68–ാം വയസ്സിൽ കുറച്ചത് 14 കിലോ ശരീരഭാരം; ശ്രീദേവി പ്രചോദനമായെന്ന് ബോണി കപൂർ
Mail This Article
സിനിമാ നിർമാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവും ആയ ബോണി കപൂർ തന്റെ 68–ാം വയസിൽ 14 കിലോ ശരീരഭാരമാണ് കുറച്ചത്. സമൂഹമാധ്യമങ്ങളിൽ തന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുള്ളതുകൊണ്ട് ബോണി കപൂറിന്റെ ശരീരത്തിലുണ്ടായ മാറ്റം പെട്ടെന്ന് ജനങ്ങളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. എട്ട് കിലോ കൂടി കുറയ്ക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തന്റെ പത്നിയായിരുന്ന ശ്രീദേവിയിൽ നിന്ന് ആണ് പ്രചോദനം ഉൾക്കൊണ്ടത് എന്നും അദ്ദേഹം പറയുന്നു.
പ്രായമുള്ള, വണ്ണം കൂടിയ ആളാണ് നിങ്ങൾ എങ്കിൽ, ആരോഗ്യവും ഫിറ്റ്നെസും നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ബോണി കപൂർ നിങ്ങൾക്കും ഒരു പ്രചോദനമാകട്ടെ. പൊതുവേ പ്രായമായവരിൽ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളുണ്ട്. പ്രത്യേകിച്ചും പ്രായമായവർക്കിടയിൽ തന്നെയാണ് ഇവ കൂടുതലും.
ശരീരത്തിൽ അമിതമുള്ള കൊഴുപ്പിനെ അലിയിച്ചു കളയാൻ മാന്ത്രികവിദ്യകളൊന്നുമില്ല എന്നാലും ജീവിതശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുക വഴി ശരീരഭാരം കുറയ്ക്കാൻ കഴിയും. അറുപതു വയസു കഴിഞ്ഞാൽ ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ അൽപം പ്രയാസമാണ്. ഇത് പല തെറ്റിദ്ധാരണകളിലേക്കും നയിക്കും. അവയിൽ ചിലതേതൊക്കെ എന്നു നോക്കാം.
∙പ്രായമായാൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കില്ല
ഉപാപചയ പ്രവർത്തനങ്ങൾ സാവധാനത്തിലാകും എന്നതിൽ അറുപതു വയസ്സു കഴിഞ്ഞവരിൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കില്ല എന്നൊരു തെറ്റായ ധാരണ നിലവിലുണ്ട്. എന്നാൽ പ്രായമായവരിൽ പോഷണദാരിദ്ര്യം സാധാരണയാണെന്നും ശരിയായും, പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷണം കഴിക്കാൻ പറ്റാതെ അൻപതു ശതമാനം പേരും പോഷണ ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും പഠനങ്ങൾ പറയുന്നു.
∙മസിൽ മാസ് നിലനിർത്താൻ സാധിക്കില്ല
ആരോഗ്യത്തിനും സൗഖ്യത്തിനും പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് മസിൽമാസ്. നടത്തം, സന്തുലനം, ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിക്കുക തുടങ്ങിയവയ്ക്ക് മസിൽമാസ് ആവശ്യമാണ്. ശരീരം ചലിപ്പിക്കേണ്ടത് പ്രധാനമാണ്. കാരണം നടത്തം കുറഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മസിൽ മാസ് നഷ്ടപ്പെടും.
∙പ്രായമായവർക്ക് എല്ലുകളുടെ ശക്തി നിലനിർത്താൻ സാധ്യമല്ല
പ്രായമാകുമ്പോൾ എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുകയും ഓസ്റ്റിയോപോറോസിസിനും മറ്റ് സന്ധിവാതങ്ങളും വരാനുള്ള സാധ്യത കൂട്ടുകയും െചയ്യും. എല്ലുകൾക്കും സന്ധികൾക്കും ശക്തിയുണ്ടാവാൻ കാൽസ്യവും വൈറ്റമിൻ ഡിയും ആവശ്യമാണ്. പാലുൽപന്നങ്ങൾ, ഇലക്കറികൾ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ ഇവയിൽ വൈറ്റമിൻ ഡി യും കാൽസ്യവും ഉണ്ട്.
