മായൻ ആരാധനാലയത്തിന്റെ പടികയറി; വിനോദസഞ്ചാരിക്ക് മെക്സിക്കോയിൽ മർദനം

Mail This Article
ആയിരക്കണക്കിനു വർഷം മുൻപ് നിർമിക്കപ്പെട്ട മായൻ ആരാധനാലയത്തിന്റെ പടി കയറിയ ജർമൻ വിനോദസഞ്ചാരിയെ നാട്ടുകാർ ആക്രമിച്ചു. കുകുൽകാൻ ടെംപിൾ എന്നറിയപ്പെടുന്ന ആരാധനാലയത്തിന്റെ പടികയറിയാണു ജർമൻകാരൻ മുകളിലേക്കു പോയത്. ഈ ആരാധനാലയത്തിന്റെ പടികയറുന്നതും ഉള്ളിൽ പ്രവേശിക്കുന്നതും വിലക്കിയിരിക്കുകയാണ്. മെക്സിക്കോയിലെ യൂക്കാട്ടനിലുള്ള ചിച്ചെൻ ഇറ്റ്സ എന്ന മേഖലയിലാണ് ആരാധനാലയം.
ഈ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിനോദസഞ്ചാരി മുകളിലേക്കു പോയതിനു പിന്നാലെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അദ്ദേഹത്തെ പിന്തുടരുന്നതും കാണാം. താമസിയാതെ ജർമൻ നാഷനൽ ഗാർഡ് ഉദ്യോഗസ്ഥരും രംഗത്തെത്തി. അവർ ജർമൻകാരനെ പിടിച്ചു താഴെയിറക്കി. ഇതിനിടക്കാണു നാട്ടുകാരും അദ്ദേഹത്തെ അടിച്ചത്. എഡി 250 മുതൽ 1697 വരെയുള്ള കാലഘട്ടത്തിൽ കേന്ദ്ര അമേരിക്കൻ മേഖലയിൽ സ്ഥിതി ചെയ്ത പ്രാചീനലോകത്തെ പ്രബലമായ നാഗരിതകകളിലൊന്നായിരുന്ന മായൻ സംസ്കാരം ഇന്നത്തെകാലത്തെ ഗ്വാട്ടിമാലയിലെ താഴ്‌വരകൾ, യൂക്കാട്ടൻ ഉപദ്വീപ്, ബെലൈസ്, മെക്സിക്കോയുടെയും ഹോണ്ടുറസിന്റെയും ഭാഗങ്ങൾ എന്നിവിടങ്ങളിലായാണു പരന്നുകിടന്നത്.
എഡി ആറാം നൂറ്റാണ്ടിൽ ഇവർ ഏറ്റവും ശക്തമായ നിലയിലെത്തി. കൃഷി, കരകൗശല നിർമാണം, ഗണിതം, വാസ്തുവിദ്യ എന്നീ മേഖലകളിൽ മികച്ചു നിന്ന മായൻമാർ സ്വന്തമായി ഒരു ഗ്ലിഫ് ലിപി രൂപപ്പെടുത്തിയിരുന്നു. മായൻ നാഗരികതയുടെ ഏറ്റവും പ്രൗഢമായ ചിഹ്നങ്ങളിലൊന്നായിരുന്നു അവർ തയാറാക്കിയ കലണ്ടർ. ഹാബ് എന്ന പൊതു കലണ്ടറും സോൽകീൻ എന്ന ദിവ്യമായി കരുതിപ്പോന്ന കലണ്ടറും ഇതിന്റെ ഭാഗങ്ങളാണ്. ഭാവിയിലേക്കുള്ള സമയക്രമത്തിനായി ലോങ് കൗണ്ട് കലണ്ടർ എന്നൊരു വകഭേദവും അവർ രൂപകൽപന ചെയ്തു.
മെക്സിക്കോയിലെ ആന്ത്രപ്പോളജി, ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കിയോളജിസ്റ്റുകൾ 2022ൽ 1500 വർഷം പഴക്കമുള്ള ആദിമ മായൻ നഗരം കണ്ടെത്തിയിരുന്നു. മെക്സിക്കോയിലെ യൂക്കാട്ടാൻ മേഖലയിലാണ് ഷിയോൾ എന്നറിയപ്പെട്ട നഗരം കണ്ടെത്തിയത്. എഡി 600– 900 കാലയളവിൽ നാലായിരത്തോളം ആളുകൾ താമസിച്ച നഗരമാണ് ഷിയോൾ. ലിഡാർ തുടങ്ങിയ സാങ്കേതികവിദ്യകളുപയോഗിച്ച് മായൻ നഗരങ്ങളെയും ശേഷിപ്പുകളെയും പറ്റി കൂടുതൽ ഗവേഷണങ്ങൾ ശാസ്ത്രജ്ഞർ തകൃതിയായി നടത്തുന്നുണ്ട്. പ്രാചീനകാലത്ത് അമേരിക്കയിൽ വലിയ വികാസം കൈവരിച്ച ഈ സംസ്കാരത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അതുവഴി അറിഞ്ഞേക്കാം.