മുതിർന്ന പൗരന്മാർക്ക് രക്ഷകനായി സ്മാർട് കാർഡ്, ഇനി ടെൻഷൻ വേണ്ട!
Mail This Article
പ്രായമായ ഒരാള്‍ പൊതുസ്ഥലത്ത് കുഴഞ്ഞുവീഴുന്നു. അതു കാണുന്ന ആരെങ്കിലും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചേക്കാം. കൈവശം ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അതില്‍നിന്ന് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും സാധിക്കും. എന്നാല്‍, അദ്ദേഹത്തിന്റെ കൈവശമുള്ള ഒരു സ്മാര്‍ട് കാര്‍ഡ് വഴി രോഗവിവരങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞാലോ? എത്രയും വേഗം കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ കഴിയും.
ഇത് ഒരു ഭാവനയല്ല, സമീപഭാവിയില്‍ കൊച്ചിയിലും കേരളത്തിലെ മറ്റു നഗരങ്ങളിലും നടപ്പായേക്കാവുന്ന ഒരു യാഥാര്‍ഥ്യമാണ്. അടിയന്തര സാഹചര്യങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ രക്ഷകനാകാന്‍ കഴിയുന്ന സ്മാര്‍ട് കാര്‍ഡ് എന്ന ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത് കൊച്ചിയില്‍ വയോജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മാജിക്സ് എന്ന സംഘടനയാണ്.
കേരളത്തില്‍ ആദ്യം
വയോജനങ്ങളുടെ സുരക്ഷയ്ക്കും മെച്ചപ്പെട്ട ജീവിതത്തിനും സഹായകമാകുന്ന സ്മാര്‍ട് കാര്‍ഡ് എന്ന ആശയം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ത്തന്നെ ആദ്യമാണെന്ന് സംഘടന പറയുന്നു. വിദേശരാജ്യങ്ങളില്‍ ഇത്തരം കാര്‍ഡുകള്‍ നിലവിലുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് നേരത്തെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കമിട്ടത്.
കാര്‍ഡിന്റെ മാതൃക പരീക്ഷണാടിസ്ഥാനത്തില്‍ അടുത്തിടെ കൊച്ചിയിലെ വയോജന കൂട്ടായ്മകള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്തിരുന്നു. കൊച്ചി നഗരത്തിലെ മുതിര്‍ന്ന പൗരന്മാര്ക്കായി പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് കോര്‍പറേഷനുമായി ആലോചനകള്ക്കൊരുങ്ങുകയാണ് സംഘടന. വൈകാതെ തന്നെ കോഴിക്കോട്ടും സ്മാര്‍ട് കാര്‍ഡ് പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കാര്‍ഡിന്റെ ഭാവി
മുതിര്‍ന്ന പൗരന്മാര്ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍, സ്കീമുകള്‍ തുടങ്ങിയവയുമായി ഭാവിയില്‍ ഇതിനെ ബന്ധപ്പെടുത്താം. മെട്രോ യാത്ര, പാര്‍ക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയാല്‍ ഈ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
മെട്രോ സ്റ്റേഷനിലും മറ്റും സ്ഥാപിക്കുന്ന മെഷീനുകളില്‍ കാര്‍ഡ് സ്പര്‍ശിക്കുന്നതു വഴി അടിയന്തര സഹായം എത്തിക്കുക, ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മറ്റും പരിശീലനം നല്കി വയോധികരെ സഹായിക്കാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ആശയങ്ങളും സംഘടന മുന്നോട്ടുവയ്ക്കുന്നു.
എന്താണു പ്രയോജനം?
∙ എന്‍എഫ്സി (Near field communication) ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡില്‍നിന്നുള്ള വിവരങ്ങള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് കാണാന്‍ കഴിയും. രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പാസ്വേഡ് ഉപയോഗിച്ച് സ്വകാര്യമാക്കാം.
∙ തിരിച്ചറിയല്‍ വിവരങ്ങള്‍, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, ആരോഗ്യസ്ഥിതി തുടങ്ങിയവയില്‍ മാറ്റം വന്നാലും കാര്‍ഡ് മാറ്റാതെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.
∙ കഴിക്കുന്ന മരുന്നുകള്‍, അലര്‍ജി തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നത് കൃത്യമായ ചികിത്സ ലഭിക്കാന്‍ സഹായിക്കും.
∙ മറവിരോഗം ബാധിച്ചവര്‍ ഒറ്റയ്ക്ക് വീടിനു പുറത്ത് വഴിതെറ്റിപ്പോയാല്‍ പൊലീസിനോ പൊതുജനങ്ങള്‍ക്കോ അവരുടെ ലൊക്കേഷന്‍ മനസ്സിലാക്കി തിരികെ വീട്ടിലെത്തിക്കാന്‍ കാര്‍ഡ് സഹായിക്കും.
∙ പാലിയേറ്റീവ് പ്രവര്‍ത്തകര്‍, ഹോം നഴ്സുമാര്‍ തുടങ്ങിയവര്‍ മാറിവന്നാലും പരിചരിക്കപ്പെടുന്ന ആളുടെ നിലവിലെ സ്ഥിതി കൃത്യമായി മനസ്സിലാക്കാനും ചികിത്സയും പരിചരണവും മാറ്റമില്ലാതെ തുടരാനും ഈ കാര്‍ഡിലെ വിവരങ്ങള്‍ പ്രയോജനപ്പെടുത്താം.