ADVERTISEMENT

ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുള്ളവരാണ്‌ നാം ഓരോരുത്തരും. ചിലര്‍ക്ക്‌ അത്‌ തൊഴിലിന്റെ ഭാഗമായി ചെയ്യേണ്ടി വരാം. മറ്റു ചിലര്‍ക്കാകട്ടെ വ്യക്തിജീവിതത്തിന്റെ ഭാഗമാകും തര്‍ക്കങ്ങള്‍. ഈ വാദപ്രതിവാദത്തില്‍ നമ്മുടെ ഭാഗം വിജയിപ്പിച്ചെടുക്കേണ്ടത്‌ ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ നിലനില്‍പ്പിന്‌ തന്നെ ആവശ്യമായി വന്നേക്കാം.

ശരിതെറ്റുകളല്ല മറിച്ച്‌ മനശാസ്‌ത്രപരമായ ചില സമീപനങ്ങളാണ്‌ വാദപ്രതിവാദങ്ങളില്‍ ആരുടെ ഭാഗമാണ്‌ ഒടുവില്‍ ജയിക്കുകയെന്ന്‌ നിര്‍ണ്ണയിക്കുക. ഏത്‌ തര്‍ക്കവും ജയിക്കാന്‍ സഹായിക്കുന്ന ചില മനശാസ്‌ത്ര സമീപനങ്ങള്‍  അവതരിപ്പിക്കുകയാണ്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം:

1. സോക്രട്ടീസിന്റെ വഴി
ഗ്രീക്ക്‌ തത്വചിന്തകന്‍ സോക്രട്ടീസ്‌ വികസിപ്പിച്ച ഒരു വാദപ്രതിവാദ രീതിയുണ്ട്‌. നിങ്ങള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നയാളോട്‌ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിക്കുക. നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യവുമായി ചേര്‍ന്ന്‌ പോകുന്ന ഉത്തരങ്ങള്‍ ലഭിക്കുമെന്ന്‌ ഉറപ്പുള്ള ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാവൂ. നിങ്ങളുടെ വാദഗതി നിങ്ങളുടെ എതിരാളിയുടെ വായില്‍ നിന്ന്‌ തന്നെ പുറത്ത്‌ വരും എന്നതാണ്‌ ഈ രീതിയുടെ ഗുണം. 

2. തെറ്റായ തിരഞ്ഞെടുപ്പ്‌
നിങ്ങള്‍ വാദപ്രതിവാദം നടത്തുന്ന വിഷയത്തിനോ സന്ദര്‍ഭത്തിനോ പരിഹാരമായി രണ്ടേ രണ്ട്‌ വഴികള്‍ മാത്രമേ മുന്നിലുള്ളൂ എന്ന മട്ടില്‍ കാര്യങ്ങളെ അവതരിപ്പിക്കുക. യഥാര്‍ത്ഥത്തില്‍ ഈ രണ്ട്‌ വഴികളും അല്ലാത്ത പല  പരിഹാരങ്ങളും  അതിനുണ്ടാകും. പക്ഷേ, നിങ്ങള്‍ക്ക്‌ അനുകൂലമായി വരുന്ന രണ്ട്‌ പരിഹാരമാര്‍ഗ്ഗങ്ങളില്‍ ഒന്ന്‌ തിരഞ്ഞെടുക്കാന്‍ എതിര്‍വശത്ത്‌ നിങ്ങള്‍ക്കുന്നയാളെ പ്രേരിപ്പിക്കും വിധം കാര്യങ്ങള്‍ അവതരിപ്പിക്കുക. 

3. വൈകാരികമായി നേരിടാം
മനുഷ്യര്‍ അടിസ്ഥാനപരമായി വികാരജീവികളാണ്‌. പല സമയത്തും നമ്മുടെ വിചാരങ്ങളല്ല മറിച്ച്‌ വികാരങ്ങളാണ്‌ നമ്മെ നയിക്കുക. തര്‍ക്കിക്കുന്നയാളുമായി വൈകാരികമായ തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ കാര്യത്തിലെ യുക്തിയും ന്യായങ്ങളുമെല്ലാം മറന്ന്‌ നിങ്ങളുടെ ഭാഗം സമ്മതിക്കാന്‍ എതിരാളി തയ്യാറായെന്ന്‌ വരാം. 

4.  ശ്രദ്ധ തിരിക്കാം 
തര്‍ക്കിക്കുന്ന വിഷയവുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളെ ഇടയിലേക്ക്‌ വലിച്ചിട്ട്‌ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന്‌ ശ്രദ്ധ തിരിക്കുന്ന രീതിയും അവലംബിക്കാം. യഥാര്‍ത്ഥ പ്രശ്‌നത്തെ മറന്ന്‌ താത്‌ക്കാലികമായി നിങ്ങളോട്‌ യോജിക്കാന്‍ എതിര്‍ഭാഗത്തുള്ളയാള്‍ ഇത്‌ വഴി തയ്യാറായേക്കാം. 

