പടികൾ കയറണോ, നടക്കണോ? ശരീരഭാരം കുറയ്ക്കാൻ മികച്ച വ്യായാമം ഏത്?
![steps-BastianWeltjenShutterstock-com Representative image. Photo Credits: Bastian Weltjen/ Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/health/fitness-and-yoga/images/2024/12/14/steps-%20Bastian%20Weltjen%20Shutterstock.com.jpg?w=1120&h=583)
Mail This Article
ഫിറ്റ്നസ് ആഗ്രഹിക്കുന്ന ആളാണ് നിങ്ങൾ, പക്ഷേ വർക്കൗട്ട് ചെയ്യാൻ സമയം ലഭിക്കുന്നില്ല. എങ്കിൽ വിഷമിക്കേണ്ട. ചടഞ്ഞുകൂടിയിരിക്കാതെ ശരീരം ഒന്ന് ചലിപ്പിക്കാൻ ശ്രമിച്ചാൽ മതി. തിരക്കുപിടിച്ച ജീവിതത്തിൽ പടികൾ കയറുന്നതും നടക്കുന്നതും ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഫിറ്റ്നസിനു സഹായിക്കും. കാലറി കത്തിക്കാനും സൗഖ്യമേകാനും ഈ ചലനങ്ങൾ സഹായിക്കും.
പടികൾ കയറാം
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പ്രവർത്തനമാണിത്. കാലിലേതുൾപ്പെടെ നിരവധി പേശികൾക്ക് അത് ഗുണം ചെയ്യും. ഒപ്പം ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പേശികളെ ശക്തിപ്പെടുത്തുന്നതോടൊപ്പം ഹൃദയത്തിന്റെ പ്രവർത്തനവും രക്തചംക്രമണവും മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പരന്ന ഒരു പ്രതലത്തിലൂടെ നടക്കുന്നതിനേക്കാൾ ഗുണങ്ങൾ പടികയറുന്നതിനുണ്ട്. വളരെ വേഗത്തിൽ കാലറി കത്തിക്കാൻ പടികൾ കയറുന്നതിലൂടെ സാധിക്കും. ആഴ്ചയിൽ 30 മിനിറ്റ് പടികൾ കയറുന്നത് ഹൃദയാരോഗ്യത്തോടൊപ്പം ദീർഘായുസ്സും നൽകും. എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കാനും ഇത് സഹായിക്കും.
![Illustration Back Pain Woman iStock Photo
Representative Image. Photo Credit : Thunderstock / iStockPhoto.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പടികൾ കയറുന്നതിന് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും അത് എല്ലാവർക്കും സാധിക്കില്ല. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരും സന്ധിരോഗങ്ങൾ ഉള്ളവരും ഈ വ്യായാമം ചെയ്യുന്നതിനു മുൻപ് ആരോഗ്യവിദഗ്ധനെ കാണേണ്ടതാണ്. കാരണം പടികൾ കയറുന്നത് ഹൃദയമിടിപ്പിന്റെ നിരക്ക് ഉയരാനും ഹൃദയത്തിന് സമ്മർദം ഉണ്ടാകാനും കാരണമാകും.
നടത്തം
ഏറ്റവും എളുപ്പമുള്ള ഒരു വ്യായാമമാണിത്. പ്രത്യേകിച്ച് തയാറെടുപ്പുകളോ പരിശീലനമോ ഒന്നും വേണ്ടാത്ത നടത്തത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഹൃദയത്തിന് അധികം സമ്മർദങ്ങളൊന്നും നൽകാത്ത നടത്തം രക്തപ്രവാഹം വർധിപ്പിക്കുന്നതോടൊപ്പം സന്ധികൾക്കും നല്ലതാണ്.
കാലറി ബേൺ ചെയ്യാൻ സഹായിക്കുന്ന നടത്തം കൊഴുപ്പിനെ ഊർജമാക്കി മാറ്റുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. രക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോൾ നില മെച്ചപ്പെടുത്താനും ഹൃദയാരോഗ്യമേകാനും നടത്തം സഹായിക്കുന്നു. സമ്മർദം അകറ്റാനും നടത്തം സഹായിക്കും.
ദോഷങ്ങൾ
നടത്തം പൊതുവെ സുരക്ഷിതമെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വൈദ്യനിർദേശപ്രകാരം മാത്രമേ നടക്കാവൂ. പടികൾ കയറുന്നതിന്റെ അത്ര കഠിനമല്ല നടത്തം. അത്രയും കാലറി കത്തിക്കാനും നടത്തം കൊണ്ടാവില്ല.
![186323781 186323781](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
മികച്ചത് ഏത് ?
പടികൾ കയറുന്നതാണോ നടത്തം ആണോ മികച്ചത് എന്നത് ഒരാളുടെ ഫിറ്റ്നസ് ലെവൽ, ആരോഗ്യം, വ്യക്തിപരമായ താൽപര്യം ഇവയെ ആശ്രയിച്ചിരിക്കും. ചെറിയ ഒരു സമയത്തിനുള്ളില്‍ കൂടുതൽ കാലറി കത്തിക്കാൻ പടികൾ കയറുന്നതു വഴി സാധിക്കും. സന്ധിവേദനയൊന്നും ഇല്ലാത്തവർക്ക് ഇത് ഒരു ഫലപ്രദമായ വർക്കൗട്ട് ആണ്.
പടികൾ കയറുന്നത് ക്ഷീണമുണ്ടാക്കുകയോ മുട്ടിന് പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നവർക്ക് നടത്തമാണ് നല്ലത്. വ്യായാമം കൃത്യമായി ചെയ്യാൻ നടത്തം സഹായിക്കും. രണ്ടു പ്രവൃത്തികൾക്കും അതിന്റേതായ ഗുണങ്ങളുണ്ട്. ഇവ ആരോഗ്യവും ഫിറ്റ്നസും നൽകും. ഒരാൾക്ക് ദിവസവും ചെയ്യാൻ പറ്റുന്ന വ്യായാമം തിരഞ്ഞെടുക്കുന്നതാവും നല്ലത്.