കാൻസർ സാധ്യത കുറയ്ക്കാൻ ഹേസൽനട്ട്; അറിയാം ആരോഗ്യഗുണങ്ങൾ
Mail This Article
നട്സുകളെല്ലാം തന്നെ ആരോഗ്യകരമാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. പൂരിതകൊഴുപ്പുകളും അപൂരിത കൊഴുപ്പുകളും അടങ്ങിയ ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ലഘുഭക്ഷണമായും മറ്റ് വിഭവങ്ങളിൽ ചേർത്തും ഇവ ഉപയോഗിക്കാം. ബദാം, ഹേസൽ നട്ട്, വാൾനട്ട്, കാഷ്യുനട്ട് തുടങ്ങി വിവിധയിനം നട്സുകൾ ഉണ്ട്.
നേരിയ മധുരവും വെണ്ണയുടെ സ്വാദും ഉള്ള ഹേസൽ നട്ട്, മധുരവും പുളിയും ഉള്ള വിഭവങ്ങളിൽ ഉപയോഗിക്കുന്നു. ഇവ ആരോഗ്യകരമായ കൊഴുപ്പുകളുടെ പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് ഫാറ്റിന്റെ മികച്ച ഉറവിടമാണ്. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. നാരുകൾ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്തും. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ഹേസൽ നട്ടിൽ വൈറ്റമിൻ ഇ, കോപ്പർ, മഗ്നീഷ്യം, ഫോളേറ്റ് ഇവ അടങ്ങിയിട്ടുണ്ട്. അറിയാം ഹേസൽനട്ടിന്റെ ആരോഗ്യ ഗുണങ്ങൾ.
∙കാൻസർ തടയും
ഹേസൽ നട്ടിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ, പ്രത്യേകിച്ച് വൈറ്റമിൻ ഇ യുടെയും മാംഗനീസിന്റെയും ഫിനോളിക് സംയുക്തങ്ങളുടെയും സാന്നിധ്യം കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. പതിവായി ഹേസൽ നട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കാൻസറിനു കാരണമാകുന്ന അപകടകാരികളായ ഫ്രീറാഡിക്കലുകളെ ഇതിലെ ആന്റി ഓക്സിഡന്റുകൾ നിർവീര്യമാക്കും എന്ന് പഠനങ്ങൾ പറയുന്നു.
∙ഹൃദയാരോഗ്യം
നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് ഹേസൽ നട്ടിൽ ധാരാളമായുണ്ട്. ഇത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കി ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു.
∙ആന്റിഓക്സിഡന്റ്
ഹേസൽനട്ട്, ഓക്സീകരണ സമ്മർദത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു. വിറ്റമിൻ ഇ പോലുള്ള ആന്റിഓക്സിഡന്റുകളാണ് ഇതിനു സഹായിക്കുന്നത്. കോശങ്ങളുടെ നാശം തടഞ്ഞ് രോഗങ്ങളിൽ നിന്ന് ഇത് സംരക്ഷണമേകും.
∙ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ഹേസൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകളും മഗ്നീഷ്യം, പോളിഫിനോളുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളും ഉണ്ട്. ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. പതിവായി ഹേസൽനട്ട് ഉപയോഗിക്കുന്നത് ശരീരത്തിലെ ഇൻഫ്ലമേറ്ററി സൂചകങ്ങളെ കുറയ്ക്കുന്നു. സന്ധിവാതം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
∙ദഹനം
നാരുകൾ ധാരാളമടങ്ങിയ ഹേസൽനട്ട് ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധവും ഇററ്റബിൾ ബവൽ സിൻഡ്രോമും തടയാനും ഹേസൽ നട്ട് കഴിക്കുന്നതിലൂടെ സാധിക്കും.
∙രക്തത്തിലെ പഞ്ചസാരയുടെ അളവ്
ഹേസൽനട്ടിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇതിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മഗ്നീഷ്യം പോലുള്ള അവശ്യപോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഹേസൽനട്ട് ഉൾപ്പെടുത്തുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിനെ തടയുന്നു.
∙എല്ലുകളുടെ ആരോഗ്യം
ഹേസല്‍നട്ട്, മഗ്നീഷ്യത്തിന്റെയും കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും മികച്ച ഉറവിടമാണ്. ഈ ധാതുക്കളെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. മഗ്നീഷ്യം, എല്ലുകളുടെ സാന്ദ്രതയും ശക്തിയും മെച്ചപ്പെടുത്തുന്നു. ഇത് ഓസ്റ്റിയോ പോറോസിസിനും എല്ലുകൾക്ക് പൊട്ടൽ ഉണ്ടാകുന്നതിനും ഉള്ള സാധ്യത കുറയ്ക്കുന്നു.