50 കിലോ ശരീരഭാരം കുറച്ചു!; കോമഡിയനും യൂട്യൂബറുമായ തന്മയ് ഭട്ട് സ്ലിം ആയത് ഇങ്ങനെ
Mail This Article
അവിശ്വസനീയമായിരുന്നു കോമഡിയനും എഐബി എന്ന യൂടൂബ് ചാനലിലൂടെ പ്രശസ്‌തനുമായ തന്മയ് ഭട്ടിന്റെ ശരീരഭാരത്തില്‍ ഉണ്ടായ മാറ്റം. ഒന്നും രണ്ടുമല്ല 50 കിലോയാണ് ചിട്ടയായ ജീവിതശൈലിയിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയുമെല്ലാം തന്മയ് കുറച്ചത്.
ഈ അതിശയിപ്പിക്കുന്ന മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് കാര്യങ്ങള്‍ അടുത്തിടെ നല്‍കിയ ഒരു പോഡ്‌കാസ്‌റ്റില്‍ തന്മയ് പങ്കുവച്ചിരുന്നു. അവ ഇനി പറയുന്നവയാണ്.
1. ആരോഗ്യത്തിന് പ്രഥമ പരിഗണന
ജീവിതത്തില്‍ പ്രഥമ പരിഗണന ആരോഗ്യത്തിന് നല്‍കണമെന്ന് തന്മയ് അഭിമുഖത്തില്‍ പറയുന്നു. നിത്യവും രണ്ട് മണിക്കൂര്‍ ജിമ്മിനും ബാഡ്‌മിന്റണ്‍ കളിക്കുമായി താന്‍ മാറ്റി വച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തി.
2. പുതിയ ജീവിതശൈലി
ആദ്യമൊക്കെ നല്ല ഭക്ഷണം, നേരത്തെ ഉണര്‍ന്നുള്ള ജിമ്മില്‍ പോക്ക്, ഭാരമുയര്‍ത്തല്‍ എന്നിങ്ങനെയായിരുന്നു തന്റെ വ്യായാമ മുറയെന്ന് തന്മയ് പറയുന്നു. എന്നാല്‍ ഇത് ആസ്വാദ്യകരമായി തോന്നാത്തതിനാല്‍ തനിക്ക് ഇഷ്ടപ്പെട്ട കായിക വിനോദമായ ബാഡ്‌മിന്റണ്‍ ശീലമാക്കി. ഇഷ്ടപ്പെട്ട ഈ കായിക വിനോദത്തോടൊപ്പം ജിമ്മില്‍ പോകുന്ന ശീലവും കൂട്ടിച്ചേര്‍ത്തു. ആറ്റോമിക് ഹാബിറ്റ്‌സ് എന്ന പുസ്‌തകത്തില്‍ പറയുന്ന ഈ ഹാബിറ്റ് സ്റ്റാക്കിങ് (പിന്തുടരുന്ന ഒരു ശീലത്തിന്റെ ഒപ്പം മറ്റൊരു നല്ല ശീലവും കൂടി കൂട്ടിച്ചേര്‍ക്കുന്ന രീതി) തന്റെ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടാക്കിയെന്നും തന്മയ് കൂട്ടിച്ചേര്‍ത്തു.
3. സാഹചര്യങ്ങളെ പഴിക്കരുത്
നിങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക. അതിന് മറ്റുള്ളവരെ പഴിക്കാന്‍ നില്‍ക്കരുത്. സുഹൃത്തുക്കള്‍ എന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു, ഓഫീസിലെ ടെന്‍ഷന്‍ കാരണം സിഗരറ്റ് വലിക്കുന്നു എന്നിങ്ങനെ ചുറ്റുമുള്ളവരെയും സാഹചര്യങ്ങളെയും പഴിക്കുന്നത് നിര്‍ത്തി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക.
4. മനസ്സിനെ അടക്കുക
മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുരങ്ങനെ പോലെയാണ്. വ്യായാമം എല്ലാം ഉപേക്ഷിക്കാനും, ജിമ്മിലേക്ക് പോകാതിരിക്കാനും കൂടുതല്‍ മധുരം കഴിക്കാനുമൊക്കെ മനസ്സ് നിങ്ങളെ പ്രേരിപ്പിച്ചെന്നിരിക്കും. പക്ഷേ, ആ കെണിയില്‍ വീഴാതെ തുടങ്ങി വച്ച ചിട്ടയായ ആരോഗ്യശീലങ്ങളും ജീവിതശൈലിയുമായി മുന്നോട്ട് പോകുക.
5. അനാവശ്യമായി സമ്മര്‍ദ്ദം ചെലുത്തരുത്
ജീവിതത്തില്‍ ഉള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് മേല്‍ ഒരു അധിക സമ്മര്‍ദ്ദമാകരുത് നിങ്ങളുടെ ഭാരം കുറയ്‌ക്കല്‍ യാത്രയെന്നും തന്മയ് ഓര്‍മ്മിപ്പിക്കുന്നു. കര്‍ശനമായ പ്രോട്ടോകോള്‍ നടപ്പാക്കിയല്ല, മറിച്ച് ആസ്വാദ്യകരമായ രീതിയില്‍ വ്യായാമവും വര്‍ക്ക് ഔട്ടുമൊക്കെ മാറ്റിയെടുത്താണ് ഭാരം കുറയ്‌ക്കേണ്ടത്. ചിന്തകളും പ്രവര്‍ത്തിയും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കണം. നിങ്ങള്‍ക്ക് ആവശ്യമാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി തന്നെ ആരോഗ്യകരമായ ശീലങ്ങള്‍ ആരംഭിക്കണമെന്നും തന്മയ് കൂട്ടിച്ചേര്‍ക്കുന്നു