ADVERTISEMENT

പ്രായമൊക്കെയായില്ലേ, ഇനി അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാം എന്ന പതിവു സങ്കല്‍പത്തെ അടങ്ങിയൊതുങ്ങാതെ ലോകം നീന്തിക്കാണാം എന്ന് തിരുത്തുകയാണ് കോട്ടയം പാലാ തിടനാട് സ്വദേശി കുര്യന്‍ ജേക്കബ്. നാല്‍പതു വര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ ബാങ്കറായി ജോലി ചെയ്ത കുര്യന്‍ വിരമിക്കലിനു ശേഷമുള്ള വിശ്രമജീവിതം സന്തോഷത്തോടെ നീന്തിത്തുടിക്കുകയാണ്. യൂറോപ്യന്‍ മാസ്റ്റേഴ്സ് ഗെയിംസ് വരെയെത്തിയ നീന്തല്‍.

പണ്ട് ആറ്റിന്‍കരയിലെ വീട്ടില്‍ നിന്ന് ആറ്റിലേക്ക് ചാടി മണിക്കൂറോളം നീന്തിയ കുഞ്ഞു കുര്യനെക്കാള്‍ ഇന്ന് 74 പിന്നിട്ട കുര്യനാണ് നീന്തലിനോട് കൂടുതല്‍ പ്രണയം.
2017ല്‍ വിരമിച്ച ശേഷം എഴുപതാം വയസ്സില്‍ തന്റെ കൂട്ടുകാര്‍ വഴിയാണ് മാസ്റ്റേഴ്സ് സ്വിമ്മിങ് മത്സരത്തെക്കുറിച്ച് അറിയുന്നത്. പിന്നെ അതിലേക്കായി ശ്രദ്ധ. സംസ്ഥാന തലത്തിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം. 2021 ആയപ്പോഴേക്കും ദേശീയ തലത്തില്‍ തന്നെ ഇരുപതോളം മെഡലുകള്‍. 2023ല്‍ ഫിന്‍ലന്‍ഡില്‍ നടന്ന യൂറോപ്യന്‍ മാസ്റ്റേഴ്സ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നു വെള്ളിയും രണ്ട് വെങ്കലവും നേടി. 2024 മേയില്‍ ഹൈദരാബാദില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസില്‍ 50,100,200, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, ബ്രെസ്റ്റ് സ്ട്രോക്ക് എന്നിങ്ങനെ പങ്കെടുത്ത അഞ്ചിനങ്ങളിലും സ്വര്‍ണം നേടി വ്യക്തിഗത ചാംപ്യനായി.

സ്‌കൂള്‍ തലം മുതലേ ഡിസ്‌കസ് ത്രോ, ജാവലിന്‍, റിലേ, ഷോട്പുട്ട് എല്ലാത്തിലും മിന്നും താരമായിരുന്നു കുര്യന്‍. ജില്ലാ, സംസ്ഥാന മേളകളിലെല്ലാം വിജയം. എന്നാല്‍ പത്തുമക്കളുള്ള വീട്ടിലെ ഏഴാമനായ കുര്യനും അന്നത്തെ കാലത്ത് സാഹചര്യങ്ങള്‍ കൊണ്ട് എല്ലാവരെയും പോലെ പഠിക്കാന്‍ വേണ്ടി പഠിച്ചു, ഇരുപത്തിമൂന്നാം വയസ്സില്‍ ഫെഡറല്‍ ബാങ്കില്‍ ജോലി നേടി. ഇഷ്ടമായ നീന്തല്‍ ഔദ്യോഗിക ജീവിതത്തിലും മറന്നില്ല. കൊല്‍ക്കത്ത, അസം, മുംബൈ, ബെംഗളൂരു, ഫിലിപ്പീന്‍സ്, ലണ്ടന്‍, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ജോലിചെയ്യുമ്പോഴും കാലത്ത് ഒരു മണിക്കൂര്‍ നീന്തല്‍, അത് ഒഴിവാക്കിയിരുന്നില്ല. തിരികെ എറണാകുളം തേവരയില്‍ റിട്ട. അധ്യാപികയായ ഭാര്യ സുനു കുര്യനുമൊത്തുള്ള വിശ്രമ ജീവിതത്തിലും ആ ശീലം തുടരുന്നു.

