നല്ല എരിവുള്ള ഭക്ഷണം കഴിച്ചാല്‍ ശരീരത്തിന് സംഭവിക്കുന്നത്
Mail This Article
പല ഭക്ഷണപ്രിയരും നല്ല എരിവുള്ള ആഹാരത്തിന്റെ കൂടി ആരാധകരാണ്. നല്ല മുളകരച്ച എത്രയെത്ര വിഭവങ്ങളാണ് നമ്മുടെ തീന്മേശയില്‍ നാം നിരത്താറുള്ളത്. നാവിനെ തൃപ്‌തിപ്പെടുത്തുക മാത്രമല്ല ശരീരത്തില്‍ പല മാറ്റങ്ങള്‍ക്കും എരിവുള്ള ഭക്ഷണം കാരണമാകാറുണ്ട്.
എരിവുള്ള ഭക്ഷണത്തിലെ കപ്‌സൈകിന്‍ എന്ന സംയുക്തം വായിലെയും ദഹനസംവിധാനത്തിലെയും പല റിസപ്‌റ്ററുകളെയും ഉത്തേജിപ്പിക്കും. ഇത് എരിവ് കഴിക്കുമ്പോള്‍ ശരീരത്തിന് ചൂട് അനുഭവപ്പെടുത്തും. ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുക മാത്രമല്ല എന്‍ഡോര്‍ഫിനുകളെ പുറത്ത് വിട്ട് മൊത്തത്തിലൊരു സന്തോഷം തോന്നിപ്പിക്കാനും എരിവുള്ള ഭക്ഷണത്തിന് സാധിക്കും. എരിവുള്ള ഭക്ഷണം കഴിച്ച ശേഷം അനുഭവപ്പെടുന്ന സന്തോഷത്തിന്റെ കാരണവും ഇതാണ്.
മുളകിലെല്ലാം അടങ്ങിയിരിക്കുന്ന കപ്‌സൈകിന് ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് നീര്‍ക്കെട്ടിനെ കുറച്ച് ഹൃദ്രോഗം, പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്‌ക്കുന്നു.
ഭാരം കുറയ്‌ക്കുന്ന കാര്യത്തിലും എരിവുള്ള ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. കപ്‌സൈകിന്‍ ചയാപചയം വര്‍ധിപ്പിച്ച് കാലറി കത്തിക്കുന്ന നിരക്ക് കൂട്ടുന്നു. ഇത് ഭാരം കുറയ്‌ക്കാന്‍ സഹായിക്കും. എരിവുള്ള ഭക്ഷണത്തിലെ തീവ്രമായ വാസന രുചിമുകുളങ്ങളെ ഉണര്‍ത്തി വിടുന്നത് ആരോഗ്യകരമായ ഭക്ഷണങ്ങളെ കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും.
എന്നാല്‍ അമിതമായ അളവില്‍ എരിവ് കഴിക്കുന്നത് ചിലര്‍ക്ക് ദഹനപ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവ ഉണ്ടാക്കാം. ഇതിനാല്‍ മിതമായ തോതില്‍ എരിവുള്ള ആഹാരം ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.