മാനസികാരോഗ്യത്തെ പറ്റി കൂടുതൽ അവബോധമുണ്ടോ? എന്നാൽ അതും പ്രശ്നമാണ്!
Mail This Article
മാനസിക ആരോഗ്യത്തെ പറ്റിയും പ്രശ്നങ്ങളെ പറ്റിയും ജനങ്ങള്‍ മുന്പെന്നത്തെക്കാലും അധികം തുറന്ന് സംസാരിക്കാന്‍ തുടങ്ങി എന്നതാണ് പുതിയ കാലത്തില്‍ കാണപ്പെടുന്ന ഒരു പ്രധാന മാറ്റം. മുന്‍പ് സമൂഹം അടക്കി പറഞ്ഞതും ഒളിച്ചു വച്ചിരുന്നതുമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കുറേക്കൂടി തുറന്ന് സംസാരിക്കാനും പരിഹാരങ്ങള്‍ തേടാനുമുള്ള സാഹചര്യം ഇന്നുണ്ട്. മാനസിക പ്രശ്നമുള്ളവര്‍ ചുറ്റുമുള്ളവരുടെയും പ്രഫഷണലുകളുടെയും സഹായം തേടുന്നത് മുന്കാലഘട്ടങ്ങളേക്കാളധികം പ്രോത്സാഹിക്കപ്പെടുന്നുമുണ്ട്.
എന്നാല്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ലഭിച്ച ഈ അവബോധം കുറച്ചധികമായി പോകുന്നതും ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അമേരിക്കയിലെ പ്രശസ്ത മാനസികാരോഗ്യ വിദഗ്ധന്‍ മാര്‍ക്ക് ട്രാവേഴ്സ് ഫോബ്സ്.കോമില് എഴുതിയ ലേഖനത്തില്‍ ആശങ്കപ്പെടുന്നു. മനുഷ്യര്‍ക്ക് സാധാരണ ഉണ്ടാകുന്ന വികാരങ്ങളായ സമ്മര്‍ദ്ദവും സങ്കടവും ഉത്കണ്ഠയുമെല്ലാം എന്തോ വലിയ മാനസിക പ്രശ്നമാണെന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലും ഉണ്ടാക്കാന്‍ ഈ അമിത അവബോധം കാരണമാകുന്നുണ്ടെന്ന് ന്യൂ ഐഡിയാസ് ഇന്‍ സൈകോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തെ ഉദ്ധരിച്ച് മാര്‍ക്ക് ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ സ്വാഭാവിക വികാരങ്ങള്‍ രോഗങ്ങളായി മനുഷ്യര്‍ തെറ്റിദ്ധരിക്കുന്ന പ്രവണതയും വര്‍ധിച്ചു വരികയാണെന്ന് ഈ പഠനറിപ്പോര്‍ട്ട് പറയുന്നു. മാനസികാരോഗ്യത്തെ കുറിച്ച് അവബോധം പരത്തുന്ന പല ചര്‍ച്ചകള്‍ക്കും തുടക്കമിട്ട സാമൂഹിക മാധ്യമങ്ങള്‍ തന്നെയാണ് ഈ അമിത അവബോധത്തിന് പിന്നിലുമെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. പലരും മാനസികാരോഗ്യത്തെ കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കാന്‍ സാമൂഹിക മാധ്യമങ്ങളിലേക്ക് തിരിയുന്ന സാഹചര്യമുണ്ട്. എന്നാല്‍ ഈ പ്ലാറ്റ്ഫോമുകളില്‍ വരുന്ന മാനസികാരോഗ്യത്തെ കുറിച്ചുള്ള ഉള്ളടക്കത്തിന്റെ വിശ്വാസ്യത പലപ്പോഴും സംശയനിഴലിലാണ്. പലരുടെയും ഉള്ളടക്കം പ്രഫഷണല്‍ സ്വഭാവത്തിലുള്ളതല്ല എന്നത് തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണകളും മാനസികാരോഗ്യത്തെ കുറിച്ച് പരത്തുന്നുണ്ട്.
മറ്റ് പല രോഗങ്ങള്‍ക്കുമെന്ന പോലെ മാനസികാരോഗ്യത്തെ കുറിച്ച് സ്വയം നിഗമനങ്ങളിലേക്കും സ്വയം രോഗനിര്‍ണ്ണയത്തിലേക്കും പലരും എത്താനും സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ കാരണമാകുന്ന സ്ഥിതിയുണ്ട്. ഇത്തരക്കാര്‍ തങ്ങള്‍ക്കുണ്ടെന്ന് കരുതുന്ന ലക്ഷണങ്ങളുമായി മാനസികാരോഗ്യ പ്രഫണഷലുകളുടെ അടുത്തെത്തുമ്പോള്‍ അവര്‍ ഈ കാര്യങ്ങളോട് യോജിക്കണമെന്നില്ല. ഇത് വ്യക്തികളില്‍ കൂടുതല്‍ നിരാശയും ദേഷ്യവുമൊക്കെ ഉണ്ടാക്കുകയും യഥാര്‍ത്ഥ മാനസികാരോഗ്യ പരിചരണ സംവിധാനങ്ങള്‍ക്കെതിരെ വിശ്വാസരാഹിത്യം ഉണ്ടാക്കുകയും ചെയ്യാമെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ കാണുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന സാഹചര്യം മാറണമെന്നും ഇവയിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്വന്തമായി നടത്തുന്ന രോഗനിര്‍ണ്ണയം ഒഴിവാക്കണമെന്നും ലേഖനം നിര്‍ദ്ദേശിക്കുന്നു. സങ്കടവും സമ്മര്‍ദ്ദവുമൊക്കെ ഉത്കണ്ഠയുമൊക്കെ ഇടയ്ക്ക് തോന്നുന്നത് സ്വാഭാവികമാണെന്നും ഇത് നിങ്ങളൊരു മാനസിക രോഗിയായത് കൊണ്ടല്ല മറിച്ച് മനുഷ്യനായതു കൊണ്ടാണെന്ന് തിരിച്ചറിയണമെന്നും മാര്‍ക്ക് അടിവരയിടുന്നു.