ADVERTISEMENT

ഒറ്റ രാത്രികൊണ്ടാണ് മലയാളത്തിന്റെ ഭൂപടത്തിൽ നിന്ന് രണ്ടു ഗ്രാമങ്ങൾ ഒഴുകിയൊലിച്ചു പോയത്. സ്വപ്‌നങ്ങൾ കണ്ടുറങ്ങിയ ജീവിതങ്ങളുടെമേലാണ് ഒരശിനിപാതം പോലെ പേമാരി കോരിചൊരിഞ്ഞത്. പ്രകൃതിയുടെ വികൃതികൾ വളരെ സങ്കീർണമാണ്. ഇടനെഞ്ചുപിടയുന്ന വേദനയോടെയല്ലാതെ പ്രകൃതിദുരന്തങ്ങളെ നമുക്ക് ഓർക്കാനാകില്ല. മറ്റു ലോക രാജ്യങ്ങളിലുമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ മാധ്യമ വാർത്തകൾ മാത്രമായി പരിചയിച്ച നമുക്ക് ഇതൊക്കെ താങ്ങാവുന്നതിനുമപ്പുറമാണ്.

ഇത്തരം ദുരന്തങ്ങൾ വികസിത രാജ്യങ്ങളെക്കാൾ ഏറെ പ്രത്യാഘാതങ്ങൾ അവികസിത രാജ്യങ്ങളിൽ ഉണ്ടാക്കുന്നു എന്നതാണ് സത്യം. അവികസത രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും വിഭവ ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പരിശീലന കുറവുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. മാനസിക അനാരോഗ്യങ്ങളും പ്രകൃതി ദുരന്തങ്ങളും പൊതുവേ മനുഷ്യന് ശാപമായി കാണുന്ന സങ്കുചിത മനസ്ഥിതിയുള്ളവരാണ് നമ്മളിൽ പലരും. 

ദുരന്തം മൂലമുണ്ടാകുന്ന മാനസിക പ്രത്യാഘാതങ്ങൾ ഏതൊക്കെയെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. പ്രശ്നമുണ്ടെന്ന് നമുക്ക് അറിയുന്നിടത്താണ് പ്രശ്നപരിഹാരം സാധ്യമാകുന്നത്. ദുരന്തബാധിതർ മാനസികമായി തകർന്നിരിക്കുകയും നിഷ്ക്രിയരായിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ നിന്നും അവരെ കർമ്മനിരതരാക്കാൻ പരിശ്രമിക്കുകയാണ് ആദ്യം വേണ്ടത്.  പ്രകൃതിദുരന്തങ്ങളുടെ പാപഭാരം മുഴുവൻ അതനുഭവിച്ചവരുടെ തലയിൽ കെട്ടിവച്ച് അവരെ തളർത്തുന്ന സമീപനമല്ല നാം സ്വീകരിക്കേണ്ടത്. ദുരന്തമേഖലയിൽ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരിലുണ്ടാകുന്ന പ്രത്യാഘാതമല്ല സാധാരണ മനുഷ്യരിലുള്ള അവസ്ഥകളേക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സംഭവം കൊണ്ടുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന്  നോക്കാം.

Representative Image. Photo credit : MikeDotta/ Shutterstock.com
Representative Image. Photo credit : MikeDotta/ Shutterstock.com

