ADVERTISEMENT

ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരൾ. കഠിനമായി ജോലി ചെയ്യുന്ന ഒരവയവം. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനം, ദഹനത്തിനു സഹായിക്കൽ ഇങ്ങനെ ഒരുപാട് ജോലികൾ ചെയ്യുന്ന കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. സാധാരണയായി കുടിക്കുന്ന പല പാനീയങ്ങളും ആരോഗ്യകരമാണെന്നാണ് നാം ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ ഇവയിൽ ചിലത് പതിവായി കുടിക്കുന്നത് കരളിന്റെ നാശത്തിനു കാരണമാകും. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും ഇൻഫ്ലമേഷനും കരൾ രോഗങ്ങൾക്കും വരെ ചില പാനീയങ്ങൾ കാരണമാകും. കരളിനു ദോഷം വരുത്തുന്ന നാലു പാനീയങ്ങള്‍ ഏതൊക്കെ എന്നറിയാം. 

∙ സോഫ്റ്റ് ഡ്രിങ്ക്സ്
കരൾ രോഗത്തിന്റെ സാധ്യതാഘടകങ്ങൾ ഒന്നുമില്ലാത്തവരിൽ പോലും കരളിനു ക്ഷതം ഉണ്ടാക്കുന്ന ഒരു പാനീയമാണു സോഫ്റ്റ്ഡ്രിങ്ക്സ്. കേവലം ഒരു മധുരപാനീയം മാത്രമെന്ന് കരുതാനാവില്ല. കനേഡിയൻ ജേണൽ ഓഫ് ഗ്യാസ്ട്രോ എൻട്രോളജി ആൻഡ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് സോഫ്റ്റ് ഡ്രിങ്കുകളുടെ പതിവായ ഉപയോഗം കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറി(NAFLD) നും കാരണമാകുമെന്നാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടി കരളിന്റെ പ്രവർത്തനം തകരാറിലാവുകയും കരൾവീക്കം ഉണ്ടാകുകയും ചെയ്യും. ഇതിലെ അമിത മധുരവും കൃത്രിമ അഡിറ്റീവുകളും കരളിനെ സമ്മർദത്തിലാക്കുകയും കൊഴുപ്പ് അടിഞ്ഞു കൂടാനിടയാക്കുകയും ഗുരുതരമായ കരൾ രോഗത്തിനു കാരണമാകുകയും ചെയ്യും.

∙എനർജി ഡ്രിങ്ക്സ്
ക്ഷീണം തോന്നുമ്പോൾ പെട്ടെന്ന് ഉന്മേഷം ലഭിക്കാൻ മിക്കവരും ഊർജപാനീയങ്ങൾ (energy drinks) കുടിക്കും. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ നടത്തിയ പഠനമനുസരിച്ച് കരളിനേൽക്കുന്ന കടുത്ത പരിക്ക്, ഊർജ പാനീയങ്ങളുടെ അമിതോപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടിയ അളവിലുള്ള ടോറിൻ, കഫീൻ, മറ്റ് സ്റ്റിമുലന്റുകൾ ഇവയെ വിഘടിപ്പിക്കാൻ കരളിന് ഏറെ പണിപ്പെടേണ്ടി വരും. ഊർജപാനീയങ്ങളുടെ അമിത ഉപയോഗം കരളിന്റെ പ്രവർത്തനത്തകരാറിനു കാരണമാകും. കരൾമാറ്റ ശസ്ത്രക്രിയ ഉടൻ നടത്തേണ്ട അവസ്ഥ വരെ ചിലരിലുണ്ടാകും. 

∙മദ്യം
കരൾനാശത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം. അമിതമായ മദ്യപാനം മൂലം കരളിന് വീക്കം ഉണ്ടാവുകയും ക്രമേണ കരളിന്റെ പ്രവർത്തനം തകരാറിലാവുകയും അമിതമദ്യപാനം ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. 

fruits-juice-golubovy-istockphoto
Representative image. Photo Credit:golubovy/istockphoto.com

∙മധുരപാനീയങ്ങള്‍
മധുരപാനീയങ്ങൾ കരളിന്റെ ആരോഗ്യം ഇല്ലാതാക്കും. ഫ്ലേവേർഡ് ടീ, ഫ്രൂട്ട് പഞ്ചസ്, ആരോഗ്യകരമെന്ന് നമ്മൾ കരുതുന്ന ജ്യൂസുകൾ ഇവയിലെല്ലാം ആഡഡ് ഷുഗർ ഉണ്ട്. ദ്രാവകരൂപത്തിലുള്ള ഈ പഞ്ചസാര വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും കരളിന് അമിതഭാരം വരുത്തുകയും ചെയ്യും. പഞ്ചസാര ഉപാപചയപ്രവർത്തനം വഴി കൊഴുപ്പ് ആയി മാറുന്നു. ഇത് കരളിൽ അടിഞ്ഞുകൂടി നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനു കാരണമാകും. സോഡയുടെ അതേ ഫലമാണിതിനും. കുറേ കഴിയുമ്പോൾ കരളിനു വീക്കം ഉണ്ടാകുകയും ചില കേസുകളിൽ ഇത് ഫൈബ്രോസിനും സീറോസിസിനും കാരണമാകുകയും ചെയ്യും. കരളിന്റെ ആരോഗ്യത്തിനും കരൾ രോഗം തടയാനും മധുരപാനീയങ്ങളുെട ഉപയോഗം കുറയ്ക്കാം. 

കരളിന്റെ ആരോഗ്യം എന്തുകൊണ്ട് പ്രധാനമാകുന്നു?
ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രധാനഘടകം ആയതിനാൽ കരളിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. ദഹനത്തിനായി കരൾ പിത്തരസം ഉൽപാദിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്ന് പോഷകങ്ങളെ വേർതിരിക്കുന്നു. രക്തത്തിൽ നിന്ന് മാലിന്യങ്ങളെ അരിച്ചു മാറ്റുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇങ്ങനെ നിരവധി ജോലികളാണ് കരളിനുള്ളത്. കരൾ ഏറ്റവും നന്നായി പ്രവർത്തിക്കുമ്പോൾ അത് ഉപാപചയപ്രവർത്തനങ്ങളെ സഹായിക്കുന്നു, ഊർജത്തിന്റെ സന്തുലനം സാധ്യമാക്കുന്നു, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. കൂടാതെ ഹോർമോണുകളുടെ ഉൽപാദനം, കൊളസ്ട്രോളിന്റെ നില ഇവയെ നിയന്ത്രിക്കുകയും ചെയ്യുന്നു. കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് അതുകൊണ്ടു തന്നെ ഏറെ പ്രധാനമാണ്.

English Summary:

Protect Your Liver: 4 Common Drinks to Avoid for Better Health. The Surprising Drinks That Can Lead to Fatty Liver Disease.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com