5. നിശ്ശബ്ദമായിരിക്കാം
നിങ്ങളുടെ എതിരാളി കാപട്യത്തോടെ നിരന്തരം കള്ളമാണ്‌ പറയുന്നതെന്ന്‌ തോന്നിയാല്‍ തര്‍ക്കിക്കുന്നതിന്‌ പകരം നിശ്ശബ്ദമായി ഇരിക്കുന്നതാണ്‌ മികച്ച നയതന്ത്രം. ഇത്‌ അവരെ അസ്വസ്ഥരാക്കുകയും അവര്‍ കാര്യങ്ങളെ അമിതമായി വിശദീകരിച്ച്‌ ഒടുവില്‍ അവരുടെ കള്ളി വെളിച്ചത്താകുകയും ചെയ്യും. 

6. സ്വഭാവഹത്യ
സിനിമകളിലെ കോടതി രംഗങ്ങളില്‍ പലപ്പോഴും കാണുന്ന ഒരു രീതിയാണ്‌ ഇത്‌. തര്‍ക്കിക്കുന്ന കാര്യം വിട്ട്‌ എതിരാളിയുടെ സ്വഭാവത്തെയും കുറവുകളെയും ലക്ഷ്യം വയ്‌ക്കുന്ന വാദപ്രതിവാദ രീതി അവരെ മാനസികമായി തകര്‍ക്കും. വാദിക്കുന്ന വിഷയത്തില്‍ നിന്ന്‌ അവരുടെ ശ്രദ്ധ തിരിഞ്ഞ്‌ പോകാനും ഇത്‌ സഹായിക്കും. 

7. ശരീരഭാഷ അനുകരിക്കാം
വാദത്തില്‍ എതിരാളിയുടെ ശരീരഭാഷയും സംസാരശൈലിയും ടോണും അനുകരിക്കുന്നത്‌ അവരും നിങ്ങളും തമ്മില്‍ ഒരു മാനസിക ബന്ധം സ്ഥാപിക്കാന്‍ സഹായിക്കും. നിങ്ങളുടെ വാദഗതി ഒടുവില്‍ അവര്‍ സമ്മതിക്കാനും ഇത്‌ മൂലം സാധ്യതയുണ്ട്‌. 

8. പരസ്‌പര ബന്ധമില്ലാത്ത വാദം
ഒരു വാദത്തില്‍ നിങ്ങള്‍ തോല്‍ക്കുമെന്ന്‌ ഉറപ്പായാല്‍ പ്രയോഗിക്കാവുന്ന ഒരു അടവാണ്‌ ഇത്‌. ഉത്തരം മുട്ടുമ്പോള്‍ കാര്യങ്ങളെ കൂടുതല്‍ വഷളാക്കാന്‍ മറ്റൊരു വാദഗതി മുന്നോട്ട്‌ വയ്‌ക്കുക. അതിനോട്‌ അനുബന്ധിച്ച്‌ അടുത്തത്‌ എന്ന മട്ടില്‍ തര്‍ക്കത്തെ മൊത്തത്തില്‍ വഴി തിരിച്ച്‌ വിട്ട്‌ ഒരു പരിഹാരവുമില്ലാത്ത അവസ്ഥയില്‍ എത്തിക്കുക. 

9. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാളുടെ അഭിപ്രായം
രണ്ട്‌ പേര്‍ തമ്മില്‍ തര്‍ക്കിക്കുമ്പോള്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന മൂന്നാമത്‌ ഒരാളുടെ അഭിപ്രായം ചോദിക്കാം. ഈ മൂന്നാമത്തെയാള്‍ ആ വിഷയത്തിലെ വിദഗ്‌ധന്‍ അല്ലെങ്കില്‍ പോലും നിങ്ങള്‍ക്ക്‌ അനുകൂലമായ അഭിപ്രായം പറയുമെന്ന്‌ തോന്നിയാല്‍ അയാളെ കൊണ്ട്‌ സംസാരിപ്പിച്ച്‌ കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ അനുകൂലമായി തിരിച്ചു വിടാം. 

10. വളച്ചൊടിക്കാം
എതിരാളിയെ വാക്കുകള്‍ കൊണ്ട്‌ ആക്രമിക്കാന്‍ കഴിയുന്ന വിധം അവരുടെ വാദങ്ങളെ വളച്ചൊടിക്കുന്നതും ഒരു വാദപ്രതിവാദ രീതിയാണ്‌. മറ്റേയാളുടെ വാക്കുകളെ പോലും തനിക്ക്‌ അനുകൂലമാക്കി മാറ്റുന്ന കൗശലമാണ്‌ ഇത്‌. 

English Summary:

Secret Psychological Hacks to Gain the Upper Hand in Any Argument

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com