എന്താണ് ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന അബ്രോസെക്ഷ്വാലിറ്റി ?
Mail This Article
ലൈംഗിക താത്‌പര്യങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണ ഗതിയില്‍ മനുഷ്യരെ ഹെട്രോസെക്ഷ്വല്‍, ഹോമോസെക്ഷ്വല്‍, ബൈസെക്ഷ്വല്‍ എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കാറുണ്ട്. എതിര്‍ലിംഗത്തിലെ വ്യക്തിയോട് ലൈംഗിക ആകര്‍ഷണം തോന്നുന്നവരെ ഹെട്രോസെക്ഷ്വലെന്നും സ്വവര്‍ഗ്ഗത്തിലെ ഇണയോട് താത്‌പര്യം തോന്നുന്നവരെ ഹോമോസെക്ഷ്വലെന്നും ഇരുകൂട്ടരോടും ലൈംഗിക താത്‌പര്യമുള്ളവരെ ബൈസെക്ഷ്വലെന്നും വിശേഷിപ്പിക്കുന്നു.
എന്നാല്‍ ഇക്കൂട്ടത്തിലേക്ക് പുതുതായി കടന്നു വന്നതും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൊക്കെ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്നതുമായ പദമാണ് അബ്രോസെക്ഷ്വാലിറ്റി. ഒരു വ്യക്തിയുടെ ലൈംഗിക താത്‌പര്യമെന്നത് സ്ഥായിയായ ഒരു സംഗതിയാകണമെന്ന് നിര്‍ബന്ധമില്ലെന്നും ജീവിതത്തിലെ പല കാര്യങ്ങളും മാറുന്നത് പോലെ ലൈംഗിക താത്‌പര്യവും മാറാമെന്നതുമായ സങ്കല്‍പമാണ് അബ്രോസെക്ഷ്വാലിറ്റിക്ക് പിന്നില്‍.
അതായത് അബ്രോസെക്ഷ്വല്‍ ആയിട്ടുള്ള വ്യക്തികളുടെ ലൈംഗിക താത്‌പര്യം ഓരോ സമയത്തും മാറിക്കൊണ്ടിരിക്കും. ഇന്നിപ്പോള്‍ എതിര്‍ലിംഗത്തിലെ ലൈംഗിക പങ്കാളിയോടാണ് താത്‌പര്യമെങ്കില്‍ നാളെയോ ഏതാനും ആഴ്‌ചകള്‍ക്ക് ശേഷമോ അത് ഒരു പക്ഷേ സ്വവര്‍ഗ്ഗാനുരാഗമായി മാറാം. ഈ സ്ഥിതി അങ്ങനെ തന്നെ തുടരണമെന്ന് നിര്‍ബന്ധമില്ല. വീണ്ടും ഇവരുടെ ലൈംഗിക താത്‌പര്യം മാറിക്കൊണ്ടിരിക്കാം. ഇത്തരത്തില്‍ ചലനാത്മകമായ ലൈംഗിക താത്‌പര്യമാണ് അബ്രോസെക്ഷ്വാലിറ്റിയുടെ പ്രത്യേകത. ആരോടും ഒരു ലൈംഗിക ആകര്‍ഷണവും തോന്നാത്ത അസെക്ഷ്വല്‍ സ്ഥിതിയും ഇടയ്‌ക്ക് അബ്രോസെക്ഷ്വലുകള്‍ക്ക് ഉണ്ടാകാം.ലോലമായത്, മനോഹരമായത് എന്നെല്ലാമാണ് ഗ്രീക്ക് പദമായ 'അബ്രോ'യുടെ അര്‍ത്ഥം.
അബ്രോസെക്ഷ്വല്‍ വ്യക്തികള്‍ക്ക് ഓരോ ദിവസവും വേണമെങ്കില്‍ ലൈംഗിക താത്‌പര്യം മാറാമെന്ന് ഹെല്‍ത്ത്‌ലൈന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാണിക്കുന്നു. ലൈംഗിക ആകര്‍ഷണത്തിലെ ഈ മാറുന്ന സ്വഭാവം മൂലം ഡേറ്റ് ചെയ്യുന്നതിലും പങ്കാളികളെ കണ്ടെത്തുന്നതിലും അബ്രോസെക്ഷ്വലുകള്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇതിനാല്‍ തന്നെ അബ്രോസെക്ഷ്വലുകള്‍ പലപ്പോഴും ദീര്‍ഘകാല ബന്ധങ്ങള്‍ക്കും താത്‌പര്യപ്പെടാറില്ല.
എന്നാല്‍ അബ്രോസെക്ഷ്വാലിറ്റി പാന്‍ സെക്ഷ്വാലിറ്റിയില്‍ നിന്നും അസെക്ഷ്വാലിറ്റിയില്‍ നിന്നും വ്യത്യസ്‌തമാണ്. പാന്‍സെക്ഷ്വല്‍ ആയിട്ടുള്ളവര്‍ എല്ലാ സമയത്തും വ്യത്യസ്‌ത ലിംഗത്തില്‍പെട്ടവരോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നു. എന്നാല്‍ അബ്രോസെക്ഷ്വലുകള്‍ക്ക് ഒരു സമയം ഒരു ലിംഗത്തില്‍പ്പെട്ട ഇണയോട് മാത്രമേ ആകര്‍ഷണം തോന്നൂ. അസെക്ഷ്വല്‍ വ്യക്തികളെ പോലെ ആരോടും ഒരിക്കലും ലൈംഗിക ആകര്‍ഷണം തോന്നാതിരിക്കുന്ന രീതിയും അബ്രോസെക്ഷ്വലിനില്ല. അബ്രോസെക്ഷ്വല്‍ ചില ഘട്ടങ്ങളില്‍ അസെക്ഷ്വലിനെ പോലെ പെരുമാറാമെങ്കിലും അത് അവരുടെ സ്ഥായിയായ താത്‌പര്യമല്ല.
ലൈംഗിക താത്‌പര്യങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന 100ലധികം പദങ്ങളില്‍ ഒന്ന് മാത്രമാണ് അബ്രോസെക്ഷ്വല്‍ ഇന്ന്. അബ്രോസെക്ഷ്വാലിറ്റിയോട് അനുബന്ധിച്ച് അബ്രോറൊമാന്റിക് എന്ന പദവും പലപ്പോഴും ഉപയോഗിക്കാറുണ്ട്. അബ്രോറൊമാന്റിക് ആയവര്‍ക്ക് വിവിധ സമയങ്ങളില്‍ വ്യത്യസ്‌ത ലിംഗങ്ങളില്‍പ്പെട്ടവരോട് പ്രണയം തോന്നാം. ലൈംഗിക താത്‌പര്യം തോന്നണമെന്ന് നിര്‍ബന്ധമില്ല താനും. ചില സമയങ്ങളില്‍ ഈ രണ്ട് പദങ്ങളും മാറ്റി മാറ്റിയും ഉപയോഗിക്കാറുമുണ്ട്.