ചരിത്രമെഴുതി ഇന്ത്യൻ നാവിക സേനയുടെ വനിതാ യോദ്ധാക്കൾ; അഭിമാന താരങ്ങളായി ‘കേപ്പ് ഹോണേഴ്സ്’

Mail This Article
സാന്റിയാഗോ ∙ ഇന്ത്യൻ നാവിക സേനയുടെ വനിതാ യോദ്ധാക്കൾ ചരിത്രം കുറിച്ചു! ലഫ്റ്റനന്റ് കമാൻഡർ ദിൽന.കെ യും ലഫ്റ്റനന്റ് കമാൻഡർ രൂപ.എ യും– ഐഎൻഎസ്സി താരണിയുടെ സാഗര പര്യടനത്തിന്റെ മൂന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയാണ് ഇവർ ചരിത്രമെഴുതിയത്. അതീവ ദുർഘടമായ കേപ്പ് ഹോൺ മറികടന്ന ഇരുവരും രാജ്യത്തിന്റെ യശസ്സ് ഉയർത്തി.
തെക്കേ അമേരിക്കയുടെ തെക്ക് ഭാഗത്തുള്ള തുറന്ന കടൽ മാർഗ്ഗം സ്ഥിരീകരിച്ച ഇംഗ്ലിഷ് പര്യവേക്ഷകനായ സർ ഫ്രാൻസിസ് ഡ്രേക്കിന്റെ പേരിൽ അറിയപ്പെടുന്ന ഡ്രേക്ക് പാസേജിലൂടെയാണ് ഇവർ യാത്ര ചെയ്തത്. അതിശക്തമായ കാറ്റ്, ഉയരം കൂടിയ തിരമാലകൾ, പ്രവചനാതീതമായ കാലാവസ്ഥ എന്നിവയ്ക്ക് പേരുകേട്ട അപകടകരമായ ഒരു ജലാശയമാണിത്.
ഈ യാത്ര വിജയകരമാക്കിയതിലൂടെ ഇരുവരും "കേപ്പ് ഹോണേഴ്സ്" എന്ന പദവിക്ക് അർഹരായി. പായ്‌വഞ്ചികളിൽ കേപ്പ് ഹോൺ വിജയകരമായി നാവിഗേറ്റ് ചെയ്ത നാവികരുടെ എലൈറ്റ് ഗ്രൂപ്പിന് സാധാരണയായി നൽകുന്ന ഒരു പദവിയാണിത്.
അന്റാർട്ടിക്കയിൽ നിന്ന് 800 കിലോമീറ്ററിൽ (432 നോട്ടിക്കൽ മൈൽ) കൂടുതൽ അകലെയാണ് കേപ്പ് ഹോൺ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിലൂടെയുള്ള യാത്രയ്ക്ക് അസാധാരണമായ നാവിഗേഷൻ വൈദഗ്ദ്ധ്യം മാത്രമല്ല, സതേൺ ഓഷ്യന്റെ കഠിനമേറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവുകൂടി ആവശ്യമാണ്.
നാവിക സാഗർ പരിക്രമ രണ്ടിന്റെ ശാസ്ത്രീയ പര്യടനത്തെയും സഹകരണത്തെയും പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്. കഴിഞ്ഞ വർഷം, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി, ഗോവയിലെ ഐഎൻഎസ് മണ്ടോവിയിലെ ഓഷ്യൻ സെയിലിങ് നോഡിൽ ഐഎൻഎസ്സി താരണിയെ നാവിക സാഗർ പരിക്രമ രണ്ടിന്റെ പര്യടനത്തിനായി ഫ്ലാഗ് ഓഫ് ചെയ്തു.
ഈ ചരിത്രപരമായ യാത്ര 240 ദിവസത്തിനുള്ളിൽ നാല് ഭൂഖണ്ഡങ്ങളെയും മൂന്ന് സമുദ്രങ്ങളെയും മൂന്ന് വെല്ലുവിളി നിറഞ്ഞ കേപ്പുകളെയും 23,400 നോട്ടിക്കൽ മൈലുകളും താണ്ടി, സമുദ്ര ചരിത്രത്തിൽ വലിയ നാഴികക്കല്ല് രചിച്ചാണ് പൂർത്തിയാക്കിയത്.