ഇപ്പോള്‍ ഒന്നല്ല, മണിക്കൂറുകള്‍ നീന്തിയാലും മതിയാകില്ല. നീന്തി കരയ്‌ക്കെത്തിയാല്‍ മധുരമിടാത്ത ഒരു കപ്പ് കട്ടന്‍കാപ്പി.. വൈകിട്ട് ജിമ്മില്‍ പോയി നീന്തലിനാവശ്യമായ ബോഡി ബില്‍ഡിങ്... എന്നിങ്ങനെ പോകുന്നു ദിനചര്യ. സ്വന്തമായി പഠിച്ച നീന്തല്‍ എഴുപതുകളില്‍ കുര്യന്‍ മിനുക്കിയെടുത്തത് യൂട്യൂബ് വിഡിയോകള്‍ വഴിയാണ്. അങ്ങനെ കരസ്ഥമാക്കിയ നീന്തല്‍ പാഠങ്ങളിലൂടെയാണ് രാജ്യാന്തര മത്സരങ്ങളില്‍ വരെയെത്തിയത്.

ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല കുര്യന്റെ റിട്ടയര്‍മെന്റ് പ്ലാനുകള്‍. ഈ മാസം അമേരിക്കയിലെ ക്ലീവന്‍ ലാന്‍ഡില്‍ നടക്കുന്ന പാന്‍ അമേരിക്കന്‍ മീറ്റിനു റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അതുകൊണ്ടും തീരുന്നില്ല, അടുത്തവര്‍ഷം തയ്‌വാനില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റ് എന്ന സ്വപ്നത്തിലേക്കാണ് ഇനി കുര്യന്‍ നീന്തിയടുക്കുന്നത്.

ഒരു നേരം ഊണ്, 20 മണിക്കൂര്‍ ഇടവേള
രാവിലെ ആറരയ്ക്കുള്ള നീന്തല്‍ പരിശീലനത്തിനുശേഷം മധുരമിടാത്ത ഒരു കപ്പ് സീറോ കാലറി കട്ടന്‍ കാപ്പി മാത്രം. പിന്നെ പന്ത്രണ്ടു മണിയോടെ നല്ല നാടന്‍ ഊണ്. ചിലദിവസം മീന്‍ അല്ലെങ്കില്‍ ഇറച്ചി ഉള്‍പ്പെടുത്തും. ഊണിനു ശേഷമോ അല്ലെങ്കില്‍ നാലുമണി ചായയ്ക്കൊപ്പമോ വീട്ടിലുണ്ടാക്കുന്ന 200 മില്ലി ലീറ്റര്‍ കൊംബൂച്ച (പുളിപ്പിച്ച കട്ടന്‍ചായ പാനീയം) നിര്‍ബന്ധമായും കുടിക്കും.

ഉച്ചഭക്ഷണം കഴിഞ്ഞാല്‍ നാലുമണിക്കേ ആഹാരമുള്ളൂ. കാപ്പിയോ ചായയോ ഏതായാലും മധുരമുണ്ടാവില്ല. പക്ഷേ, പാല്‍ അധികമായിരിക്കും. ഒപ്പം വട, അട, സാന്‍വിച്ച് അങ്ങനെ ഏതെങ്കിലും പലഹാരവും. പിന്നെ വെള്ളം മാത്രമാണ് കുടിക്കുക. ഇരുപതു മണിക്കൂര്‍ ഇന്റര്‍ മീഡിയറ്റ് ഫാസ്റ്റിങ്ങിനു ശേഷം അടുത്ത ദിവസം ഭക്ഷണം. ഇതാണ് കുര്യന്‍ ജേക്കബിന്റെ ഭക്ഷണക്രമം.

English Summary:

74-Year-Old Kurian Jacob Defies Age, Wins Big in European Swimming Championships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com