അക്യൂട്ട് സ്ട്രെസ് റിയാക്ഷൻ
ഒരു ദുരന്തമോ, പേടിപ്പെടുത്തുന്ന സംഭവങ്ങളോ ഉണ്ടാകുമ്പോൾ മനുഷ്യർക്ക് തുടക്കത്തിൽ ഉണ്ടായേക്കാവുന്ന പരിവർത്തന പ്രക്രിയയാണിത്. ഇത് വൈകാരികമോ, ശാരീരികമോ, പെരുമാറ്റപരമോ, ബൗദ്ധികമോ ആയ ഒരു താൽക്കാലിക അവസ്ഥാവിശേഷമാണ്. ഉൽക്കണ്ഠയും ഭ്രമവും വിഷാദവും കോപവും നിരാശയും സ്തംഭനാവസ്ഥയും വെപ്രാളവും ഉൾവലിവും എല്ലാം കൂടി കലർന്ന ലക്ഷണങ്ങളാണ് ഇവർ പ്രകടമാക്കുക. ഭീകരതയുടെ അല്ലെങ്കിൽ കാഠിന്യത്തിന്റെ തോതനുസരിച്ച് പലരിലും പല വിധത്തിലാണ് ഇത് പ്രകടമാകുന്നത്. ഒറ്റവാക്കിൽ വിവരിക്കാനാവാത്ത മാനസികാവസ്ഥയാണത്. ദുരന്തത്തിന്റെ ആദ്യഘട്ടങ്ങളിലുണ്ടാകുന്ന ഈ അവസ്ഥ ചിലപ്പോൾ ദുരന്തത്തിന്റെ കാഠിന്യം കുറഞ്ഞ് ഭീഷണി മാറുന്നതിനനുസരിച്ച് ഏതാനും മണിക്കൂറുകളിലേക്കോ ദിവസങ്ങളിലേക്കോ നീണ്ടുനിന്നേക്കാം. ഒരു ദുരന്തത്തെ അഭിമൂഖരിക്കേണ്ട കോപ്പിംഗ് സ്കിൽസ് അഥവാ അതിജീവന നൈപുണ്യം നേടുവാൻ ഇവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. നഷ്ടങ്ങളെ അംഗീകരിക്കാൻ പഠിക്കുക എന്നതാണ് അതിനാദ്യം വേണ്ടത്. 

ഗ്രീഫ് അഥവാ നഷ്ടദുഖം
ഉറ്റവരോ, പ്രിയപ്പെട്ടവരോ അധ്വാന ഫലമോ, അങ്ങനെ ഒരുവൻ നെഞ്ചോടു ചേർത്തുവെച്ചതെല്ലാം നഷ്ടപ്പെടുമ്പോളുണ്ടാകുന്ന അതിതീവ്ര ദുഖാവസ്ഥയാണ് ഗ്രീഫ് അഥവാ നഷ്ടദുഖം. ഈ മാനസികാവസ്ഥയ്ക്ക് വിവിധ ഘട്ടങ്ങളുണ്ട്. അതിന്റെ ആദ്യപടി ഒരു തരം സ്തംഭനാവസ്ഥയാണ്. നമ്മുടെ നഷ്ടങ്ങളെ അംഗീകരിക്കുവാൻ ഉള്ള മനുഷ്യമനസിന്റെ ആദ്യപടിയാണ് . ഈ പടിയിൽ നിൽക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒന്നാണ് ദുരന്തനിഷേധമെന്നുള്ളത്. തനിക്കിത് സംഭവിച്ചുവെന്ന് വിശ്വസിക്കാൻ മടിക്കുന്ന തലച്ചോറിൽ നിന്നാണ് ഇത് ഉടലെടുക്കുന്നത്. ഡിനയൽ അഥവാ നിഷേധാത്മകം എന്നിതിനെ വിളിക്കാം. 

അടുത്ത ഘട്ടം ചിലപ്പോൾ ദേഷ്യമാകാം. അത് സ്വാഭാവികമായിക്കണ്ട് അവരെ കൂടുതൽ പ്രകോപിപ്പിക്കാതെ ചേർത്ത് നിർത്തുകയാണ് വേണ്ടത്. ദുഖത്തിന്റെ ഒരു ബഹുർസ്ഫുരണമായി ഇതിനെ കണ്ടാൽ മതിയാകും. 

പരിവേദനമാണ് മറ്റൊന്ന്. പലപ്പോഴും വിലപേശലായി നാം ഇതിനെ തരംതാഴ്ത്തി കാണാറുണ്ട്. മനുഷ്യമനസ് പിടിവിട്ടു പോകാതിരിക്കാനുള്ള പരിശ്രമം മാത്രമാണിതെന്ന് തിരിച്ചറിയുക. 

