വ്യാജ കറൻസിയുമായി കുവൈത്ത് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരൻ പിടിയിൽ

Mail This Article
കുവൈത്ത് സിറ്റി∙ രാജ്യത്ത് പത്ത് വർഷം മുൻപ് പിൻവലിച്ച അഞ്ചാം പതിപ്പ് കറൻസി വ്യാജമായി നിർമിച്ച് മാറ്റാൻ ശ്രമിച്ച കുവൈത്ത് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിലായി. ഏഷ്യൻ വംശജനായ മുൻ ജീവനക്കാരനെയാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം മേജർ ജനറൽ ഹമീദ് അൽ ദവാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാജ കറൻസികൾ അച്ചടിക്കാൻ കൂട്ടുനിന്നവരും പിടിയിലായിട്ടുണ്ട്.
പത്തൊമ്പതിനായിരം ദിനാർ മൂല്യമുള്ള നോട്ടുകളാണ് ഇയാളിൽ നിന്നും പിടികൂടിയത്. 2015ൽ പിൻവലിച്ച അഞ്ചാം പതിപ്പിന്റെ 20, 10 ദിനാർ നോട്ടുകളാണ് വ്യാജമായി നിർമിച്ച് മാറ്റാൻ ശ്രമിച്ചത്.
അഞ്ചാം പതിപ്പ് നോട്ടുകൾ മാറ്റാൻ 2025 ഏപ്രിൽ 18 വരെ സെൻട്രൽ ബാങ്ക് അനുവദിച്ചിട്ടുണ്ട്. ഇവ സെൻട്രൽ ബാങ്ക് തിരികെ വാങ്ങി നശിപ്പിക്കും. ഇത് മനസ്സിലാക്കിയാണ് മുൻ ജീവനക്കാരൻ വ്യാജ നോട്ടുകൾ ബാങ്കിൽ മാറ്റാൻ നൽകിയത്. എന്നാൽ ഇവ വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ ഉടൻ തന്നെ പൊലീസിന് വിവരം അറിയിച്ചു.
തുടർന്ന്, ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, വ്യാജ നോട്ടുകൾ മാറ്റാൻ മുൻ സഹപ്രവർത്തകരിൽ നിന്നും സഹായവും പ്രതീക്ഷിച്ചിരുന്നതായി വ്യക്തമാക്കി. മുമ്പും ഇയാൾ സമാന രീതിയിൽ നോട്ട് മാറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ല. പബ്ലിക് പ്രോസിക്യൂഷൻ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
∙സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്
അടുത്ത മാസം 18ന് ശേഷം അഞ്ചാം പതിപ്പ് കറൻസികൾ ആറാം പതിപ്പ് കറൻസിയിലേക്ക് മാറ്റാൻ കഴിയില്ല. വ്യാജ പണമിടപാടുകൾക്കെതിരെ ജാഗ്രത പാലിക്കാനും, സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാനും കുവൈത്ത് സെൻട്രൽ ബാങ്ക് പൊതുജനങ്ങളോട് അഭ്യർഥിച്ചു.