ഉദ്ധാരണക്കുറവ് പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ; ലൈംഗികതയും സൗഖ്യവും മെച്ചപ്പെടും
Mail This Article
പുരുഷന്മാരിൽ ജനനേന്ദ്രിയങ്ങളിലേക്കുള്ള രക്തപ്രവാഹം, ലിംഗത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണക്കുറവിന് (erectile dysfunction) കാരണമാകും. കൂടാതെ ശക്തി കുറയാനും, അടുപ്പവും ആത്മവിശ്വാസവും കുറയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ചികിത്സകൾ ഇതിനു ലഭ്യമാണെങ്കിലും ജീവിതശൈലിയിലെ മാറ്റങ്ങളും പ്രകൃതിദത്ത പരിഹാരങ്ങളും ഏറെ ഗുണകരമാണ്.
ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കാനും അതുവഴി ലൈംഗികതയും സൗഖ്യവും മെച്ചപ്പെടുത്താനുമുള്ള പരിഹാരങ്ങൾ എന്തൊക്കെ എന്നറിയാം.
∙പതിവായ വ്യായാമം
രക്തചംക്രമണം വർധിപ്പിക്കാനുള്ള മികച്ച ഒരു മാർഗമാണ് പതിവായി വ്യായാമം ചെയ്യുക എന്നത്. ഓട്ടം, നീന്തൽ, സൈക്ലിങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ ജനനേന്ദ്രിയത്തിലേക്കുൾപ്പെടെയുള്ള രക്തപ്രവാഹം കൂട്ടും. ഗുണങ്ങൾ ലഭിക്കാൻ ദിവസം കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കാം.
∙പിന്തുടരാം ആരോഗ്യഭക്ഷണം
പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പ്രോട്ടീൻ ഇവ അടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ രക്തപ്രവാഹത്തിന് സഹായിക്കും. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ബെറിപ്പഴങ്ങൾ, ഇലക്കറികൾ തുടങ്ങിയവ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. വെണ്ണപ്പഴം, നട്സ് തുടങ്ങിയവയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു.
∙വെള്ളം കുടിക്കാം
രക്തചംക്രമണം മെച്ചപ്പെടുത്താൻ, ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് ഏറെ പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് രക്തത്തിന്റെ വ്യാപ്തത്തിന്റെ അളവ് മെച്ചപ്പെടുത്തുകയും ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കുകയും ചെയ്യും. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കാം.
∙സമ്മർദം നിയന്ത്രിക്കാം
കടുത്ത സമ്മർദം ആരോഗ്യത്തെയും രക്തപ്രവാഹത്തെയും ബാധിക്കും. യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങൾ തുടങ്ങിയ റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കേണ്ടത് പ്രധാനമാണ്. സമ്മർദം കുറയുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ലൈംഗികാരോഗ്യം ഏകുകയും ചെയ്യും.
∙മദ്യപാനവും പുകവലിയും നിയന്ത്രിക്കാം
കടുത്ത മദ്യപാനവും പുകവലിയും രക്തക്കുഴലുകളെ ചുരുക്കുകയും രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യും. ഈ ശീലങ്ങൾ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ലൈംഗികതയും മെച്ചപ്പെടുത്തും.
∙സപ്ലിമെന്റുകൾ
നാച്വറൽ സപ്ലിമെന്റുകളായ എൽ–ആർജിനിൻ, ജിൻസെങ്ങ് തുടങ്ങിയവ രക്തപ്രവാഹം വർധിപ്പിക്കാൻ സഹായിക്കും. നൈട്രിക് ഓക്സൈഡ് ഉൽപാദിപ്പിക്കുന്ന ഒരു അമിനോ ആസിഡാണ് എൽ–ആർജിനിൻ. ഇത് രക്തക്കുഴലുകളെ റിലാക്സ് ചെയ്യിക്കുകയും രക്തപ്രവാഹം വർധിപ്പിക്കുകയും ചെയ്യും. സപ്ലിമെന്റുകൾ ആരോഗ്യ വിദഗ്ധന്റെ നിർദേശപ്രകാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കാം.
∙കെഗൽ വ്യായാമം
കെഗൽ വ്യായാമം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കിലും പുരുഷൻമാർക്കും ഇത് ഗുണം ചെയ്യും. അരക്കെട്ടിലെ പേശികളെ ഇത് ശക്തിപ്പെടുത്തുകയും രക്തപ്രവാഹവും സ്ഖലനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കെഗൽ വ്യായാമം ചെയ്യുന്നതിനായി ഇടുപ്പിലെ പേശികളെ മുറുക്കിപ്പിടിക്കണം. ഏതാനും സെക്കൻഡുകൾക്കു ശേഷം പൂർവസ്ഥിതിയിലാക്കണം. ഇത് ദിവസം പലതവണ ചെയ്യണം. ശരിയായ രക്തചംക്രമണം, ഉദ്ധാരണക്കുറവു മാറ്റുക മാത്രമല്ല, ലൈംഗികാരോഗ്യത്തിനു പുറമെ സൗഖ്യമേകാനും സഹായിക്കുന്നു. നല്ല രക്തയോട്ടം ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം നിരവധി ആരോഗ്യപ്രശ്നങ്ങളും തടയുന്നു. ആരോഗ്യകരമായ രക്തചംക്രമണം അവയവങ്ങൾക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ഉറപ്പു വരുത്തുന്നു.
രക്തചംക്രമണത്തിലെ പ്രശ്നങ്ങളും ഉദ്ധാരണക്കുറവും തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിനു പുറമെ വൈദ്യനിര്‍ദേശവും തേടേണ്ടതാണ്.