വിഷാദവും സങ്കടവുമാണ് അടുത്തത്. പലപ്പോഴും ഇത് നല്ലൊരു സൂചനയാണെന്ന് പറയും. കുറച്ചു കരഞ്ഞുകഴിഞ്ഞാൽ ആശ്വാസമാണ് ലഭിക്കുക. അത് അവരുടെ ഉള്ളിലുള്ള ദുഃഖം അണപൊട്ടി ഒഴുകുകയാണെന്ന് മനസ്സിലാക്കി അവരെ ചേർത്തുപിടിച്ച് അവരോട് അനുഭാവപൂർവ്വം പെരുമാറുകയാണ് വേണ്ടത്. ദുഃഖം എന്നത് എപ്പോഴും ഒരേപോലെ നിലനിൽക്കുന്ന സ്ഥായിയായ ഒരു വികാരമാകണമെന്നില്ല. ഇനി അങ്ങനെയൊന്നുണ്ടെങ്കിൽ അത് വിഷാദരോഗാവസ്ഥയായെന്ന് തിരിച്ചറിയുക. ദുഃഖത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ട്. കുറച്ചൊന്നു ബാഹ്യമായി പ്രകടിപ്പിക്കുമ്പോൾ അല്പം ശമിക്കുകയും ശാന്തത കൈവരിക്കുകയും ചെയ്യുമെന്നതിൽ തർക്കമില്ല. നഷ്ടബോധം തന്നെയാണ് ദുഃഖത്തിന്റെ അടിസ്ഥാനം. അപ്പോൾ കണ്ണുനിറയുക സ്വാഭാവികം. മനോവ്യഥയുടെ അന്ത്യം ആ നഷ്ടത്തെ അംഗീകരിക്കലാണ്. നഷ്ടത്തെ അംഗീകരിച്ച് മുന്നോട്ടുപോകുന്നവരാണ് നല്ല മാനസികാരോഗ്യമുള്ളവരെന്ന് നാം മനസ്സിലാക്കണം. ഈ അവസ്ഥയിൽ എത്തിച്ചേരാൻ എടുക്കുന്ന കാലയളവ് പലരിലും വ്യത്യസ്തമാണെങ്കിലും അത് ചികിത്സിക്കേണ്ടിവരുന്നത് ആറുമാസത്തിലധികം നീണ്ടുനിൽക്കുമ്പോഴോ (prolonged grief reaction), അല്ലങ്കിൽ, നഷ്ടപ്പെട്ടവരുടെ സാമീപ്യം, സ്വരങ്ങൾ, മായക്കാഴ്ചകൾ എന്നിവ അനുഭവപ്പെടുമ്പോഴുമാണ്‌. ദുഃഖവും നഷ്ടബോധവും നിരന്തരം അലട്ടാതെ നമ്മുടെ കാര്യങ്ങൾ നോക്കുവാനും സമചിത്തതയോടെ പെരുമാറുവാനും സഹായിക്കുന്നത് നാം നമ്മുടെ നഷ്ടങ്ങളെ അംഗീകരിക്കുമ്പോൾ മാത്രമാണ്. പലപ്പോഴും ഈ അവസ്ഥയെ മനോവ്യഥയുടെ പരിസമാപ്തിയായി കണക്കാക്കാം എങ്കിലും ഓർമ്മകൾ നമ്മെ നൊമ്പരപ്പെടുത്തുക തന്നെ ചെയ്യും. 

Photo Credit : Monkey Business Images / Shutterstock.com
Photo Credit : Monkey Business Images / Shutterstock.com

