കാണാൻ ഒരുപോലെ, ഗുണങ്ങൾ വ്യത്യസ്തം; ആരോഗ്യത്തിന് നല്ലത് ചിയ വിത്തോ, കസ്കസോ?
Mail This Article
നിരവധി ആരോഗ്യ ഗുണങ്ങളുള്ള സൂപ്പര്‍ ഫുഡുകളാണ് ചിയ വിത്തുകളും കസ്കസും. കാഴ്ചയില്‍ ഏതാണ്ട് ഒരു പോലെ ഇരിക്കുമെങ്കിലും വ്യത്യസ്തമായ ഗുണങ്ങളാണ് ഇവ ശരീരത്തിന് പ്രദാനം ചെയ്യുന്നത്. മധ്യ, ദക്ഷിണ മെക്സിക്കോയിലും ഗ്വാട്ടിമാലയിലും ഉത്ഭവിച്ച സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയില്‍ നിന്നാണ് ചിയ വിത്തുകള്‍ ഉണ്ടാക്കുന്നത്. ഓവല്‍ രൂപത്തിലുള്ള ഈ ചെറുവിത്തുകള്‍ കറുപ്പ്, വെളുപ്പ്, ഗ്രേ നിറങ്ങളിലുണ്ടാകും.
തുളസിയുടെ ഒരു വകഭേദമായ ഒസിമം ബാസിലിക്കം എന്ന ബേസില്‍ ചെടിയില്‍ നിന്നാണ് കസ്കസ് ഉണ്ടാക്കുന്നത്. വട്ടത്തില്‍ കറുത്ത നിറത്തിലുള്ള കസ്കസ് ഇന്ത്യ, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് മുഖ്യമായും കാണപ്പെടുന്നത്.
100 ഗ്രാം ചിയ വിത്തില്‍ 58 കിലോ കലോറിയും രണ്ട് ഗ്രാം പ്രോട്ടീനും അഞ്ച് ഗ്രാം കാര്‍ബോഹൈഡ്രേറ്റും നാല് ഗ്രാം ഫൈബറും 3.8 ഗ്രാം ഒമേഗ-3 ഫാറ്റി ആസിഡ് ഉള്‍പ്പെടെയുള്ള കൊഴുപ്പും 76 മില്ലിഗ്രാം കാല്‍സ്യവും ഒരു മില്ലിഗ്രാം അയണും 40 മില്ലിഗ്രാം മഗ്നീഷ്യവും 860 മില്ലിഗ്രാം ഫോസ്ഫറസും അടങ്ങിയിരിക്കുന്നു. ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ ബി1, ബി2, ബി3, ഇ, സി, പൊട്ടാസിയം, സിങ്ക്, മാംഗനീസ് എന്നിവയും ചിയ വിത്തുകളിലുണ്ട്.
അതേ സമയം ഒരു ടേബിള്‍സ്പൂണ്‍ കസ്കസില്‍(ഏതാണ്ട് 13 ഗ്രാം) 57 കിലോ കലോറിയും രണ്ട് ഗ്രാം പ്രോട്ടീനും ഏഴ് ഗ്രാം കാര്‍ബോയും 2.5 ഗ്രാം കൊഴുപ്പും ഒരു ദിവസത്തെ കാല്‍സ്യം ആവശ്യകതയുടെ 15 ശതമാനവും ഒരു ദിവസത്തെ അയണ്‍, മഗ്നീഷ്യം ആവശ്യകതയുടെ 10 ശതമാനം വീതവും അടങ്ങിയിരിക്കുന്നു. പോളിഫെനോളുകള്‍, ഫ്ളാവനോയ്ഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഇവയ്ക്കുണ്ട്.
ഭാരത്തിന്റെ 12 മടങ്ങ് വെള്ളം വലിച്ചെടുക്കാന്‍ കഴിയുന്ന ചിയ വിത്തുകള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇതിലെ ഉയര്‍ന്ന ഫൈബര്‍ തോത് ദഹനാരോഗ്യത്തിനെ നിലനിര്‍ത്തുകയും ഭാരനിയന്ത്രണത്തില്‍ സഹായിക്കുകയും ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നീര്‍ക്കെട്ട് കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് നിര്‍ത്താനും ചിയ വിത്തുകള്‍ നല്ലതാണ്.
ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കുന്ന കസ് കസ് വേനല്‍ കാലത്ത് അനുയോജ്യമാണ്. മലബന്ധം, അസിഡിറ്റി എന്നിവയെ കുറയ്ക്കാനും ഇവ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും അനുയോജ്യം. വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുമെന്നതിനാല്‍ ഭാരം കുറയ്ക്കാനും സഹായിക്കും. ചിയവിത്തുകളെ പോലെ ജലം വലിച്ചെടുക്കാന്‍ കഴിവുള്ള കസ്കസും ശരീരത്തിലെ ജലാംശം നിലനിര്‍ത്തും.
പച്ചയ്ക്കോ വെള്ളത്തിലോ ജ്യൂസിലോ കുതിര്‍ത്തോ ചിയ വിത്തുകള്‍ കഴിക്കാവുന്നതാണ്. സ്മൂത്തികളിലും പാലിലും ഇവ ചേര്‍ക്കാം. ബ്രഡ്, മഫിനുകള്‍ എന്നിവയിലും ചിയ വിത്ത് ചേര്‍ക്കാവുന്നതാണ്. നാരങ്ങവെള്ളം, ജ്യൂസ്, സ്മൂത്തികളിലെല്ലാം കസ് കസ് ചേര്‍ക്കാവുന്നതാണ്. ഫലൂഡ പോലുള്ള മധുരവിഭവങ്ങളുടെ കൂടെയും കൂട്ടാം. സാലഡിനും തൈരിനും മുകളില്‍ വിതറിയും കസ് കസ് ഉപയോഗിക്കാം.