സൂര്യപ്രകാശത്തിൽ നിന്നാണ് വൈറ്റമിൻ ഡി പ്രധാനമായും ലഭിക്കുന്നത്. പ്രായമായവർക്ക് അത്രയധികം പുറത്തിറങ്ങാൻ സാധിക്കാറില്ല. അങ്ങനെയുള്ളവർക്ക് വൈറ്റമിൻ ഡി സപ്ലിമെന്റുകളും ആവശ്യമായി വന്നേക്കാം.
∙പ്രായമായവർ മൃദുഭക്ഷണം കഴിക്കുന്നു
പ്രായമാകുന്തോറും രുചിമുകുളങ്ങളുടെ പ്രവർത്തനം മങ്ങും എന്നും പ്രായമായവർക്ക് രുചിയില്ലാത്ത ഭക്ഷണം ആണ് ആവശ്യം എന്നും പൊതുവെ ഒരു വിശ്വാസമുണ്ട്. എരിവില്ലാത്തതും നാരുകൾ അടങ്ങിയിട്ടില്ലാത്തതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം (bland food) ആണ് പ്രായമായവർക്ക് പലരും നൽകുന്നത് എന്നാൽ പ്രായമായവർ വിവിധ രുചികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്ന് വിദഗ്ധർ പറയുന്നു. ചില ആളുകൾക്ക് ചില ഭക്ഷണങ്ങളുടെ രുചി ഇഷ്ടപ്പെടാതെ വന്നേക്കാം. മരുന്നു കഴിക്കുന്നതു മൂലം ചിലർക്ക് രുചി വ്യത്യാസം അനുഭവപ്പെട്ടേക്കാം. ഹൃദ്രോഗം മൂലം ചിലർക്ക് ഉപ്പ് കുറവ് മതിയാകും. എന്നാൽ ഇതിനർഥം അവർക്ക് രുചികരമായ ഭക്ഷണം വേണ്ട എന്നല്ല. ഉപ്പ് അധികം ചേർക്കാതെ തന്നെ സുഗന്ധവ്യഞ്ജനങ്ങൾ, വെളുത്തുള്ളി, ഉള്ളി, ലെമൺ സെസ്റ്റ്, ഹെർബ്സ് തുടങ്ങിയവ ചേർത്ത് ഭക്ഷണത്തിന് രുചി കൂട്ടാവുന്നതാണ്. ഭക്ഷണത്തിന് ഇവ സുഗന്ധവും രുചിയും കൂട്ടും. ഭക്ഷണം ആസ്വദിച്ച് ഇഷ്ടപ്പെട്ട് കഴിക്കാനുമാവും.
∙പ്രായമായവർക്ക് ദിവസം മൂന്നു േനരം ഭക്ഷണം ആവശ്യമില്ല
മൂന്നു നേരവും ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കേണ്ടത് പോഷകത്തിനും ഊർജത്തിനും പ്രധാനമാണ് എങ്കിലും പ്രായമായ ആളുകൾക്ക് ഭക്ഷണം അധികം ആവശ്യമില്ല എന്നാണ് പലരുടെയും വിശ്വാസം.
അറുപതു വയസ്സ് കഴിഞ്ഞവർക്ക് പോഷകസമ്പുഷ്ടമായ സമീകൃതഭക്ഷണം ഉറപ്പു വരുത്തേണ്ടതാണെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. മൂന്നു നേരം അല്ലെങ്കിൽ ആറു നേരം ഭക്ഷണം അവർക്ക് ആവശ്യമാണ്. ദ്രവരൂപത്തിലായാലും, സപ്ലിമെന്റുകളായും, വിഴുങ്ങാൻ പ്രയാസം ഉള്ളവർക്ക് ഫീഡിംഗ് ട്യൂബിലൂടെ ആയാലും പ്രായമായവർക്ക് പോഷകങ്ങൾ ലഭ്യമാക്കണം. ഓരോരുത്തരും വ്യത്യസ്തമാണ്. അവരവർക്ക് ആവശ്യമുള്ള തരത്തിൽ ഓരോരുത്തരും പോഷകങ്ങൾ അടങ്ങിയ സമീകൃതഭക്ഷണം കഴിക്കേണ്ടതാണ്.