ദുരന്തത്തിന് ഇരയാവർക്ക് ഉത്കണ്ഠയും വിഷാദരോഗവും, ലഹരി ഉപയോഗവും, പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ്സ് ഡിസോഡറും ക്കൈ ഉണ്ടാകാം. എന്തിനോടും ഏതിനോടുമുള്ള ഭയവും ആശങ്കയുമുണ്ടാകാം. നമുക്ക് നിസ്സാരമെന്ന് തോന്നുന്നവ ഇവരുടെ ജീവിത പ്രശ്നങ്ങളായി മാറുന്ന അവസ്ഥ. അവരെ ന്യായങ്ങൾ നിരത്തി പറഞ്ഞുമനസ്സിലാക്കുന്നതിനോ ഉപദേശിക്കുന്നതിനോ മെനക്കെടണ്ട എന്ന് ചുരുക്കം. കാരണം മറ്റുള്ളവരുടെ ന്യായങ്ങൾ അവർക്ക് ദഹിക്കുകയില്ല. കുടം കമിഴ്ത്തിവെച്ച് വെള്ളമൊഴിക്കാൻ ശ്രമിക്കുന്നതുപോലെയാകും. കുട്ടികളിലും പ്രായമായവരിലും സ്ത്രീകളിലുമാണ് ഈ അവസ്ഥ കൂടുതൽ കണ്ടുവരുന്നത്. സ്ഥായിയായ വിഷാദഭാവവും, വിരക്തിയും, കുറ്റബോധവും, അമിത ക്ഷീണവും, ഗതികെട്ടവനാണെന്ന തോന്നലും, സംസാരവും, സ്വയം ശപിക്കലും, ഉറക്കക്കുറവും, ആത്മഹത്യാ ചിന്തകളുമൊക്കെയുണ്ടെങ്കിൽ വിഷാദരോഗമാണെന്ന് സംശയിക്കാം. 

പലപ്പോഴും സിനിമകളിൽ വിഷാദമോ പരാജയമോ ഉണ്ടാകുമ്പോഴാവും നായകൻ ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നതായി കാണിക്കുന്നത്. അവർ പലപ്പോഴും അതിനെ സാമാന്യവൽക്കരിച്ച് പെരുമാറുന്നത് സാധാരണ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണവരുത്താറുണ്ട്. സങ്കടങ്ങളെ മറക്കാൻ വേണ്ടിയുള്ള ഈ ശ്രമങ്ങൾ ദുശ്ശീലമായി മാറിയേക്കാം. അപ്രകാരമാകുകയാണെങ്കിൽ ചികിത്സ തേടേണ്ടതുണ്ട്. അതിൽ പണ്ഡിത പാമര വ്യത്യാസത്തിനോ സാമ്പത്തിക സന്തുലിതാവസ്ഥക്കോ ഒന്നും തന്നെ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇവരെ പ്രത്യേകമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. 

ദുരന്തങ്ങൾ എങ്ങനെ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നുവെന്ന് നമുക്ക് അറിയണം. പലർക്കും തങ്ങളുടെ വരുമാനവും മാർഗവും വസ്തുക്കളും നഷ്ടപ്പെടുന്നുവെന്നുമാത്രമല്ല കുടുംബാംഗങ്ങളുടെ നഷ്ടവും, ശാരീരിക പീഡയും, ഒറ്റപ്പെടുത്തലുകളും, സാമൂഹ്യഘടനയിലുള്ള വ്യതിയാനങ്ങളും തുടങ്ങി പ്രകൃതിതന്നെ വരുത്തുന്ന മാറ്റങ്ങളും ഇവരിൽ സ്വാധീനം ചെലുത്താറുണ്ട്. അഭയംതേടി അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരുടെ അവസ്ഥയും വിഭിന്നമല്ല. നിത്യജീവിത മാർഗ്ഗം നഷ്ടപ്പെട്ടവർക്ക് തങ്ങളുടെ വ്യക്തിത്വം തന്നെയാണ് നഷ്ടപ്പെട്ടതെന്ന് മറന്നുകൂടാ. അസാധാരണമായ പെരുമാറ്റവും സാമൂഹികവും ഔദ്യോഗികവുമായ കടമകൾ നിർവഹിക്കുന്നതിനുള്ള കഴിവുകുറവും ഇവർക്ക് ഉണ്ടാകാം. 

Representative Image. Photo Credit : Vichai Phububphapan
Representative Image. Photo Credit : Vichai Phububphapan

