത നൽകും.
ഡിജിറ്റൽ മേഖലയിലെ ചതിക്കുഴികളെക്കുറിച്ചാണ് തൊഴിലാളികളെ ബോധവൽക്കരിക്കുന്നത്. സ്മാർട് ഫോണുകളും ആധുനിക സാങ്കേതിക വിദ്യകളും എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് തൊഴിലാളികളെ പഠിപ്പിക്കും.
സാങ്കേതിക മേഖലയിലെ മോശം പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കുന്നതിനൊപ്പം സാങ്കേതിക സൗകര്യം പ്രയോജനപ്പെടുത്താനും തൊഴിലാളികളെ പ്രാപ്തരാക്കുകയാണ് ബോധവൽകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. ഓൺലൈൻ വഴിയാണ് ക്ലാസ് നൽകുക.
ഇതിനായി ഗൂഗിൾ മീറ്റ് ഉപയോഗിക്കും. സാങ്കേതിക സ്ഥാപനമായ ഇഡാപ്റ്റ് ലേണിങ് ടെക്നോളജീസ് ക്ലാസുകൾക്ക് നേതൃത്വം നൽകും. 8 ആഴ്ചകളിലായാണ് ക്ലാസ്. ആദ്യ 4 ആഴ്ചകളിൽ അടിസ്ഥാന കാര്യങ്ങളും തുടർന്നുള്ള ക്ലാസുകളിൽ നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ അടിസ്ഥാന വിവരങ്ങളും ഉപയോഗങ്ങളും സംബന്ധിച്ച ക്ലാസുകളും നൽകുമെന്ന് കെഎംസിസി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ പറഞ്ഞു. ക്ലാസുകൾ ഏപ്രിലിൽ തുടങ്ങും.