ദുബായിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഡോ. ഷംഷീർ വയലിലും

Mail This Article
ദുബായ് ∙ ദുബായിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ആദ്യ മൂന്നിൽ ഇടംപിടിച്ച് മലയാളി. ദുബായിയുടെ ഭാവി രൂപപ്പെടുത്തുന്നതിലുള്ള ഇവരുടെ പങ്കും ശേഷിയും വിലയിരുത്തി തയ്യാറാക്കിയ പട്ടികയിൽ പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലാണ് മൂന്നാമതെത്തിയത്. ബിസിനസ് ഗവൺമെന്റ്, സാംസ്കാരിക, സാങ്കേതിക മേഖലകളിൽ നിർണായക സംഭാവനകൾ നൽകുന്ന വ്യക്തികളുടെ പ്രവർത്തനം വിലയിരുത്തി മധ്യപൂർവദേശത്തെ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസാണ് വാർഷിക പട്ടിക പുറത്തു വിട്ടത്.
സ്വന്തം മേഖലയിലെ സ്വാധീനം, ദുബായിയുടെ വളർച്ചയ്ക്കായി നടത്തുന്ന ഇടപെടലുകൾ എന്നിവ അടക്കം ഒൻപത് ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് റാങ്കിങ്. ബുർജിൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ ആരോഗ്യ മേഖലയിൽ നവീനമായ മുന്നേറ്റങ്ങൾക്കും വിദഗ്ധ പരിചരണം പ്രാദേശികമായി ലഭ്യമാക്കാനും മെഡിക്കൽ ടൂറിസം ശക്തമാക്കാനും നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിച്ചതെന്ന് അറേബ്യൻ ബിസിനസ് പറയുന്നു.
ആരോഗ്യ മേഖലയിൽ വിവിധ സേവനങ്ങളെ ഒന്നിപ്പിച്ച് ആശുപത്രികളും ക്ലിനിക്കുകളും അടങ്ങുന്ന ശൃംഖലയിലൂടെ ലോകനിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാൻ അദ്ദേഹത്തിനായി. കമ്പനിയുടെ സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലുള്ള സംഭാവനയും മെഡിക്കൽ ഗവേഷണം, ആരോഗ്യ രംഗത്തെ നൂതന പരീക്ഷണങ്ങൾ, എന്നിവയിലുള്ള നിക്ഷേപവും പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നതിന് ഡോ. ഷംഷീറിന് സഹായകരമായി.
ഇമാർ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അൽ അബ്ബാറാണ് ദുബായിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി. മഷ്‌റഖ് ബാങ്ക്, അൽഗുറൈർ ഇൻവെസ്റ്റ്മെന്റ് സ്ഥാപകൻ അബ്ദുൽ അസീസ് അൽഗുറൈറാണ് രണ്ടാം സ്ഥാനത്ത്. മധ്യപൂർവദേശത്തെ വ്യവസായികരംഗത്ത് നിർണായക സംഭാവനകൾ നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പ് സിഇഒ ഡിനോ വർക്കി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ, ഫാത്തിമ ഹെൽത്ത് ചെയർമാൻ ഡോ. കെപി ഹുസൈൻ എന്നിവരാണ് ദുബായിൽ നിർണായക സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിലെ മറ്റു മലയാളികൾ.