പി ടി എസ് ടി' അഥവാ 'പോസ്റ്റ്മാറ്റിക് സ്ട്രെസ് ഡിസോർഡർ
ദുരന്ത ആഘാതത്തിന് ശേഷം ഒന്നു മുതൽ മൂന്നുമാസത്തിനുള്ളിൽ തന്നെ 'പി ടി എസ് ടി' അഥവാ 'പോസ്റ്റ്മാറ്റിക് സ്ട്രസ് ഡിസോർഡർ'  പ്രത്യക്ഷപ്പെടാം. ഇത് ഒരാളുടെ സാമാന്യ ജീവിതത്തെ ഹനിക്കുമെന്ന് മാത്രമല്ല ബന്ധങ്ങളെയും തൊഴിലിനെയും തന്നെ ബാധിക്കാം. ഇത്തരക്കാർക്ക് തങ്ങൾ കടന്നുപോയ കാഴ്ചകളും അനുഭവങ്ങളും അതേപോലെതന്നെ പുനരാവിഷ്കരിച്ച് അനുഭവപ്പെടുന്ന അവസ്ഥ പലപ്പോഴുമുണ്ടാകുന്നു. ഒരു സിനിമതന്നെ പലവട്ടം കാണുന്ന അവസ്ഥ പോലെ വർണ്ണനാതീതമായ ദുരനുഭവം തന്നെയാണ് ഇവർക്കുണ്ടാകുക.  ഇതാണ് ഈ അവസ്ഥയുടെ പ്രത്യേകത. 

ദുരന്തസ്ഥലം സന്ദർശിക്കുന്നത് പോലും ഇവർക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. പലപ്പോഴും നശീകരണ പ്രവർത്തനങ്ങളും സാഹസികതയുമൊക്കെ പ്രകടമാക്കിയേക്കാം. കുട്ടികളിൽ ഈ അവസ്ഥ നാടകീയമായിരിക്കും. ഭയവും ഉറക്കത്തിൽ ഞെട്ടി ഉണർന്ന് കരയുന്നതും, മാതാപിതാക്കളെ പിരിഞ്ഞ് ഒരു നിമിഷം പോലുമിരിക്കാൻ സാധിക്കാത്തതും, കിടക്കയിൽ മൂത്രവിസർജനം ചെയ്യുന്നതും, ഊമയായി ഇരിക്കുന്നതും, ഓർമ്മ നഷ്ടപ്പെട്ട് നടക്കാൻ പോലുമറിയാത്ത അവസ്ഥയും ഇവരിൽ ഉണ്ടായേക്കാം. ഇത്തരം അവസ്ഥയ്ക്ക് വിദഗ്ധമായ ചികിത്സ തേടേണ്ടത് ഉണ്ട്. മറ്റേതൊരു ശാരീരിക രോഗം പോലെ തന്നെ ഈ മാനസിക പ്രശ്നങ്ങളെയും കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. അതുകൊണ്ട്  ശാസ്ത്രീയമായ ചികിത്സ തേടുകതന്നെയാണ് വേണ്ടത്.

വാൽ കഷണം 
തലച്ചോർ സംബന്ധമായ അസുഖം മൂലം കേൾവി നഷ്ടപ്പെട്ട ഒരാൾ ടിവിയിലൂടെ ദുരന്ത ദൃശ്യങ്ങൾ കാണുകയും സ്ക്രോളുകൾ വായിക്കുകയും ചെയ്തപ്പോൾ ആർമിയിലുള്ള തന്റെ മകനെ ഓർത്ത് വിഷമിച്ച് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയുണ്ടായി. ദുരന്തം അനുഭവിക്കുന്നവർക്ക് മാത്രമല്ല അതിനെ അനുഭാവപൂർവ്വം വീക്ഷിക്കുന്ന മനോബലം കുറഞ്ഞവരെ പോലും അത് അസ്വസ്ഥതപ്പെടുത്തും. സമാന സാഹചര്യങ്ങളിൽ ജീവിക്കുന്നവർ, ദുരന്തത്തിൽ നേരിട്ട് ഇടപെട്ടവർ, ദൃക്സാക്ഷികൾ, അപകടകരമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ബന്ധുക്കൾ തുടങ്ങിയവർക്കുവരെ ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. മേൽപ്പറഞ്ഞ മനോരോഗം ഇത്തരക്കാരിലും ഉണ്ടാകാമെന്ന് സാരം. കൂടാതെ മറ്റു മനോരോഗമുള്ളവർക്ക് അത് മൂർച്ഛിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ദുരന്തബാധിതരെ പോലെ തന്നെ ചികിത്സയും പരിചരണവും ഇവർക്കും വേണമെന്ന് സാരം.

ലേഖിക കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ആണ്

English Summary:

Understanding the Psychological Impact of Natural Disasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com